അവരുടെ കണ്ണിലെ കരടാണ് ഞാൻ: സച്ചിദാനന്ദൻ
text_fieldsമലയാളത്തിൽ മാത്രമല്ല ഇന്ത്യൻ പരിസരത്തും സച്ചിദാനന്ദൻ എന്ന കവിയുടെ, ചിന്തകെൻറ, നിരൂപകെൻറ ഇടപെടലുകൾ സജീവവും സവിശേഷവുമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. നവീനവും സമകാലികവുമായ ഭാവുകത്വാനുഭവമാണ് അദ്ദേഹം എന്നും നമുക്ക് സമ്മാനിച്ചത്. സച്ചിദാനന്ദൻ മലയാളഭാഷയിൽ കവിത എഴുതുന്നു എന്നത് മലയാളത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്. കവിതയുടെ സാർവലൗകികവും എന്നാൽ സവിശേഷവുമായ അനുഭവത്തെയാണ് സച്ചിദാനന്ദൻ കവിതകൾ ആവിഷ്കരിക്കുന്നത്. അത് ദേശത്തിെൻറ ആത്മാവിലേക്കും പ്രാദേശികമായ വൈവിധ്യങ്ങളിലേക്കും ആണ്ടുപോകുന്നു. നീതിയുടെ വെളിച്ചം ഇനിയും കടന്നുചെല്ലാത്ത ഓരങ്ങളിലേക്ക് അത് വെട്ടവുമായി സഞ്ചരിക്കുന്നു.
മലയാളത്തിെൻറ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചിരിക്കുകയാണല്ലോ. ഇതിനെതിരെ പ്രതിലോമശക്തികൾ ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. എങ്ങനെ വിലയിരുത്തുന്നു ഇൗ സാഹചര്യത്തെ?
പുരസ്കാരത്തിൽ സന്തോഷമുണ്ട്. അത് എഴുത്തച്ഛെൻറ പേരിലായതുകൊണ്ട് പ്രത്യേകിച്ചും. എെൻറ ആദ്യത്തെ കാവ്യാനുഭവം എഴുത്തച്ഛെൻറ അധ്യാത്മരാമായണം വായനയാണെന്ന് ഞാൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വാക്കുകളുടെ സൂര്യകോടിപ്രഭ എന്തെന്ന് ഞാൻ അങ്ങനെ കുട്ടിക്കാലത്തേ അനുഭവിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന എെൻറ ആദ്യകവിത ‘എഴുത്തച്ഛനെഴുതുമ്പോൾ’ എന്നതായിരുന്നു. പിന്നീട് കേരളത്തിൽ തിരൂരും മദ്രാസ്, ബനാറസ് സർവകലാശാലകളിലും എഴുത്തച്ഛനെ ഭക്തിപ്രസ്ഥാന പശ്ചാത്തലത്തിൽവെച്ച് പ്രഭാഷണം നടത്താനും ഗുജറാത്തിൽ നടന്ന രാമായണ സെമിനാറിൽ എഴുത്തച്ഛെൻറ അധ്യാത്മരാമായണത്തെ മറ്റ് രാമായണങ്ങളുമായി താരതമ്യം ചെയ്യുന്ന പ്രബന്ധം അവതരിപ്പിക്കാനും എനിക്ക് അവസരമുണ്ടായി. ഇന്ത്യയിൽ മാത്രമല്ല, പുറത്തും നടന്ന അഭിമുഖങ്ങളിലൂടെ എഴുത്തച്ഛെൻറ പ്രാധാന്യം സഹൃദയ ലോകത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
ഗുജറാത്തിലെ ഭവ്നഗറിൽ മഹുവായിൽ 2006ൽ നടന്ന സെമിനാറിൽ അവതരിപ്പിച്ച ദീർഘമായ ഇംഗ്ലീഷ് പ്രബന്ധം ‘രാമായണ ത്രൂ ദി എയ്ജസ്’ എന്ന പുസ്തകത്തിലുണ്ട് (എഡിറ്റർ: അവധേഷ് കുമാർ സിങ്, പ്രിൻറ് വേൾഡ്, ന്യൂഡൽഹി). അഞ്ചു വയസ്സു മുതൽ ഇന്നോളം പലരീതിയിൽ എഴുത്തച്ഛൻ എെൻറ കൂടെത്തന്നെ ഉണ്ടായിരുന്നു എന്നർഥം.
