ക്രൂശിക്കപ്പെട്ട കവിജീവിതം
text_fieldsസാഹിത്യവും ചിത്രകലയും പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നിട്ടും മെഡിക്കല്‍ പഠനത്തിെൻറ സങ്കീര്‍ണതകളില്‍ അകപ്പെട്ടുപോയ ഒരു കവി; മലയാള കവിതയിലെ പുതുപ്രതീക്ഷയാകുന്ന ശാന്തി ജയയെ വേണമെങ്കില്‍ ഇങ്ങനെ അടയാളപ്പെടുത്താം. മരുന്നു കുറിക്കല്‍ ജീവിതോപാധിയായും, ഏകാന്തതയിലെ കുത്തിക്കുറിക്കലുകളെ (കവിതകള്‍) തെൻറ അസ്വാസ്ഥ്യങ്ങള്‍ക്കുള്ള മറുമരുന്നായും കാണുന്നു കവയിത്രി. ഈ വര്‍ഷം പ്രഖ്യാപിക്കപ്പെട്ട, കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കനകശ്രീ പുരസ്കാരമാണ് ശാന്തി ജയയുടെ ‘ഈര്‍പ്പം നിറഞ്ഞ മുറികള്‍’ എന്ന കവിത സമാഹാരത്തെ തേടിയെത്തിയത്. അവാര്‍ഡ് വിവരം അറിഞ്ഞയുടനെ ഈ പുസ്തകം താന്‍ പ്രസാധകരുമായി സംസാരിച്ച് മൂന്നുവര്‍ഷം മുമ്പ് പിന്‍വലിച്ചതാണെന്നും അവാര്‍ഡിന് സമര്‍പ്പിച്ചിട്ടില്ലെന്നും ശാന്തി പറഞ്ഞു. ഈ പ്രതികരണം വന്നയുടനെ ശാന്തിക്കെതിരെ ആരോപണങ്ങളും രൂക്ഷപ്രതികരണങ്ങളുമായി പലരും സാമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ഡോക്ടറായതിെൻറ പേരിലാണ്, ആലപ്പുഴ തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍കൂടിയായ ശാന്തി ജയയെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്നുവരെ ആരോപണമുണ്ടായി. താനറിയാതെ തെൻറ പുസ്തകം അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടതിെൻറ പേരില്‍, വര്‍ഷങ്ങളായി തുടരുന്ന എഴുത്തുജീവിതത്തില്‍ ആദ്യമായി കിട്ടിയ ഒരു പുരസ്കാരത്തിെൻറ പേരില്‍ കല്ലെറിയപ്പെട്ട കവയിത്രിയുമായുള്ള സംഭാഷണം.
തൊഴിൽ, വ്യക്തിജീവിതം തുടങ്ങി എല്ലാ മേഖലകളിലും മനുഷ്യർ സ്വയം നവീകരിക്കപ്പെടുന്നവരാണല്ലോ. ഇത്തരം ആത്മപരിശോധനകൾ പ്രോത്സാഹിപ്പിക്കപ്പെടുന്നുമുണ്ട്. പേക്ഷ, അച്ചടിക്കപ്പെട്ട അക്ഷരത്തിന് അതിനുള്ള സാധ്യതയില്ല എന്നുണ്ടോ?
ചില രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സ്റ്റേറ്റിെൻറ അധികാരം ഉപയോഗിച്ച് സാഹിത്യ കൃതികള്‍ നിരോധിക്കപ്പെടാറുണ്ട്. എത്രയോ എഴുത്തുകാര്‍ പുതിയ പതിപ്പുകളില്‍ പല തിരുത്തലുകളും വരുത്താറുണ്ട്. ചില പ്രതിഷേധങ്ങളുടെ ഭാഗമെന്നനിലയില്‍ പുസ്തകം പിന്‍വലിച്ച രചയിതാക്കളും ഉണ്ടായിട്ടുണ്ട്. ഇതൊക്കെ സൂചിപ്പിക്കുന്നത് ഒരിക്കല്‍ അച്ചടിക്കപ്പെടുന്നതോടെ എല്ലാ സാധ്യതകളും അവസാനിക്കുന്നില്ല എന്നുതന്നെയാണ്. പുസ്തകം പിന്‍വലിച്ചതിലൂടെ ഞാന്‍ പൂര്‍വാശ്രമത്തിലെ കവിതകളെ ഒന്നടങ്കം തള്ളിപ്പറയുകയായിരുന്നില്ല. ചില ബാല്യകാല രചനകളുള്‍പ്പെടെ അമ്പതിലേറെ കവിതകളാണ് ആ പുസ്തകത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് വായിച്ചപ്പോള്‍ പല കവിതകളും ഒഴിവാക്കേണ്ടതായിരുന്നുവെന്നൊരു തോന്നല്‍ എനിക്കുണ്ടായി. ചില കവിതകളിലെ ചില വാക്കുകള്‍, വരികള്‍, ശീര്‍ഷകങ്ങള്‍ -അങ്ങനെ പലതിലും അതൃപ്തി തോന്നി. എെൻറ മനസ്സിെൻറ സ്വസ്ഥതക്കുവേണ്ടി മാത്രമല്ല, വായനക്കാരോട് ബഹുമാനമുള്ളതുകൊണ്ടുകൂടിയാണ് വലിയ സാമ്പത്തിക നഷ്ടം സഹിക്കേണ്ടിവരുമെന്നറിഞ്ഞിട്ടും അങ്ങനൊരു തീരുമാനമെടുത്തത്. ഏതാനും മാസങ്ങള്‍ക്കുശേഷം പുതിയ കവിതകളുടെ സമാഹാരം പുറത്തിറങ്ങും. അതില്‍ ‘ഈര്‍പ്പം നിറഞ്ഞ മുറികളി’ലെ കവിതകള്‍കൂടി ഉള്‍പ്പെടുത്തുന്നുണ്ട്.
