Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 2:58 AM IST Updated On
date_range 7 April 2018 3:04 AM ISTഅവർക്ക് മഹാഭാരതവുമറിയില്ല ചരിത്രവുമറിയില്ല
text_fieldsbookmark_border
മലയാളം, തമിഴ് ഭാഷകളിൽ ഒരേ മികവോടെ എഴുതുന്ന സാഹിത്യകാരനാണ് ബി. ജയമോഹൻ. മലയാളേത്താട് അടുത്തുനിൽക്കുന്നു അദ്ദേഹത്തിെൻറ ചിന്തകളും സാഹിത്യ നിലപാടുകളും. 1962 ഏപ്രിൽ 22ന് കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ മലയാളി കുടുംബത്തിലാണ് ജയമോഹെൻറ ജനനം. ‘നൂറു സിംഹാസനം’ അടക്കം ഒമ്പതു നോവലുകളും10 കഥാസമാഹാരങ്ങളും13 വിമർശനങ്ങളും അഞ്ച് ജീവചരിത്രങ്ങളും രചിച്ചിട്ടുണ്ട്. തമിഴ്, മലയാള സിനിമകൾക്ക് തിരക്കഥയും എഴുതി. ‘ഒഴിമുറി’യുടെ തിരക്കഥ വലിയ രീതിയിൽ ശ്രദ്ധപിടിച്ചുപറ്റി. അഖിലൻ സ്മാരക പുരസ്കാരം ഉൾെപ്പടെ നിരവധി അംഗീകാരങ്ങൾ. 2016ൽ സർക്കാർ പ്രഖ്യാപിച്ച പത്മശ്രീ പുരസ്കാരം സ്വീകരിക്കാൻ വിസമ്മതിച്ചു.
മലയാള സാഹിത്യത്തെപ്പറ്റി വിമർശനങ്ങൾ നിരവധി പുലർത്തുന്ന ജയമോഹനുമായി നടത്തിയ സംഭാഷണത്തിെൻറ പ്രസക്തഭാഗങ്ങളാണ് ചുവടെ:
രണ്ടു ഭാഷയിലെ ജ്ഞാനം രണ്ട് മാധ്യമങ്ങൾ കൈയിലുണ്ടാകുന്നതുപോലെയാണ്. ആ അർഥത്തിൽ മാധ്യമസമൃദ്ധി അനുഭവിക്കുന്നയാളാണ് ജയമോഹൻ. കഥ, നോവൽ, തിരക്കഥ അവ ഏതുമായിക്കൊള്ളട്ടെ മനസ്സിലേക്ക് വരുന്ന ഒരാശയത്തെ ഏത് ഘട്ടത്തിലാണ് ഇതിൽ ഏത് മാധ്യമത്തിലേക്ക്, ഏത് ഭാഷയിലേക്ക് എന്ന് തീരുമാനിക്കുന്നത്?
കന്യാകുമാരി ജില്ല രണ്ട് സംസ്കാരങ്ങൾ ഇഴുകിച്ചേർന്ന ഭൂപ്രദേശമാണ്. തമിഴും മലയാളവും കൂടിക്കലർന്നതാണ് ഇവിടത്തെ സംസ്കാരം. എെൻറ മാതൃഭാഷ മലയാളമാണ്. പക്ഷേ, ഞാൻ എഴുതിത്തുടങ്ങിയതും പഠിച്ചതുമെല്ലാം തമിഴിൽതന്നെ. എെൻറ മനസ്സിെൻറ ഭാഷ തമിഴാണ്. ഭാര്യയും കുട്ടികളും തമിഴാണ് സംസാരിക്കുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തമിഴ് ബാലപംക്തികളിൽ ഞാൻ എഴുതിത്തുടങ്ങിയിരുന്നു. ഒമ്പതാം ക്ലാസ് മുതൽ മൂന്നുവർഷം പാരമ്പര്യ തമിഴ് പണ്ഡിതന്മാരുടെ കൂടെ തമിഴ് അഭ്യസിച്ചു. അതുകൊണ്ടുതന്നെ ഭാഷാപഠനത്തിന് പതിവുള്ള സ്കൂൾ രീതിയിൽനിന്ന് വ്യത്യസ്തമായി ഒരു ആധികാരികത ലഭിച്ചു.
മാതൃഭാഷ മലയാളമാണെങ്കിൽക്കൂടി മലയാളം എഴുതാനും വായിക്കാനും പഠിച്ചത് ഡിഗ്രി അവസാനവർഷത്തിലാണ്. മുട്ടത്തുവർക്കിയുടെ ‘ഈന്തത്തണൽ’ എന്ന നോവലാണ് മലയാളത്തിൽ ആദ്യം വായിച്ച കൃതി. ഒരുമാസം എടുത്താണ് ആ നോവൽ വായിച്ചുതീർത്തത്. പിന്നെ ക്രമേണ മലയാളം പുസ്തകങ്ങൾ വായിച്ചുതുടങ്ങി. മലയാളത്തിൽ ആദ്യമായി എഴുതുന്നത് എം. ഗംഗാധരൻ മാഷിെൻറ നിർബന്ധത്തെ തുടർന്നാണ്. ശ്രീലങ്കയിലെ ആഭ്യന്തരപ്രശ്നത്തെ കുറിച്ച് ‘ജയകേരളം’ മാസികയിൽ ലേഖനം എഴുതാൻ മാഷ് ആവശ്യപ്പെട്ടു. അന്ന് മലയാളം എഴുതാൻ അറിയില്ലായിരുന്നു. അങ്ങനെ ഒരാഴ്ചയെടുത്ത് മലയാളം ലിപി പഠിച്ചാണ് ലേഖനം എഴുതി പൂർത്തിയാക്കിയത്. മലയാളത്തിൽ എഴുതാൻ ഇപ്പോഴും ബുദ്ധിമുട്ടാറുണ്ട്. പൊതുവേ മനസ്സിൽ ഒരുകാര്യം തോന്നുന്നത് തമിഴിലാണ്. എഴുത്തിൽ എനിക്ക് കൈവഴക്കമുള്ള രൂപം നോവലാണ്. നോവലിെൻറ ഘടനയും വ്യാപ്തിയുമാണ് എനിക്ക് വഴങ്ങുന്നത്, ചെറുകഥയും എഴുതാറുണ്ട്. പക്ഷേ, നോവലിെൻറ അത്രയും ശക്തമല്ല എെൻറ ചെറുകഥകൾ. ലേഖനങ്ങളും എഴുതാറുണ്ട്. ഇതെല്ലാം തമിഴിലാണ് എഴുതാറ്. മലയാളത്തിൽ നിർബന്ധിച്ചാൽ മാത്രമേ ഞാൻ എഴുതാറുള്ളൂ. അതും പരമാവധി ഒഴിഞ്ഞുമാറാൻ ശ്രമിക്കാറുണ്ട്. കെ.സി. നാരായണനെപ്പോലുള്ളവർ ഒരുപാട് നിർബന്ധിക്കുമ്പോളാണ് ഞാൻ മലയാളത്തിൽ എഴുതാൻ ശ്രമിക്കുക. പലപ്പോഴും മനസ്സ് അതിലേക്ക് മാറുന്നില്ല. നാച്വറലി ഞാൻ തമിഴ് എഴുത്തുകാരൻതന്നെയാണ്.
അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത, വിചിത്രമായ സാഹചര്യങ്ങളിൽ വളർന്നതിനെപ്പറ്റി താങ്കൾ ഒരിക്കൽ എഴുതി: ‘‘എെൻറ ജീവിതം ഒരു നോവലയായി ആരെങ്കിലും എഴുതിയിരുന്നെങ്കിൽ മൂന്നു പുറത്തിലധികം താനത് വായിക്കുമായിരുന്നില്ല.’’ അനാഥത്വം, ഏകാന്തത ഇവയൊക്കെ ജയമോഹൻ എന്ന എഴുത്തുകാരനെ നിർമിച്ച ഘടകങ്ങളാണോ?