പുരസ്കാരത്തെ വിമർശിച്ചവർ എെൻറ കൃതികൾ വായിച്ചിട്ടില്ല. രാമായണവും വായിച്ചിട്ടില്ല എന്ന് വ്യക്തം. ഞാൻ ഹിന്ദുത്വ തീവ്രവാദികളെ എതിർക്കുന്നതിന് ഒരു പ്രധാന ഹേതുതന്നെ അവർ ഇന്ത്യൻ സംസ്കാരത്തിലെ, സംവാദ/വിവാദ പാരമ്പര്യവും വൈവിധ്യത്തോടുള്ള ആദരവും പോലുള്ള ഉത്തമമായ അംശങ്ങളുടെ എല്ലാം ശത്രുക്കളും വർണവ്യവസ്ഥയും ബ്രാഹ്മണാധികാരവും പോലെയുള്ള അതിെൻറ തിന്മകളുടെ മുഴുവൻ വക്താക്കളുമാണ് എന്നതാണ്. അവരുടെ സംഘടിത ദേശദ്രോഹത്തെയും സംസ്കാരഹത്യയെയും തുറന്നുകാട്ടുന്നതുകൊണ്ടാണ് അവർക്ക് ഞാൻ കണ്ണിലെ കരടാകുന്നത്.
ബ്രാഹ്മണിക മൂല്യവ്യവസ്ഥക്കെതിരെ ക്രിയാത്്മകമായി പ്രതികരിച്ച വലിയ മുന്നേറ്റമായിരുന്നല്ലോ ഭക്തിപ്രസ്ഥാനം. അതിെൻറ ഭാഗമായിരുന്നവരെക്കുറിച്ച്, അക്ക മഹാദേവിയെക്കുറിച്ചും ആണ്ടാളിനെക്കുറിച്ചും കബീറിനെക്കുറിച്ചുമൊക്കെ മാഷ് എഴുതിയിട്ടുണ്ട്. ഭക്തിപ്രസ്ഥാനം ഉയർത്തിയ സൗന്ദര്യ-രാഷ്ട്രീയ ബോധ്യങ്ങൾ ഇന്ന് എത്രമാത്രം പ്രസക്തമാണ്?
ഭക്തിപ്രസ്ഥാനത്തെ അടുത്ത് പഠിച്ചിട്ടുണ്ട്. അത് പ്രാഥമികമായും ഒരു കീഴാള ആത്മീയ പ്രസ്ഥാനമായിരുന്നു. അതാണ് അവരുടെ മതസമീപനത്തെ വ്യത്യസ്തമാക്കിയത്. ബ്രാഹ്മണാധിപത്യം, പുരുഷാധിപത്യം, ധനാധിപത്യം, രാജാധിപത്യം ഇവയെയെല്ലാം അവർ ചോദ്യംചെയ്തു. കൊട്ടാരത്തിലേക്ക് രാജാവ് ക്ഷണിക്കുന്നു എന്നുപറഞ്ഞ ദൂതരോട് ‘എനിക്ക് ഒരു രാജാവേ ഉള്ളൂ, അത് മുകളിലാണ്’ എന്നു മറുപടി കൊടുത്തയാളാണ് കബീർ. തമിഴിലെ തിരുമൂലർ, കന്നടയിലെ ബസവ തുടങ്ങിയവർ മുതൽ മറാഠി/ഹിന്ദിയിലെ നാമദേവൻ, തുക്കാറാം, ചോഖാമേള, കർമമേള, ഗുജറാത്തിയിലെ നരസി മേത്ത, പല ഭാഷകൾക്കും അവകാശപ്പെടാവുന്ന കബീർ, ഭക്തികവയിത്രികളായ മീരാബായ്, ബഹീനാ ബായ്, ആണ്ടാൾ, അക്കമഹാദേവി, ലാൽ ദെദ് തുടങ്ങിയവർ എല്ലാത്തരം അസമത്വങ്ങളെയും ചോദ്യംചെയ്തവരാണ്. ഉപരിപ്ലവങ്ങളായ ആചാരങ്ങളെ അവർ പരിഹസിച്ചു. ഇന്നാണെങ്കിൽ അവരെയെല്ലാം തീവ്ര ഹിന്ദുത്വവാദികൾ കൊന്നുകളഞ്ഞേനെ, ബസവവിദ്വാനായ കൽബുർഗിയെപ്പോലെ. അവരിൽ ചിലരെ വർത്തമാനകാലത്തേക്ക് ആനയിക്കുകയാണ് ഞാൻ എെൻറ ആ കവിതകളിൽ ചെയ്യുന്നത് (അവയിൽ ബുല്ലേ ഷാ പോലുള്ള സൂഫികളെക്കുറിച്ചും കവിതകളുണ്ട്. കബീർ, ലാൽ ദെദ് തുടങ്ങിയവരിലും സൂഫിസ്വാധീനം ശക്തമാണ്). തീവ്ര ഹിന്ദുത്വവാദികൾ പറയുന്നതല്ല ‘ഹിന്ദു’ പാരമ്പര്യം എന്ന് പറയുക കൂടിയാണ് ഇതിലൂടെ. മാനവസമത്വത്തിെൻറ എന്നല്ല, ജീവിസമത്വത്തിെൻറ തന്നെ സന്ദേശമാണ് ഈ കവികൾ നൽകുന്നത്. അത് എല്ലാ വ്യവസ്ഥയിലും പ്രസക്തമായ സന്ദേശമാണ്. ഒപ്പം അവർ ഒരു പുതിയ സൗന്ദര്യവ്യവസ്ഥ സൃഷ്ടിച്ചു; അനേകം പുത്തൻ കാവ്യ^സംഗീത^നൃത്തരൂപങ്ങൾ സൃഷ്ടിച്ചു. ഇന്ത്യനായി ഇന്നറിയപ്പെടുന്ന എല്ലാ രൂപങ്ങളുടെയും ഉറവിടം അവിടെ കാണാം. അഭംഗ്, കീർത്തൻ, ഭജൻ, തുമ്രി, രാംലീല, കൃഷ്ണലീല, പിന്നെ നമ്മുടെ ക്ലാസിക്കൽ നൃത്തരൂപങ്ങൾ. ഭക്തി^സൂഫി പ്രസ്ഥാനങ്ങളെ മനസ്സിലാക്കാതെ നമുക്ക് ഇന്ത്യൻ തത്ത്വചിന്ത, കവിതകൾ, കലകൾ ഒന്നും മനസ്സിലാക്കാനാവില്ല.
അസഹിഷ്ണുതയുടെ സമകാലിക ഇന്ത്യൻ അവസ്ഥക്കെതിരെ വലിയൊരു ഐക്യമുന്നണി ഉണ്ടായിട്ടുണ്ടോ. ഇല്ലെങ്കിൽ അത് എങ്ങനെ സാധ്യമാക്കാൻ കഴിയും?