ഡോക്ടർ ജീവിതം കവിതയിൽ അടയാളപ്പെടുന്നതെങ്ങനെ?
മെഡിക്കൽ കോളജിലെ പഠനവും ഈ ജോലിയും എെൻറ വ്യക്തിത്വത്തെ സ്വാധീനിച്ചിട്ടുണ്ട്. ഫിലോസഫിക്കലാകാതെ ഒരാള്‍ക്ക് ഡോക്ടറായി തുടരുക സാധ്യമല്ല. എന്നാല്‍, ഒരു ഫിലോസഫിക്കും വഴങ്ങാത്ത എന്തോ ഒന്ന് എന്നില്‍ കവിതയായി അവശേഷിക്കുന്നുണ്ട്. ഡോക്ടര്‍ എന്നനിലയില്‍ എെൻറ ആത്മാവ് നഷ്ടപ്പെടുത്തുന്ന ഒന്നാണ് ചിലപ്പോള്‍ കവിത.
മെഡിസിന് പഠനം അവസാനിപ്പിച്ച് ഫൈന്‍ആര്‍ട്സ് കോളജിൽ ചേരാൻ ശ്രമിച്ചില്ലേ ഇടക്കാലത്ത്?
സാഹിത്യത്തോടും കലകളോടും ചെറുപ്പം മുതലേ താൽപര്യമുണ്ടായിരുന്നു. കുട്ടിക്കാലത്ത് നോട്ട്ബുക്കുകളില്‍ കഥയും കവിതയും നോവലുമൊക്കെ എഴുതി സൂക്ഷിച്ചിരുന്നു. മുറ്റത്തും വീടിെൻറ ചുമരുകളിലുമാണ് ഞാന്‍ ചിത്രകല പരിശീലിച്ചത്. ഇതിനൊക്കെ അക്കാലത്ത് നല്ല ശിക്ഷയും കിട്ടിയിട്ടുണ്ട്. എെൻറ ആവശ്യങ്ങളെല്ലാം മറ്റുള്ളവര്‍ക്ക് അനാവശ്യങ്ങളാണെന്ന് എങ്ങനെയോ ഒരു തിരിച്ചറിവുണ്ടായി. ഒരു കലാകാരിയാകണമെന്നുള്ള ആഗ്രഹം വെളിപ്പെടുത്താന്‍ തന്നെ ഞാന്‍ ഭയപ്പെട്ടു. മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ ജീവിക്കുന്നത് എെൻറതല്ലാത്ത ഒരു ജീവിതമാണെന്ന് തോന്നിത്തുടങ്ങി. മെഡിസിന് പഠനം അവസാനിപ്പിച്ച് ഫൈന്‍ആര്‍ട്സ് കോളജില്‍ ചേരാന്‍ തീരുമാനിച്ചു. അവിടെ നാലു ദിവസത്തെ എന്‍ട്രന്‍സ് പരീക്ഷയാണ്. ആദ്യത്തെ രണ്ടു ദിവസം തിരുവനന്തപുരത്തുപോയി അതില്‍ പങ്കെടുത്തെങ്കിലും മൂന്നാം ദിവസം വീട്ടില്‍ അറിയാനിടയായി. ഗവണ്‍മെൻറ് മെഡിക്കല്‍ കോളജിലെ പഠനം ഇടക്കുെവച്ച് നിര്‍ത്തിയാല്‍ അഞ്ചു ലക്ഷം രൂപ (അന്നത്തെ കണക്ക്) പിഴയടക്കേണ്ടി വരും. അതിനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല.