അതെ, എെൻറ കൂട്ടുകാരെൻറ മരണത്തെ തുടർന്നാണ് ഞാൻ ഗൗരവമായി എഴുതിത്തുടങ്ങിയത്. അതുവരെ എഴുത്ത് എന്നത് അത്ര സീരിയസല്ലായിരുന്നു. അടിസ്ഥാനപരമായി എഴുത്തിന് നാല് ഘടകങ്ങളുണ്ട്. മനുഷ്യാവസ്ഥയുടെ നാലവസ്ഥകളായ കാമ, ക്രോധ, മോഹങ്ങളെക്കുറിച്ച് എഴുതുകയെന്നതാണ് ആദ്യത്തേത്. മിക്കവാറും എഴുത്തുകാർ അവിടെത്തന്നെ നിൽക്കും. എഴുത്തിെൻറ രണ്ടാംഘട്ടം നീതിബോധമാണ്. മൂന്നാമത്തെ തലമെന്നത് ചരിത്രം സൃഷ്ടിക്കലാണ്. സമാന്തര ചരിത്രം എന്നുപറയാം. പക്ഷേ, മിക്കവാറും അതുതന്നെയാണ് പ്രധാന ചരിത്രമായി തീരുന്നതും. അതിനും അപ്പുറത്തേക്ക് പോകുന്നതാണ് ഒരുതരം ആത്മീയത. ഇതിനെ ദർശനം എന്ന് പറയാം. അല്ലെങ്കിൽ സമാന്തരമായ ആധ്യാത്മികത എന്ന് വിശേഷിപ്പിക്കാം. മതമോ ദൈവമോ ഇല്ലാത്ത ആധ്യാത്മികത എന്നും പറയാം. സ്വപ്നംകൊണ്ട് ചെന്നെത്തുന്ന യോഗാവസ്ഥ എന്ന് പറയാം. മഹാന്മാരായ എഴുത്തുകാരെല്ലാം ഈ ആധ്യാത്മികത നിർമിച്ചവരായിരുന്നു^ ടോൾസ്റ്റോയിയും ദസ്തയേവ്സ്കിയും ബഷീറുമൊക്കെ. കഠിനമായ അനുഭവങ്ങൾ ഇല്ലായിരുന്നുവെങ്കിൽ കാമ-ക്രോധ-മോഹങ്ങളിൽ അഭിരമിക്കുന്ന എഴുത്തുകാരനായി ഞാനും മാറിയേന. അല്ലെങ്കിൽ രാഷ്്ട്രീയ ശരികളിൽ അഭിരമിക്കുന്ന എഴുത്തുകാരനായി മാത്രം ഒതുങ്ങിയേനെ. ജീവിതത്തിലുണ്ടായ കഠിനമായ അനുഭവങ്ങളാണ് അതിനുമപ്പുറത്തേക്ക് ചിന്തിക്കാൻ വഴിയൊരുങ്ങിയത്.
വിദേശ രാജ്യങ്ങളിലടക്കം ഒരുപാട് യാത്രചെയ്തിട്ടുണ്ട് ജയമോഹൻ. അലഞ്ഞുതിരിയലിനിടെ ഒരുപാട് ജീവിതങ്ങൾ നേരിൽ കണ്ടു. ഇരിപ്പുറയ്ക്കാത്ത ഈ യാത്രകൾ എത്രത്തോളം എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്?
എഴുത്തുകാർ എന്തിനാണ് മദ്യപിക്കുന്നതെന്ന് ചോദ്യമുയരാറുണ്ട്. എഴുത്തുകാരുടെ നിത്യജീവിതം വളരെ മടുപ്പുള്ളതായി തീരുകയാണ്. എഴുത്തുകാർ മദ്യപിക്കുന്നതിെൻറ കാരണം ക്രിയേറ്റിവ് അല്ലാത്തപ്പോൾപോലും അതേ ഫോഴ്സ് നിലനിർത്താൻ വേണ്ടിയാണ്. എനിക്ക് നിർത്തിയിട്ട തീവണ്ടിയിൽ ഇരിക്കുന്നതുപോലും ഭയങ്കര അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. ഇതെന്താണ് നീങ്ങാത്തതെന്ന സന്ദേഹം മനസ്സിലുണ്ടാകാറുണ്ട്. മദ്യപിക്കുന്നതിനെക്കാൾ മികച്ച അനുഭവമാണ് യാത്രയിലൂടെ ഉണ്ടാകുന്നത്. ഒന്നുകിൽ ഞാൻ എഴുതിക്കൊണ്ടിരിക്കും വായിച്ചുകൊണ്ടിരിക്കും. അല്ലാത്തപ്പോൾ മുഴുവൻ യാത്രചെയ്തുകൊണ്ടേയിരിക്കും. ഒന്നോ രണ്ടോ ദിവസത്തിനപ്പുറം എഴുതാൻ ഒന്നുമില്ലെന്ന് തോന്നിയാൽ ഉടനെ ഒരു യാത്രക്ക് പോകും. ഒരുവർഷത്തിനിടയിൽ പതിനഞ്ചോളം യാത്രകൾ നടത്താറുണ്ട്. ഒരുപാട് വിദേശയാത്രകൾ നടത്തി. എഴുത്തുപോലെതന്നെ എെൻറ ജീവവായുവാണ് യാത്രയും. നോവലുകളിലൂടെ സമാന്തര ചരിത്രത്തെ നിർമിക്കാനാണ് എെൻറ ശ്രമം. മഹാഭാരതം അടിസ്ഥാനമാക്കിയുള്ള നോവലിെൻറ പണിപ്പുരയിലാണ് ഇപ്പോൾ. മഹാഭാരതവുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ സ്ഥലത്തും ഞാൻ സന്ദർശനം നടത്തുകയുണ്ടായി. നേരിൽക്കണ്ട് മനസ്സിലാക്കുകയെന്നത് വലിയൊരു അനുഭവമാണ്. ഭാവനയും യാഥാർഥ്യവും എപ്പോഴും വ്യത്യസ്തമാണ്. നേരിൽകണ്ട് മനസ്സിലാക്കിയത് ഭാവനയിൽ പുനഃസൃഷ്ടിക്കണം. ഒരു മരുഭൂമിയെ മനസ്സിലാക്കാതെ എഴുതുന്നതും മരുഭൂമിയിൽ പത്തോ പതിനഞ്ചോ ദിവസം ജീവിച്ച് അതിെൻറ സ്വഭാവം മനസ്സിലാക്കി എഴുതുന്നതും വ്യത്യസ്തമാണ്. അപ്പോൾ സൂക്ഷ്മമായ കാര്യങ്ങൾപോലും എഴുതാൻ സാധിക്കും, വാരാണസിയിൽ പോയപ്പോൾ മനസ്സിൽ പതിഞ്ഞ ഒരു കഥയാണ് പിന്നീട് ‘നാൻ കടവുൾ’ എന്ന സിനിമയായത്. ഒരർഥത്തിൽ ഇമേജിനേഷെൻറ ടൂളാണ് എെൻറ യാത്രകൾ.
വാകയാട് ഇശക്കി, പൊന്തക്കാട് ഇശക്കി, തേരടി ഇശക്കി, കൈയിൽ ചോരക്കുഞ്ഞുമായി നിന്ന് ചുണ്ണാമ്പ് ചോദിച്ച പഞ്ചവൻകാട്ട് നീലി... യക്ഷികളെ കുറിച്ച് ഇത്രയേറെ എഴുതാൻ കാരണമെന്ത്? നാഗർകോവിലിലെ മണ്ണ് താങ്കളിലെ എഴുത്തുകാരനെ എങ്ങനെയൊക്കെ സ്വാധീനിച്ചു?
യക്ഷി എന്ന സങ്കൽപം ജൈനമത വിശ്വാസത്തിൽനിന്ന് ഉരുവംകൊണ്ടതാണ്. ഇരുപത്തിനാല് തീർഥങ്കരർക്ക് ഇരുപത്തിനാല് യക്ഷികളുണ്ട്. നേമിനാഥ തീർഥങ്കരെൻറ യക്ഷി കൂശ്മാണ്ഡിനിയാണ്. വർധമാനമഹാവീരെൻറ യക്ഷി സിദ്ധായികയാണ്. പദ്മാവതിയാണ് പാർശ്വനാഥെൻറ യക്ഷി. ജൈനന്മാരായിരുന്നു യക്ഷിയെന്ന വാക്കും സങ്കൽപവും കൊണ്ടുവന്നത്. യക്ഷിയെന്ന സങ്കൽപം വരുന്നതിന് മുമ്പ് നമുക്കിടയിൽ പ്രചരിച്ചിരുന്നത് ഗോത്ര ദൈവങ്ങൾ ആയിരുന്നു. എന്നാൽ ജൈനമതത്തിലെ യക്ഷികളെല്ലാവരും ദൈവങ്ങളോ ഒക്കെ ആയിരുന്നു. അങ്ങനെ അതിെൻറ രണ്ടിെൻറയും മിശ്രിതമാണ് നമ്മൾ കേട്ടുവളർന്ന യക്ഷികൾ. ജൈനമതസ്വാധീനമില്ലാത്ത മേഖലകളിലെ യക്ഷികളെ ക്രൂരമായാണ് നമ്മൾ ചിത്രീകരിച്ചുപോന്നിട്ടുള്ളത്. എന്നാൽ ജൈനിസത്തിെൻറ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളിൽ യക്ഷികൾക്ക് ദൈവമുഖമാണ്. കന്യാകുമാരി ജില്ല ജൈനമതത്തിന് വളരെ സ്വാധീനമുണ്ടായിരുന്ന മണ്ണാണ്. നാഗർകോവിൽ എന്നതുതന്നെ ഒരു ജൈന പേരാണ്. നാഗരമ്മൻ ക്ഷേത്രം ഒരു ജൈന സ്ഥലമായിരുന്നു. മാർത്താണ്ഡത്ത് സ്ഥിതിചെയ്യുന്ന ചിതറാള് ജൈന യൂനിവേഴ്സിറ്റിയായിരുന്നു. നാഗർകോവിലിൽ നൂറിലേറെ ജൈന അധിവാസകേന്ദ്രങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ ജൈനസ്വാധീനമുള്ളതിനാലാകാം യക്ഷികൾക്ക് ഒരു ദൈവികസങ്കൽപം കൈവന്നത്. പിന്നെ ഇവിടെയുള്ള എല്ലാ ദൈവങ്ങളും ഇന്ന് യക്ഷിരൂപങ്ങളിലേക്ക് മാറിത്തുടങ്ങിയിരിക്കുന്നു. നീലകേശി എന്ന ജൈന കാവ്യമുണ്ട്. തമിഴിൽ രചിക്കപ്പെട്ട അഞ്ച് ലഘുകാവ്യങ്ങളിലൊന്നാണ് നീലകേശി. നാഗകുമാരകാവ്യം, ഉദയനകുമാര കാവ്യം, യശോദര കാവ്യം, സൂളാമണി എന്നിവയാണ് മറ്റ് ലഘുകാവ്യങ്ങൾ. നീലകേശിയിൽ പരാമർശിക്കുന്ന കഥയാണ് പഞ്ചവൻകാട്ടുനീലിയെന്ന കള്ളിയങ്കാട്ടുനീലിയുടേത്.
നീലി ആളൂരെന്ന സ്ഥലത്തെ കച്ചവടക്കാരെൻറ മകളായിരുന്നു. അവളെ വാണിഭത്തിനെത്തിയ കച്ചവടക്കാരൻ വിവാഹം ചെയ്യുന്നു. അവൾ ഗർഭിണിയായി. അങ്ങനെയിരിക്കുമ്പോൾ അവൻ അവളെയുംകൂട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു. തിരിച്ചുവരുന്ന വഴിക്ക് അവർ കള്ളിയങ്കാട്ട് എന്ന സ്ഥലത്ത് വിശ്രമിക്കുന്നു. നമ്മൾ സംസാരിച്ചിരിക്കുന്ന ഈ വീടിനോട് ചേർന്നായിരുന്നു കള്ളിയങ്കാടെന്ന സ്ഥലം സ്ഥിതിചെയ്തിരുന്നത്. നിറയെ ഇല്ലിക്കാടുകളായിരുന്നു അവിടെ മുഴുവൻ. നീലി ഉറക്കമായപ്പോൾ അവൻ വലിയ കല്ല് എടുത്തിട്ട് അവളെ കൊന്ന് ആഭരണവുമായി കടന്നുകളഞ്ഞു. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഒരുദിവസം അവൻ ഈ വഴി വീണ്ടും വന്നു. അടുത്തെത്തിയപ്പോൾ കൈയിൽ ചോരക്കുഞ്ഞുമായി നിന്ന പഞ്ചവൻകാട്ട് നീലി അവനോട് വെറ്റിലക്ക് ഇത്തിരി ചുണ്ണാമ്പ് തരുമോയെന്ന് ചോദിച്ചത്രെ. അവൻ ചുണ്ണാമ്പ് നൽകാനായി കൈനീട്ടിയപ്പോൾ അവൾ അവെൻറ കൈയിൽ കടന്നുപിടിച്ചു. അവനെ വലിച്ചിഴച്ച് അവൾ പോകുന്നു. ഒരു ഉടലിൽനിന്നും നൂറ് ഉടലുകളായി വളർന്ന്, നൂറായിരം കൈകൾ മുളച്ച് അവൾ അവെൻറ കഥകഴിക്കുന്നു. ഒരു ഭീകരകഥക്ക് ഇത്രയും ചേരുവകകൾ ധാരാളം മതി. എന്നാൽ കഥ അവിടംകൊണ്ട് അവസാനിക്കുന്നില്ല. പഞ്ചവൻകാട്ട് നീലിയുടെ ഉപദ്രവം തുടർന്നുകൊണ്ടേയിരുന്നു. ചുണ്ണാമ്പുചോദിച്ച് അവൾ പലരുടെയും കഥകഴിച്ചത്രെ. അങ്ങനെയിരിക്കെ നാഗനന്തി അടികൾ എന്നുപേരുള്ള ജൈനഭിക്ഷു ചിതറാളിൽനിന്ന് നാഗരമ്മൻ കോവിലിലേക്ക് പോകുകയായിരുന്നു. പോകുന്നവഴി നീലി നാഗനന്തി അടികളെയും കള്ളിയങ്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അവൾ അയാളെ കൊല്ലാനൊരുങ്ങുമ്പോൾ നാഗനന്തി അടികളുടെ അരുൾകൊണ്ട് അവളുടെ മനസ്സ് മാറുന്നു. അങ്ങനെ അവെൻറ ശിഷ്യയായി നീലി മാറുന്നു. ജൈനസമ്പ്രദായങ്ങൾ മുഴുവനും നാഗനന്തി അടികൾ അവൾക്ക് പറഞ്ഞുകൊടുത്തു. അങ്ങനെ ഈ ജൈനയക്ഷി മറ്റ് മതസ്ഥരായ ബുദ്ധിസ്റ്റ്, വൈഷ്ണവർ, ശൈവർ എന്നിവരെയെല്ലാം വാദത്തിൽ തോൽപിച്ചെന്നുമാണ് നീലകേശി എന്ന കാവ്യത്തിെൻറ ഇതിവൃത്തം. പിന്നീട് അവൾ ദൈവമായി മാറിയെന്നും ഐതിഹ്യം. രണ്ടു വേർഷനും നമുക്ക് മുന്നിലുണ്ട്. ദൈവമായി മാറിയെന്ന സങ്കൽപവും യക്ഷിയായ കള്ളിയങ്കാട്ട് നീലിയായി തുടർന്നെന്നുമാണ് മറ്റൊരു സങ്കൽപം. അങ്ങനെ ഒരുപാട് ഐതിഹ്യങ്ങളും പഴമകളും വേരോടിയ മണ്ണാണ് നാഗർകോവിലും അതുൾപ്പെടുന്ന കന്യാകുമാരി ജില്ലയും. ജൈനിസത്തിെൻറ മഹത്തായ പാരമ്പര്യം വേരോടിയ മണ്ണാണിത്. ഈ ഐതിഹ്യകഥകൾ എെൻറ എഴുത്തിന് ഒരുപാട് സഹായിച്ചിട്ടുണ്ട്. നാഞ്ചിനാട്ടിലെ യക്ഷികൾ എന്ന ഒരു ലേഖനവും ഞാൻ എഴുതിയിട്ടുണ്ട്.
മിത്തുകളെ ഊടും പാവും ചേർത്ത് താങ്കൾ വിവരിക്കുന്നത് രസകരമാണ്. അതിനൊപ്പം ചരിത്രവും ഉണ്ടാകാറുണ്ട്. താങ്കളുടെ ചരിത്രവായന എങ്ങനെയാണ്?
ചെറുപ്പംമുതലേ ചരിത്രവായനയോട് എനിക്ക് വലിയ താൽപര്യമായിരുന്നു. തിരുവിതാംകൂറിെൻറ ചരിത്രവും തമിഴ് ചരിത്രവും ചെറുപ്പത്തിൽതന്നെ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. തിരുവിതാംകൂർ ചരിത്രത്തെക്കുറിച്ച് കുറെ പുസ്തകങ്ങളും ഞാൻ എഴുതിയിട്ടുണ്ട്. തിരുവിതാംകൂറിലെ വലിയ ചരിത്രകാരന്മാരുമായി എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. ത്രിവിക്രമൻ തമ്പിയുമായൊക്കെ നല്ല ബന്ധമാണ് എനിക്കുണ്ടായിരുന്നത്. നോവൽ എന്നത് ചരിത്രമല്ല. പക്ഷേ, എെൻറ നോവലുകളിൽ ഒരു സമാന്തരചരിത്രം സൃഷ്ടിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ചരിത്രവായന എഴുത്തിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
1956 നവംബർ ഒന്നിന് തോവാള, കൽക്കുളം, കന്യാകുമാരി തുടങ്ങിയ ഭാഗങ്ങൾ കേരളത്തിൽനിന്ന് മാറ്റപ്പെട്ടു. അടർത്തിമാറ്റപ്പെട്ടവർ പൂർണമായും തമിഴരോ-മലയാളികളോ അല്ലാത്ത അവസ്ഥ, നാഞ്ചിനാടിെൻറ ജീവിതങ്ങളിൽ ഈ സ്വത്വ പ്രതിസന്ധി കടന്നുവരുന്നുണ്ടോ?