ദലിതർ, ആദിവാസികൾ, മത-വംശ-ലൈംഗിക-ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, കുട്ടികൾ, എഴുത്തുകാർ ഉൾപ്പെട്ട കലാകാരന്മാർ, സ്വതന്ത്ര പത്രപ്രവർത്തകർ ഉൾപ്പെട്ട പൊതുബുദ്ധിജീവികൾ, യുക്തിവാദികളും ശാസ്ത്രജ്ഞരും ഉൾപ്പെട്ട സാമൂഹിക പരിഷ്കർത്താക്കൾ, മതപരിഷ്കർത്താക്കൾ, ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകർ, പ്രതിപക്ഷ സ്വഭാവമുള്ള എൻ.ജി.ഒകൾ എന്നിവരാണ് രാഷ്ട്രീയ ഹിന്ദുത്വത്തിെൻറ ആദ്യ ഇരകൾ. ഇവരെയെല്ലാം സ്വന്തം അജണ്ടക്ക് ഭീഷണിയായി അവർ കാണുന്നത് സ്വാഭാവികം. കാരണം ഇന്ത്യ എന്ന ആശയത്തെ, അതിെൻറ നാനാത്വത്തെ നിലനിർത്തുന്നത് ഇവരാണ്. അതുകൊണ്ട് തന്നെ ഒരു ഐക്യമുന്നണി ഉയർന്നുവരേണ്ടതും ഈ വിഭാഗങ്ങളിൽ നിന്നുതന്നെ. അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യൻ റൈറ്റേഴ്സ് ഫോറം, ദക്ഷിണായൻ, സത്, സബ്രംഗ് ഇങ്ങനെയുള്ള സംഘങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അതേസമയം, ഇവർക്കിടയിൽ ധാരാളം ആഭ്യന്തര വൈരുധ്യങ്ങളും സ്വാഭാവികമായും ഉണ്ട്. അവ മുതലെടുത്താണ് രാഷ്ട്രീയ ഹിന്ദുത്വം വളരുന്നത്. സമത്വാധിഷ്ഠിതമായ ഇന്ത്യയിൽ ഒരു കീഴാള രാഷ്ട്രീയം ഉയർന്നുവരേണ്ട സമയമാണിത്. അത് മുൻവിധികളും അധികാരമോഹങ്ങളും ഏറെയില്ലാത്ത യുവജനതയിൽനിന്നേ ഉണ്ടാകാനിടയുള്ളൂ. ഇന്നല്ലെങ്കിൽ നാളെ അതുണ്ടാവുകതന്നെ ചെയ്യും. തുറന്നുകാട്ടലിെൻറ പ്രക്രിയ ശക്തിപ്രാപിക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്. ഓൺലൈൻ പ്രസിദ്ധീകരണങ്ങളും പ്രാദേശിക പ്രതിപക്ഷ പത്ര^മാസികകളും സമൂഹമാധ്യമങ്ങളും അത് ഏറ്റെടുത്തിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ സംഘ്പരിവാറിെൻറ യുദ്ധം തോറ്റുകഴിഞ്ഞു, അത് അവരെ കൂടുതൽ വിറളിപിടിപ്പിച്ചിട്ടുണ്ട്. പലതരം നിയന്ത്രണങ്ങൾ അവയുടെ മേൽ കൊണ്ടുവരാനാണ് അവർ ഇപ്പോൾ ശ്രമിക്കുന്നത്.
ജനാധിപത്യം എന്ന ആശയം ഇന്ത്യൻ സമൂഹം എത്രമാത്രം ഉൾക്കൊണ്ടിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തുക എന്നതിനപ്പുറം ജനാധിപത്യത്തിന്റെ സത്തയെ എന്തുകൊണ്ടാണ് തിരിച്ചറിയപ്പെടാത്തത്?
ജനാധിപത്യം എന്നാൽ ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകുന്ന, അദൃശ്യരെ ദൃശ്യരാക്കുന്ന സാമാന്യജനതക്ക് സ്വന്തം വിധിയെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു വ്യവസ്ഥിതിയെന്നാണ്. ആ അർഥത്തിൽ നമ്മുടെ ജനാധിപത്യത്തിന് ഇനിയും എത്രയോ മുന്നേറാനുണ്ട്. ഇപ്പോഴും അതിനു മുകളിൽ സമ്പന്ന^സവർണ^പുരുഷ ആധിപത്യം നിലനിൽക്കുന്നു. ജനതയെ ജനാധിപത്യം എന്തെന്ന് പഠിപ്പിച്ചാൽ തങ്ങളുടെ അധീശത്വം നഷ്ടപ്പെടുമോ എന്നു ഭയക്കുന്നവരാണ് നമ്മുടെ മിക്ക പാർട്ടികളും. അതുകൊണ്ട് അവരും ജനങ്ങളെ വോട്ടുബാങ്കുകൾ മാത്രമായി നിലനിർത്താൻ ശ്രമിക്കുന്നു. ഔപചാരിക വിദ്യാഭ്യാസം നമ്മുടെ ജനതയിൽ ഒരു വലിയ വിഭാഗത്തിന് ലഭിക്കുന്നില്ല. അനൗപചാരികമായി അവരെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളും വിരളം. ജനങ്ങളിൽനിന്ന് സ്വയം ഉയർന്നുവരുന്ന പ്രസ്ഥാനങ്ങളെ എല്ലാ പാർട്ടികളും ഭയക്കുന്നതായാണ് സമീപകാലാനുഭവങ്ങൾ തെളിയിക്കുന്നത്. ഇവിടെ ജനത കുറ്റക്കാരല്ല. സത്യം അവരിൽ എത്താതിരിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. അവരുടെ മുൻകൈകൾ എല്ലാം സംശയിക്കപ്പെടുന്നു, തകർക്കപ്പെടുന്നു. എങ്കിലും അടിയന്തരാവസ്ഥയോട് പ്രതികരിച്ച കീഴാളജനതയിൽ എനിക്ക് വിശ്വാസമുണ്ട്.
