ബാബരി ദിനത്തിൽ 'തിരുത്ത്' സ്മരണയുമായി എൻ.എസ് മാധവൻ
text_fields'തിരുത്ത്' എന്ന ചെറുകഥ എൻ.എസ് മാധവൻ എഴുതുന്നത് 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെട്ടതിെൻറ പശ്ചാത്തലത്തിലാണ്. അന്ന് ഉത്തരേന്ത്യയിലെ ഒരു ഇംഗ്ലീഷ് പത്രത്തിെൻറ വാർത്താമുറിയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് കഥയിൽ. മുഖ്യപത്രാധിപർ എഴുപതുകാരനായ ചുല്യാറ്റ് ആ ദിവസവും പനിയുടെ പിടിയിലായിരുന്നു. അദ്ദേഹം പോയതോടെ വാർത്താവിഭാഗത്തിെൻറ ചുമതല സുഹ്റ എന്ന സബ്എഡിറ്റർക്കായിരുന്നു. മുസ്ലിമായ താൻ മുഖ്യവാർത്തക്ക് എന്ത് തലക്കെട്ടിടും എന്ന ചിന്ത സുഹ്റയെ വേട്ടയാടി. അവൾ 'തർക്ക മന്ദിരം തകർത്തു' എന്ന് തലക്കെട്ടിട്ടു. ചുല്യാറ്റ് പോയത് മുസ്ലിംകളായ ഡോക്ടർ ദമ്പതിമാരുടെ അടുത്തേക്കാണ്. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിെൻറ സഹതാപം അറിയിക്കുന്ന ആളുകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയായിരുന്നു ഡോക്ടർമാർ. എന്നിട്ടും ഒന്നും സംഭവിക്കാത്ത പോലെ ചുല്യാറ്റിനെ അവർ ചികിൽസിച്ചു. അദ്ദേഹം ഉടൻ തന്നെ പത്രം ഒാഫിസിലേക്ക് തിരിച്ചു. അവിടെ പിറ്റേന്നത്തെ പത്രം അച്ചടിക്കാൻ കാത്തുകിടക്കുകയായിരുന്നു. പ്രധാനവാർത്തയുടെ തലക്കെട്ട് കണ്ട ചുല്യാറ്റ് ദേഷ്യത്തോടെ പേനയെടുത്ത് തലക്കെട്ട് വെട്ടിമാറ്റി. എന്നിട്ട് ഇങ്ങനെ തിരുത്തി, 'ബാബരി മസ്ജിദ് തകർത്തു'. ഫാഷിസം പത്തി വിടർത്തിയാടുന്ന കാലത്ത് എപ്പോഴും അസുഖബാധിതരാകുന്ന പത്രാധിപൻമാരെയും ഫാഷിസ്റ്റുവത്കരിക്കപ്പെടുന്ന മാധ്യമങ്ങളെയും എൻ.എസ് മാധവൻ വരച്ചിടുകയായിരുന്നു.
കഥ, രാഷ്ട്രീയം, എഴുത്തുകാർ
പേര് പോലെ തന്നെ നാൽപത് തവണയെങ്കിലും തിരുത്തിയെഴുതിയാണ് 'തിരുത്ത്' എന്ന െചറുകഥ പൂർത്തിയാക്കിയത്. രചനകളിൽ രാഷ്ട്രീയം വേണമെന്ന് മുൻവിധിയില്ല. ഗുജറാത്ത് കലാപത്തിന് ശേഷമാണ് 'നിലവിളി' എന്ന ചെറുകഥയെഴുതുന്നത്. കലാപത്തിെൻറ ആയിരക്കണക്കിന് മുസ്ലിം ഇരകളുടെ പ്രതീകമാണ് കുത്തുബ്ദീൻ അൻസാരി. മലയാളികൾക്ക് പോലും അയാളുടെ പേര് സുപരിചിതമായത് ആ കഥക്ക് ശേഷമാണ്. കുടുംബവുമായി സന്തോഷത്തോടെ ശാന്തമായ ജീവിതം നയിച്ച അയാളുെട ജീവിതം ദിവസങ്ങൾ കൊണ്ട് കീഴ്മേൽ മറിയുകയായിരുന്നു.
ഡൽഹി പ്രസ്ക്ലബിൽ വച്ചാണ് കുത്തുബ്ദീനെ ആദ്യമായി കാണുന്നത്. അയാളുെട വേദന കേട്ടപ്പോൾ അത്ഭുതവും ആശ്ചര്യവും തോന്നി. ഇത്തരത്തിലുള്ള മനുഷ്യാവസ്ഥയാണ് കഥകളിൽ പറയുന്നത്. പിന്നീടാണ് അതിൽ രാഷ്ട്രീയം വരുന്നത് തന്നെ. ആവിഷ്കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുേമ്പാൾ എതിർശബ്ദമുയർത്താൻ എഴുത്തുകാർക്ക് പരിമിതിയുണ്ട്. കേരളത്തിൽ കൂടുതൽ സ്വാതന്ത്ര്യമുണ്ട്. ഇതറിയണമെങ്കിൽ മറ്റിടങ്ങളിൽ സഞ്ചരിക്കണം. പ്രതികരിച്ചാൽ ഏതൊക്കെ രൂപത്തിൽ ആയിരിക്കും ആഘാതമുണ്ടാവുക എന്ന ഭയം എഴുത്തുകാർക്കുണ്ട്. പ്രത്യാഘാതം വേറെ രൂപത്തിൽ വരാനാണ് സാധ്യത. ഗൗരിലേങ്കഷിന് ജീവൻ തന്നെയാണ് നഷ്ടമായത്. കേരളം, തമിഴ്നാട്, കർണാടക, ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് ഫാഷിസത്തിനെതിരെയുള്ള പച്ചത്തുരുത്തുകൾ തീർക്കുന്നത്. ഹിന്ദിമേഖലയിൽ ഇതല്ല സ്ഥിതി. പണ്ടെങ്ങുമില്ലാത്ത തരത്തിൽ മതത്തിെൻറ പേരിൽ ധ്രുവീകരണം നടക്കുന്നുണ്ട്. എന്നാൽ ഇതിെൻറ മറുവശം കാണാതിരുന്നുകൂടാ. പുതിയ തലമുറ മാറിയാണ് ചിന്തിക്കുന്നത്. മതവും ജാതിയുമൊന്നും നോക്കാതെയാണ് അവർ സുഹൃദ്ബന്ധങ്ങൾ ഉണ്ടാക്കുന്നത്. പണ്ട് ഇങ്ങനെയായിരുന്നില്ല.
ബാബ്രി മസ്ജിദ്, വടക്കേ ഇന്ത്യയുടെ പ്രതിരോധം
ബാബ്രി മസ്ജിദിനെ തർക്കമന്ദിരം എന്ന് പേരിട്ട് പള്ളിപൊളിച്ചതിനെ മാധ്യമങ്ങൾ വരെ ലഘൂകരിച്ചപ്പോഴാണ് 'തിരുത്ത്' ചെറുകഥയിലൂടെ എൻ.എസ് മാധവൻ സാഹിത്യലോകത്ത് നിന്ന് ആദ്യമായി മറുഇടപെടൽ നടത്തിയത്. തർക്കമന്ദിരം അല്ല, ബാബ്രി മസ്ജിദ് എന്ന് തന്നെ അദ്ദേഹം കഥയിൽ തിരുത്തി. എഴുത്തുകാരൻ ആദ്യമേ ആക്ടിവിസ്റ്റ് ആവുകയല്ല ചെയ്യുന്നതെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. എഴുത്തിൽ താൻ ഒരിക്കലും ഒരു നിലപാടെടുക്കൽ നടത്തിയിട്ടില്ല. കഥാപാത്രമാണ് നിലപാട് സ്വീകരിക്കുന്നത്. എന്നാൽ അത്തരത്തിലുള്ള ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നതാണ് യഥാർത്ഥ നിലപാട്. ജീവിതത്തിൽ നേരിട്ട് കിട്ടുന്ന അനുഭവമാണ് പ്രധാനം. അയോധ്യക്ക് 300 കിലോമീറ്റർ ദൂരത്താണ് ബാബ്രി മസ്ജിദ് തകർക്കെപ്പട്ടപ്പോൾ താൻ ജീവിച്ചിരുന്നത്. കേരളത്തിൽ ഇരുന്ന് ചിന്തിച്ചാൽ ബാബരി ധ്വസനം ഭാവനക്കും അതീതമാണ്. വാസ്തവം തൊട്ടറിയാത്തതിനാലാണ് എഴുത്തുകാർക്ക് ആ രൂപത്തിൽ നിലപാടെടുക്കാൻ പറ്റാത്തത്.
40 വർഷം താൻ വടക്കേ ഇന്ത്യയിലാണ് ജീവിച്ചത്. കൂടുതൽ ചരിത്രസംഭവങ്ങളും ഉണ്ടായത് വടക്കേ ഇന്ത്യയിലാണ്. കേരളം ഒരു കാലത്തും ഒരു യുദ്ധം അനുഭവിച്ചിട്ടില്ല. 1799ൽ ടിപ്പുവിെൻറ കാലം മാത്രമാണ് കേരളത്തിനുള്ളത്. എന്നാൽ 1947ലെ വിഭജനം കണ്ടവരാണ് വടക്കേ ഇന്ത്യക്കാർ. അരുതായ്മകൾക്കെതിരെയും ഭരണകൂട ഭീകരതക്കെതിരെയും ഫലപ്രദമായി പ്രതിരോധം തീർക്കുന്നത് അവരാണ്. അവർ അത് തെളിയിച്ചതുമാണ്. അടിയന്തരാവസ്ഥ കഴിഞ്ഞയുടൻ നടന്ന തെരഞ്ഞെടുപ്പിൽ കേരളം കോൺഗ്രസിനെ വീണ്ടും ജയിപ്പിച്ചു. എന്നാൽ ബീഹാറിലെ നിരക്ഷരകുക്ഷികൾ ഒറ്റ സീറ്റുപോലും കോൺഗ്രസിന് നൽകിയില്ല. ബുദ്ധിമുട്ടുള്ള കാലത്തിലൂടെ നടന്നതിെൻറ അനുഭവമാണ് അവർക്കുണ്ടായിരുന്നത്. പശുവിെൻറ മുഴുനീള ചിത്രമുള്ള പരസ്യം നൽകി ബി.ജെ.പി വൻ ധ്രുവീകരണത്തിനാണ് 2015ലെ ബീഹാർ തെരഞ്ഞെടുപ്പിൽ ശ്രമിച്ചത്. എന്നിട്ടും അവിടെ ബി.ജെ.പിയെ തോൽപിക്കാൻ ജനം ബുദ്ധി കാണിച്ചു.
സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും അപ്പുറമാണ് രാഷ്ട്രീയം. അതാണ് കേരളവും വടക്കേ ഇന്ത്യയും തമ്മിലുള്ള വ്യത്യാസം. കേരളവും ബീഹാറും താരതമ്യം നടത്താൻ പോലും കഴിയില്ല. ബീഹാറിൽ വയനക്കാരേ ഇല്ല. എന്നിട്ടും അവർ കിട്ടുന്ന സന്ദർഭത്തിൽ രാഷ്ട്രീയമായി വൻപ്രതികരണം നടത്തുന്നു. 45 കോടി ആളുകളാണ് ഹിന്ദി സംസാരിക്കുന്നത്. ഇവരാണ് ഭരിക്കുന്നത്. ഇവരുടെ ഭക്ഷണം, ഭാഷ, വസ്ത്രം എന്നിവയൊക്കെ അടിച്ചേൽപ്പിക്കാനാണ് ശ്രമം. ഇതിനെതിരെ രാഷ്ട്രീയ ലബോറട്ടറികൾ തീർക്കുന്നത് വടക്കേ ഇന്ത്യയിലാണ്. കേരളത്തിൽ മാറിമാറി വലതും ഇടതും വരികയാണല്ലോ ചെയ്യുന്നത്. ഫാഷിസ്റ്റ് ഭരണത്തിെൻറ ലക്ഷണങ്ങൾ മോദി ഭരണത്തിൽ കാണാൻ കഴിയും. ഇതിന് സ്വാഭാവികമായ അന്ത്യമുണ്ടാകും. എന്നാൽ മോദി ഭരണത്തിന് അവസാനമാകുന്നുവെന്ന് കരുതാനാകില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പുതിയ മുന്നേറ്റം പ്രതീക്ഷ നൽകുന്നുണ്ട്.
ഒാർമകൾ ഇല്ലാതാകുന്നതാണ് ഫാഷിസത്തിെൻറ വളം
ഏതെങ്കിലും വിഭാഗത്തിെൻറ വികാരം വ്രണപ്പെടുന്നതുകൊണ്ടല്ല പല വിഷയങ്ങളിലും സംഘ്പരിവാർ ഇടപെടുന്നത്. ഫാഷിസ്റ്റുകളുടെ രാഷ്ട്രീയവികാരമാണ് വ്രണപ്പെടുന്നത്. അതാണ് അവരെ ഭയപ്പെടുത്തുന്നതും. പത്മാവതിയിലും താജ്മഹലിലും ഒക്കെ അവരുടെ രാഷ്ട്രീയത്തിനാണ് ഇളക്കം തട്ടുന്നത്. 'പത്മാവതി' സിനിമാവിവാദത്തിലും അതാണ് സംഭവിച്ചത്. എഴുത്തുകാരുടെയും എതിർക്കുന്നവരുടേയും തലക്ക് വിലയിടുകയാണവർ. ഒാർമകൾ നശിപ്പിക്കുകയാണ് ഫാഷിസം ആദ്യം ചെയ്യുന്നത്. അതിലാണ് അവരുടെ വിജയം. ബാബ്രി മസ്ജിദ് പൊളിച്ചതിന് ശേഷം പുതിയ ഒരു തലമുറ കൂടി വന്നു. ബാബരിയുടെ ഒാർമകൾ എത്രപെെട്ടന്നാണ് മായ്ക്കെപ്പടുന്നത്. അതിെൻറ ഒാർമകൾ നിലനിർത്താൻ പോലും ശ്രമിക്കുന്നില്ല. എന്നാൽ ഹിറ്റ്ലറുടെയും നാസി ജർമനിയുടെയും ചരിത്രം വലിയ പാഠങ്ങളായി പുസ്തകങ്ങളിൽ ഉണ്ട്. പുതിയ കുട്ടികൾ അത് പഠിക്കുന്നു. ഫാഷിസത്തിെൻറ ദുരന്തങ്ങൾ പുതുതലമുറ അങ്ങിെന മനസിലാക്കിക്കൊണ്ടേയിരിക്കണം. മുഗളസാമ്രാജ്യത്തിെൻറ ചരിത്രമില്ലാത്ത ഒരു ഇന്ത്യയില്ല. ഒരു കാലത്തും എഴുത്തുകാർ ഫാഷിസത്തിനെതിരെ ഇന്ത്യയിൽ കൃത്യമായ പ്രതിരോധം തീർത്തിട്ടില്ല.
അടിയന്തരാവസ്ഥയെ അന്നത്തെ പ്രധാന സാഹിത്യകാരനായ അമൃത പ്രീതം, ഹരിവൻഷ്റായി ബച്ചൻ (അമിതാഭ് ബച്ചെൻറ അഛൻ) എന്നിവർ പിന്തുണക്കുകയാണ് ചെയ്തത്. മുൾക് രാജ് ആനന്ദ് ആകെട്ട മൗനം പാലിച്ചു. എഴുത്തുകാരെൻറ പ്രതിരോധം വളരെ അപൂർവമായാണ് സംഭവിക്കുന്നത്. മിക്കവാറും പേർ മൗനികളാണ്. പെരുമാൾ മുരുകെൻറ കൃതി മുമ്പ് തെന്ന ഇറങ്ങിയതാണ്. അതിെൻറ രണ്ടാം പതിപ്പ് വന്നപ്പോഴാണ് പ്രശ്നം ഉണ്ടാക്കുന്നത്. അദ്ദേഹത്തിന് എഴുത്ത് തന്നെ നിർത്തേണ്ടിവന്നു. എഴുത്തുകാരെൻറ ആത്മഹത്യയിരുന്നു അത്. ഭരണകൂടം പ്രതിസന്ധിയിലാകുേമ്പാഴാണ് പുതിയ വിവാദങ്ങൾ ഉണ്ടാകുന്നത്. അടുത്തകാലത്ത് അമിത്ഷായുടെ മകനുമായി ബന്ധപ്പെട്ട വൻവാർത്ത 'ദി വയർ' പുറത്തുവിട്ടതിന് ശേഷമുള്ള ദിനങ്ങളിലാണ് പുതിയ വിവാദം ഉണ്ടായത്. ജനങ്ങളുടെ ഒാർമകളെ മറപ്പിക്കുകയാണ് ഫാഷിസ്റ്റ് തന്ത്രം.