അങ്ങനെയുള്ള സ്വത്വപ്രതിസന്ധികൾ കാര്യമായി ഇല്ലെന്നാണ് എെൻറ വിലയിരുത്തൽ. കാരണം, ഇന്ത്യയിൽതന്നെ ഇതുപോലെ ഒരുപാട് ഭൂപ്രദേശങ്ങളുണ്ട്. ഒരുപരിധിവരെ കേരളവും ബംഗാളും ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും പൊതുസ്വഭാവം വിവിധ സംസ്കാരങ്ങളുടെയും ഭാഷകളുടെയും കലർപ്പാണ്. ഉദാഹരണമായി തമിഴ്നാട് തന്നെയെടുക്കാം. ഇവിടെ തമിഴ് ഭാഷക്ക് പുറമെ കന്നട, തെലുങ്ക്, ഉർദു, സൗരാഷ്ട്ര എന്നീ പ്രധാനഭാഷകളുണ്ട്. തമിഴ്നാട്ടിൽ തമിഴ് ഭാഷ സംസാരിക്കാത്തവർ നാൽപത് ശതമാനത്തിൽ താഴെവരും. കോയമ്പത്തൂരിലാകട്ടെ വലിയ മലയാള സ്വാധീനവുമുണ്ട്. കർണാടകത്തിലെത്തുമ്പോൾ കന്നടക്ക് പുറമെ തുളു, ഉർദു, തെലുങ്ക് എന്നീ ഭാഷകൾക്ക് സ്വാധീനമുണ്ട്. അങ്ങനെ വിവിധ ഭാഷാസമൂഹങ്ങൾ കൂടിക്കലരുമ്പോൾ അന്യത തോന്നുന്ന ഒരു ചുറ്റുപാടല്ല ഇന്ത്യയുടേത്. ഒരുപക്ഷേ, മലയാളികൾക്ക് മാത്രമാകാം ഈ അന്യത തോന്നുക. കാരണം, നമുക്കിടയിൽ മലയാളം സംസാരിക്കുന്നവരാണ് എല്ലാവരും. ഇപ്പോൾ എെൻറ കാര്യംതന്നെയെടുക്കാം. എെൻറ എല്ലാ പുസ്തകത്തിലും മാതൃഭാഷയായി നൽകിയിരിക്കുന്നത് മലയാളമെന്നാണ്. മാതൃഭാഷ തമിഴല്ലാത്ത ഒരാൾ തമിഴിൽ എഴുതുന്നു. ഇന്നുള്ള തമിഴ് എഴുത്തുകാരിൽ മുൻനിര സ്ഥാനത്തുള്ളയാളാണ് ഞാൻ. ഇവിടെ എല്ലാവരും സ്വീകരിക്കുന്നുമുണ്ട്. ഇത് തമിഴ് ഭാഷയുടെ വിജയമായാണ് ഇവിടെയുള്ളവർ കാണുന്നത്. എന്നെ അന്യനായി ആരും കാണുന്നില്ല. മറിച്ച് ഞാൻ മലയാള കവിതയെപ്പറ്റി ചില അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ കേരളത്തിൽ പലരും എന്നെ ‘പാണ്ടി’ എന്ന് എഴുതി. തലമുതിർന്ന പല കവികളും ഇതിലുൾപ്പെടും. കലക്ടിവായ ഒരു ഐഡൻറിറ്റിയാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ സ്വത്വത്തിേൻറതായ പ്രതിസന്ധിയുണ്ടാകുന്നില്ല എന്നാണ് എെൻറ വിലയിരുത്തൽ.