ഫാഷിസം സമഗ്രാധിപത്യത്തിെൻറ സിദ്ധാന്തമായിരിക്കുമ്പോൾ തന്നെ ആൺകോയ്മയുടെ അധീശത്വത്തെയും പ്രയോഗവത്കരിക്കുന്നില്ലേ?
ഹിറ്റ്ലറുടെ കുപ്രസിദ്ധമായ ഒരു വാക്യമുണ്ട്, ‘ജനത സ്ത്രീയെപ്പോലെയാണ്, കരുത്തനായ ഒരു പുരുഷന് അത് വേഗം കീഴടങ്ങും’. ഇതിൽ സ്ത്രീയോടും ജനതയോടുമുള്ള മനോഭാവം ശ്രദ്ധിക്കുക. ഇതാണ് ഫാഷിസത്തിെൻറ സമീപനം. അവർ ‘പുരുഷത്വം’ എന്ന സങ്കൽപത്തെ ആരാധിക്കുന്നു. ദുർബലരോടുള്ള ഒരു പുച്ഛമനോഭാവമാണ് അതിലുള്ളത്. രാഷ്ട്രീയത്തിൽ നിന്ന് മൃദുലവും കരുണാധിഷ്ഠിതവുമായ എല്ലാ മൂല്യങ്ങളെയും അത് ചോർത്തിക്കളയുന്നു.
കാർക്കശ്യം, നിഷ്ഠുരത, വിട്ടുവീഴ്ചയില്ലായ്മ, നർമബോധക്കുറവ്, ചിരിക്കാതിരിക്കൽ, ദേഹാഹന്ത, ഇതെല്ലാം അതിെൻറ ലക്ഷണങ്ങൾ. ഇത് ഗാന്ധിയുടെയും മറ്റും രാഷ്ട്രീയ സദാചാരത്തിനു നേർവിപരീതമാണ്. അത്തരം മുട്ടാളന്മാർ ഭരിക്കുമ്പോൾ സ്ത്രീകൾ, കുട്ടികൾ, വിധവകൾ, വയോധികർ, രോഗികൾ, അവശർ ഇവരെയൊക്കെ നിസ്സാരരായോ ഭാരമായോ കണ്ടുതുടങ്ങുന്നു. അപ്പോൾ അവർക്കെതിരായ അക്രമങ്ങളും വർധിക്കും.
ഇന്ത്യയിൽ ഇതുവരെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ദേശീയതയും സംഘ്പരിവാർ ഇപ്പോൾ ഉയർത്തുന്ന ദേശീയവാദവും രണ്ടായി കാണേണ്ടതല്ലേ. ഹിന്ദുത്വ ദേശീയതക്ക് പുറത്തല്ലേ ഇന്ത്യയിലെ ഭൂരിപക്ഷം മനുഷ്യരും?