കവയിത്രി ആകുന്നതോടൊപ്പം തന്നെ ചിത്രകാരിയുമാണ് ശാന്തി. സ്വന്തം കവിതാ പുസ്തകത്തിന് സ്വന്തം പെയ്ൻറിങ് കവർ ചിത്രവുമായി. പെയ്ൻറിങ്ങും കവിതയും ആവിഷ്കാരത്തിനുള്ള ഉപാധിയാണ്. ഇതിൽ കൂടുതൽ സംതൃപ്തി ഏത് മാധ്യമത്തോടാണ്?
ചിത്രരചനക്കു വേണ്ടതിലും ശക്തവും നീണ്ടുനില്ക്കുന്നതുമായ പ്രചോദനം ഒരു കവിതയെഴുതാന്‍ എനിക്ക് വേണം. ഓരോ കവിതക്കു ശേഷവും ഇനിയൊരിക്കലും എഴുതാനാവില്ലെന്നൊരു ഭയം ഉണ്ടാകാറുണ്ട്. എന്നാല്‍, ചിത്രം വരച്ചുകഴിയുമ്പോള്‍ അങ്ങനെയില്ല.
കുഞ്ഞുനാളിൽ പട്ടിയെ പിടിക്കുന്നവരിൽനിന്ന് അവയെ രക്ഷിക്കാൻ ആഗ്രഹിച്ചതും കിണറ്റിൽ വീണ ഉറുമ്പിനെ രക്ഷപ്പെടുത്തുന്നതുമെല്ലാം കവയിത്രിയുടെ സ്കൂൾ സുഹൃത്തിെൻറ ഫേസ്ബുക്ക് കമൻറിൽ വായിച്ചു. എന്തായിരുന്നു കുഞ്ഞുനാളിനെയും പിൽക്കാലത്തെയും ഇത്രയും ഗൗരവതരമാക്കിയത്?
അച്ഛെൻറ പെട്ടെന്നുള്ള മരണത്തോടെ ഞാനും അമ്മയും സാമൂഹികമായി ഒറ്റപ്പെട്ടു. അമ്മ വളരെ ദുർബലയും ദുഃഖിതയുമായിരുന്നു. കുട്ടിക്കാലത്തിെൻറ ആഘോഷങ്ങളും യാത്രകളുമെല്ലാം എനിക്ക് നിഷേധിക്കപ്പെട്ടു. എളുപ്പം കരയുന്ന ഒരു കുട്ടിയായിരുന്നു അന്ന് ഞാന്‍. െവെകാരികമായ അരക്ഷിതാവസ്ഥയില്‍ വളര്‍ന്നതുകൊണ്ടാവാം നിസ്സഹായരും നിരാശ്രയരുമായ മൃഗങ്ങളോടും പ്രാണികളോടുമൊക്കെ എനിക്ക് അനുകമ്പ തോന്നിയത്.
‘മരണം കവിതയോട് ചെയ്യുന്നത്’ എന്ന കവിതയിൽ ആകമാനം സാഹിത്യ വരേണ്യതക്കെതിരെ പ്രകോപിതയായ കവിയെ കാണാം...?
എല്ലാ ഇടങ്ങളിലും നിലനില്‍ക്കുന്ന വരേണ്യതാബോധം സാഹിത്യരംഗത്തും പ്രകടമാണ്. ആണധികാരവും ജാതി മേൽക്കോയ്മയും വിപണിയുടെ നിലനില്പിന് അനുകൂലമായ സൗന്ദര്യ സങ്കൽപങ്ങളും ചേര്‍ന്ന് നിർമിച്ചെടുക്കുന്ന ഒരു പൊതുബോധമാണ് ഈ വരേണ്യതക്ക് ആധാരം. പ്രസാധകരും നിരൂപകരും എഡിറ്റര്‍മാരുമൊക്കെ ആണുങ്ങളായ ഒരു ലോകത്ത് എഴുത്തിെൻറ കുല-പാരമ്പര്യ മഹിമകളോ സാഹിത്യസൗഹൃദ ബാഹുല്യമോ അവകാശപ്പെടാനില്ലാത്ത എഴുത്തുകാരികള്‍ എങ്ങനെയൊക്കെയാണ് വായിക്കപ്പെടുന്നത് അഥവ എങ്ങനെയൊക്കെ വായിക്കപ്പെടുന്നില്ല എന്നതിനെപ്പറ്റിയാണ് ‘മരണം കവിതയോട് ചെയ്യുന്നത്’ എന്ന കവിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.