മതംമാറ്റം, ഹാദിയ, മാധ്യമങ്ങൾ
മതംമാറ്റത്തിൽ വ്യക്തികളുടെ സ്വാതന്ത്ര്യം തന്നെയാണ് പ്രധാനം. ഹാദിയയുടെ ഭർത്താവ് തീവ്രവാദിയാണെങ്കിൽ കുറ്റം തെളിയിക്കെപ്പട്ടാൽ അയാളെ അറസ്റ്റ് ചെയ്യെട്ട. ഗോഡ്സെ കല്ല്യാണം കഴിച്ചയാളായിരുന്നു. തീവ്രവാദിയെ കല്ല്യാണം കഴിക്കാൻ പാടില്ല എന്ന് ആർക്കും നിർബന്ധിക്കാനാവില്ല. എത്രയൊക്കെ സമ്മർദങ്ങൾ ഉണ്ടായിട്ടും ജനക്കൂട്ടത്തിന് മുന്നിലും കോടതിക്ക് മുന്നിലും തെൻറ നിലപാട് സേങ്കാചമില്ലാതെ തുറന്നുപറയാൻ ഹാദിയ കാണിച്ച ചങ്കൂറ്റം മാതൃകാപരമാണ്. നിലപാടിൽ ഉറച്ചുനിൽക്കുക എന്ന കാര്യത്തിൽ പുതിയ തലമുറക്ക് ഹാദിയയിൽ മാതൃകയുണ്ട്. ഹാദിയ സംഭവത്തിൽ കേരളത്തിൽ മതധ്രുവീകരണം ഉണ്ടായിട്ടില്ല. ഹാദിയയുടെ മാതാവിെൻറ അഭിപ്രായം കേരളത്തിെൻറ മധ്യവർഗസ്ത്രീകളെ പ്രതിനിധീകരിക്കുന്നുമില്ല. സ്വന്തം മകളെ പറ്റിയുള്ള മാതാപിതാക്കളുടെ മനോവിഷമം തിരിച്ചറിയണം. എന്നാൽ ഏതൊക്കെയോ ആളുകൾ പറയുന്നത് വിളിച്ചുപറയുകയാണ് ഇപ്പോൾ അവർ ചെയ്യുന്നത്. കേരളത്തിൽ സർക്കാറിനെതിരെയെങ്കിലും മാധ്യമങ്ങൾക്ക് എഴുതാൻ സാധിക്കുന്നു. എന്നാൽ ഇംഗ്ലീഷ് പത്രങ്ങളാകെ വർഗീയവത്കരിക്കപ്പെടുകയോ കുത്തകവത്കരിക്കെപ്പടുകയോ ചെയ്തിരിക്കുന്നു. ഇന്ത്യൻഎക്സ്പ്രസ് പത്രം അടിയന്തരാവസ്ഥക്കെതിരെ നിരന്തരം എതിർശബ്ദമുയർത്തി. എന്നാൽ ഇന്ന് ഫാഷിസ്റ്റ് കാലത്ത് മാധ്യമങ്ങൾ എതിർശബ്ദം ഉന്നയിക്കുന്നേയില്ല. 'ദി വയർ' പോലുള്ള ഒാൺലൈൻ മാധ്യമങ്ങളാണ് മറുവാർത്തകൾ കൊടുക്കുന്നത്. ഇതിലാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.