ദേശസ്നേഹം എന്നത് ഒരു സ്വാഭാവിക കാര്യമാണ്. ജനിച്ച ഇടത്തോടുള്ള ഒരു ആഭിമുഖ്യമാണ് അത്. ജീവികളിൽ പോലും അത് കാണും. അത് സ്നേഹത്തിൽ അധിഷ്ഠിതമാണ്. എന്നാൽ, രാഷ്ട്രീയ ഹിന്ദുത്വം ഉയർത്തിപ്പിടിക്കുന്നത് നമ്മുടെ ജനതയുടെ വലിയൊരു ഭാഗത്തെ അപരരോ വിദേശികളോ ആക്കുന്ന ഇന്ത്യയുടെ വൈവിധ്യത്തെ മുഴുവൻ ഒരു മതം (ഹിന്ദു), ഒരു വംശം (ആര്യൻ), ഒരു ഭാഷ (ഹിന്ദി) എന്നിവയിലേക്ക് വെട്ടിച്ചുരുക്കുന്ന തികച്ചും വ്യാജനിർമിതവും വിദ്വേഷ പ്രചോദിതവും വിപത്കരവുമായ പ്രത്യയശാസ്ത്രമാണ്. തങ്ങളുടെ സങ്കൽപത്തിലുള്ള ഒരിന്ത്യയെ-ഇതിന് ഇന്ത്യയെക്കുറിച്ചുണ്ടായിരുന്ന കൊളോണിയൽ സങ്കൽപവുമായാണ് ബന്ധം-പ്രതീകങ്ങളും അനുഷ്ഠാനങ്ങളും നിയമങ്ങളും വഴി പൗരരിൽ അടിച്ചേൽപിക്കാനാണ് അവർ ശ്രമിക്കുന്നത്. ഈ ദേശീയവാദത്തെയാണ് ടാഗോറും ഗാന്ധിയും അപകടകരമായി കണ്ടിരുന്നത്. ഇത് ദേശത്തെത്തന്നെ ഇല്ലാതാക്കും, വിഭജിക്കും.
ഹാദിയ പ്രശ്നത്തോട് ക്രിയാത്മകമായ നിലപാടാണ് മാഷ് സ്വീകരിക്കുന്നത്. കേരളീയ പൊതുബോധം അതിനെ നിസ്സംഗമായി കാണുന്നത് എന്തുകൊണ്ടായിരിക്കും?
ഞാൻ ഈ കാര്യത്തിൽ എടുത്ത നിലപാട് അത് മുതിർന്ന ഒരു ഇന്ത്യൻ സ്ത്രീയുടെ അവകാശത്തിെൻറ (മതം മാറാനും ഭർത്താവിനെ തിരഞ്ഞെടുക്കാനും) പ്രശ്നമാണ് എന്നനിലക്കാണ്. നിർബന്ധിച്ചോ ഭയപ്പെടുത്തിയോ ഉള്ള മതംമാറ്റത്തിനോട് അത് ‘തിരിച്ചുവരവായി’ ഘോഷിക്കപ്പെട്ടാലും എനിക്ക് ആഭിമുഖ്യം തെല്ലുമില്ല. അതും നിയമലംഘനമാണ്. എന്നാൽ, സാഹചര്യങ്ങളും ഹാദിയയുടെ പ്രസ്താവനകളും വെച്ചുനോക്കുമ്പോൾ ഇതിൽ അങ്ങനെയൊന്നു കാണാൻ കഴിയുന്നില്ല. ഞാൻ ഇതെഴുതുമ്പോൾ മുൻ ബി.ജെ.പി പ്രവർത്തകയായ ഇപ്പോഴത്തെ വിമൻസ് കമീഷൻ ചെയർമാൻ രേഖാ ശർമ ഇത് ‘ലവ് ജിഹാദ്’ അല്ലെന്നും എന്നാൽ നിർബന്ധിത മതംമാറ്റം ആകാം എന്നുമുള്ള മുൻവിധിയോടെയുള്ള പ്രസ്താവന നടത്തിയിരിക്കുകയാണ്. ഏതായാലും കോടതിയിലെ ഹാദിയയുടെ മൊഴിക്കായി കാത്തിരിക്കാം. അത് അവൾക്ക് സ്വയം ബോധ്യത്തോടെ നടത്താനാവും എന്നും പ്രതീക്ഷിക്കാം.
‘മലയാളം’ എന്ന ദീർഘകവിത മാഷ് എഴുതിയിട്ടുണ്ട്. മലയാള ഭാഷയുമായി ബന്ധപ്പെട്ട് ഇവിടെ നടക്കുന്ന ചർച്ചകളിൽ ഒരു ഏകതാനത നിലനിൽക്കുന്നില്ലേ. വിവിധ സമൂഹങ്ങളുടെ വ്യവഹാരവുമായി ബന്ധപ്പെട്ട് വ്യത്യസ്ത മലയാളങ്ങളല്ലേ ഇവിടെയുള്ളത്. ആ വൈവിധ്യങ്ങളെ തിരിച്ചറിയേണ്ടതല്ലേ?
പല ഇംഗ്ലീഷുകൾ ഉള്ളതുപോലെ പല മലയാളങ്ങളും ഉണ്ട്. അവയിൽ പലതും സാഹിത്യത്തിൽ ഉപയോഗിക്കപ്പെടുന്നുമുണ്ട്. ഈ വൈവിധ്യം നിലനിൽക്കുന്നത് നല്ലതാണ്. പല വാമൊഴികൾ, പ്രാദേശിക മലയാളങ്ങൾ, സമുദായ മൊഴികൾ, ഇവകൂടാതെ പത്രഭാഷ, ശാസ്ത്രഭാഷ, വീട്ടുഭാഷ ഇങ്ങനെയും ഭേദങ്ങളുണ്ട്. പല കാലത്തെയും ഭാഷകളിൽ വ്യത്യാസം ഉണ്ട്. ഇവയൊക്കെ കഥയിലും കവിതയിലുമെല്ലാം ഉപയോഗിക്കാൻ കഴിയും. ഒരു ഭാഷക്ക് എത്ര വകഭേദങ്ങളും തലങ്ങളും^രജിസ്റ്ററുകൾ^ ഉണ്ടോ അത്രയും ആ ഭാഷയും നിലനിൽക്കാനുള്ള സാധ്യതകൾ കൂടും എന്ന് ഭാഷാശാസ്ത്രജ്ഞർ പറയുന്നു. ഇവയിൽ ഒന്നായിതന്നെ ഔപചാരിക വിദ്യാഭ്യാസത്തിനും കോടതി^ഓഫിസ് ആവശ്യങ്ങൾക്കുമായി ഒരു മാനകഭാഷ ഉണ്ടാകുന്നതിലും തെറ്റില്ല.
മലയാള കവിതയെ ഇന്ത്യൻ കവിതയിലേക്കും ലോക കവിതയിലേക്കും തിരിച്ചും പരിചയപ്പെടുത്തിയ ഏക കവി മാഷാണ്. മലയാളംപോലെ ചെറിയൊരു ഭാഷയിൽ എഴുതുകയും സാർവലൗകികമായി അതിനെ ഉയർത്തുകയും ചെയ്യുമ്പോഴുള്ള അനുഭവമെന്താണ്?
നമ്മുടെ പല കവികളും പരിഭാഷകൾ ചെയ്തവരാണ്. വള്ളത്തോൾ പ്രാകൃതത്തിലും സംസ്കൃതത്തിലും നിന്ന്, ആശാൻ, ചങ്ങമ്പുഴ, അയ്യപ്പപ്പണിക്കർ, കെ.ജി. ശങ്കരപ്പിള്ള തുടങ്ങിയവർ ഇംഗ്ലീഷിൽനിന്ന്, അഥവാ ഇംഗ്ലീഷിലൂടെ. വൈലോപ്പിള്ളി സ്വന്തം കവിതകൾ മനോഹരമായി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. അപ്പോൾ ഞാൻ ചെയ്യുന്നത് പുതിയ കാര്യമല്ല. കൂടുതൽ വിപുലമായി ചെയ്യുന്നു എന്നേയുള്ളൂ. ഇന്ത്യനും വിദേശിയുമായ കവിതകൾ മലയാളത്തിലാക്കുന്നത് ഒരു ഭാഗത്ത് നമ്മുടെ തന്നെ കവിതയെ സമ്പന്നമാക്കാനും മറുഭാഗത്ത് നമ്മുടെ ഭാവുകത്വത്തെ നവീകരിക്കാനും ഉദ്ദേശിച്ചാണ്^ഒരർഥത്തിൽ എെൻറ ലോകസഞ്ചാരങ്ങളുടെ ഒരു ഭാഷാസമാന്തരം. നമ്മുടെ കവിതകൾ ഇംഗ്ലീഷ് ഭാഷയിൽ ആക്കുന്നത് ഇവിടെയും നല്ല കവിതയുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ്. ആ വഴി, നമ്മെ മറ്റുള്ളവർ സ്വാധീനിച്ചതുപോലെ മറ്റുള്ളവരെ സ്വാധീനിക്കാൻ നമുക്കും കഴിയുന്നുണ്ട്. ഉദാഹരണത്തിന് തമിഴിലും ഹിന്ദിയിലും പലകവികളും എെൻറ കവിതയുടെ സ്വാധീനം ഏറ്റുപറഞ്ഞിട്ടുണ്ട്.
ലോകകവിതയിൽ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മലയാളത്തിലെ പുതുകവിതയുമായി ചേർന്നു നിൽക്കുന്നതാണോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ സാമ്യമുള്ളതാണോ?
ഓരോ ഭാഷയിലും അവിടത്തെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട മാറ്റങ്ങളാണ് ഉണ്ടാകുന്നത്. അവയെ സാമാന്യവത്കരിക്കുക പ്രയാസമായിരിക്കും. എന്നാൽ, ഒരു കാര്യം പറയാൻ കഴിയും. നമ്മുടെ ഏറ്റവും നല്ല കവിതകൾ നമുക്ക് നാണംകൂടാതെ മറ്റുള്ളവരുടെ മുന്നിൽ വെക്കാവുന്നവയാണ്.
എൽ.ജി.ബി.ടി സമൂഹങ്ങളുടെ വ്യത്യസ്തമായ എഴുത്തുകൾ ഇന്നു ശക്തമാകുന്നുണ്ട്. പക്ഷേ, നമ്മുടെ സാഹിത്യ സംവാദ ഇടങ്ങൾ മനഃപൂർവം അതിനെ കാണാതിരിക്കുകയോ തള്ളിക്കളയുകയോ ആണ്?
എൽ.ജി.ബി.ടി വിഭാഗങ്ങൾ ഇന്ത്യയിൽ സമീപകാലത്ത് മാത്രമാണ് അംഗീകരിക്കപ്പെട്ടു തുടങ്ങിയത്. എന്നിട്ടും സമൂഹത്തിെൻറ പൊതു മനോഭാവം മാറിയിട്ടില്ല. തെൻറ മകൻ വിക്രം സേത്ത് ഗേ ആണെന്ന് അറിഞ്ഞപ്പോൾ ഒരു ഷോക്കും ഇല്ലാതെ സ്വീകരിച്ച ലീല സേത്തിനെപ്പോലുള്ള അമ്മമാർ നമുക്ക് ഏറെയില്ല. പുരുഷന്മാരുടെ സമീപനം അതിനെക്കാൾ കടുത്തതാണ്. ഗേ^ലെസ്ബിയൻ ബന്ധങ്ങൾ സ്ത്രീ^പുരുഷ ബന്ധങ്ങൾ പോലെതന്നെ സ്വാഭാവികമാണ് എന്ന് നാം ഇനിയും അംഗീകരിച്ചിട്ടില്ല. ട്രാൻസ്ജെൻഡറിനോടുള്ള മനോഭാവം മാറിവരുന്നതേയുള്ളൂ. ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ഇംഗ്ലീഷിൽ എഴുതുന്ന പലരും ഇക്കാര്യത്തിൽ കുറെക്കൂടി തുറന്ന സമീപനം സ്വീകരിച്ചിട്ടുണ്ടെന്നാണ്. വിക്രം സേത്ത്, രാജ് റാവു, ഹോഷാങ് മെർച്ചൻറ്, ഹരി കുൻസ്രു, സുജാത ഭട്ട് ഇങ്ങനെ എത്രയോ പേർ ആ കൂട്ടത്തിൽ തങ്ങളുടെ ലിംഗാഭിമുഖ്യം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ ഭാഷകളിൽ ഇന്നും അത് കുറവായി കാണുന്നു. എത്രയോ നൂറ്റാണ്ടുകളായി പേർഷ്യൻ-ഉർദു കവിതയിൽ അതൊരു വിഷയമായിട്ടുണ്ടുപോലും. അതിനു സാംസ്കാരികമായ കാരണങ്ങൾ ഉണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.