നാഞ്ചിനാടിെൻറ സങ്കര സംസ്കാരമാണ് താങ്കളിലെ എഴുത്തുകാരൻ. താങ്കളുടെ ഏറ്റവും മികച്ച രചനകളിൽ ഒന്നായി ‘നൂറ് സിംഹാസനങ്ങളെ’ വിലയിരുത്താം. പക്ഷേ, നാലോ അഞ്ചോ പുസ്തകം ഒഴിച്ചുനിർത്തിയാൽ ജയമോഹെൻറ എഴുത്തുകൾ മലയാളത്തിന് ലഭിച്ചിട്ടില്ല. ‘നൂറ് സിംഹാസനങ്ങൾ’ പോലുള്ള പുസ്തകങ്ങൾ ഇനിയും താങ്കളിൽനിന്ന് മലയാളത്തിന് പ്രതീക്ഷിക്കാമോ?
‘നൂറ് സിംഹാസനങ്ങൾ’ എഴുതുന്നത് എനിക്ക് അമ്പത് വയസ്സ് തികയുന്ന വേളയിലായിരുന്നു. അഞ്ച് കൊല്ലങ്ങൾക്ക് മുൻപായിരുന്നു ആ നോവൽ എഴുതി പൂർത്തിയാക്കിയത്. അന്നൊക്കെ എനിക്കൊരുതരം നിരാശാഭരിതമായ കാലഘട്ടമായിരുന്നു. എന്ത് എഴുതിയാലും വായിച്ചാലും ഒരുതരം ഡിപ്രഷൻ. ഞാൻ വായിക്കുന്നതും എഴുതുന്നതുമെല്ലാം എല്ലാത്തരം ആദർശങ്ങൾക്കും എതിരാണെന്ന തോന്നൽ മനസ്സിൽ ശക്തിപ്പെട്ടു. വലിയ ആദർശധീരന്മാരുടെ സൗഹൃദത്തണലിൽ വളരാൻ ഭാഗ്യം ലഭിച്ചവനാണ് ഞാൻ. സുന്ദരരാമസ്വാമിയും എം. ഗോവിന്ദനും ആറ്റൂരും പി.കെ. ബാലകൃഷ്ണനെയും പോലുള്ളവരെ നേരിൽക്കണ്ട് അവർക്കൊപ്പം വളർന്നവനാണ് ഞാൻ. പിന്നെ അമ്പതാം വയസ്സിൽ ഞാനൊരു സന്ദേഹവാദിയായിമാറി. പിന്നീടാണ് ‘അറം’ എന്ന സമാഹാരം എഴുതുന്നത്. ആദർശത്തിൽ അടിയുറച്ചു ജീവിച്ചവരുടെ 12 കഥകളായിരുന്നു ‘അറം’ എന്ന സമാഹാരത്തിലുണ്ടായിരുന്നത്. പിന്നെ എഴുതിയതെല്ലാം പ്രചരിപ്പിക്കണമെന്ന ചിന്തയൊന്നും എനിക്കില്ലായിരുന്നു. ‘നൂറ് സിംഹാസനങ്ങൾ’ എഴുതിയതുകൊണ്ട് ജനങ്ങൾ മാറണമെന്നും മാറ്റിമറിക്കാമെന്നൊന്നും എനിക്ക് ഉദ്ദേശ്യമില്ലായിരുന്നു. അതിലുപരി ‘നൂറു സിംഹാസനങ്ങൾ’ എഴുതിയതിലൂടെ ആദർശാത്മകത തിരിച്ചുപിടിച്ചുവെന്ന് തോന്നുന്നു.
‘‘ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടുവശത്ത് നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമത്തിെൻറ അടിസ്ഥാനത്തിൽ ആ ക്ഷണംതന്നെ നായാടി അനീതിക്കിരയായി കഴിഞ്ഞു. അവൻ എന്ത് തെറ്റുചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്’’ ‘നൂറ് സിംഹാസനങ്ങളി’ലെ ധർമപാലൻ എന്ന നായാടി യുവാവ്, IAS ഇൻറർവ്യൂ ബോർഡിലെ ചോദ്യത്തിന് നൽകിയ മറുപടിയാണത്. അഴിമതിക്കപ്പുറം ബ്യൂറോക്രസിയിൽ ഒളിഞ്ഞിരിക്കുന്ന ദലിത്-ജാതി വിരുദ്ധതയെ വേണ്ടരീതിയിൽ അഭിസംബോധന ചെയ്യപ്പെടുന്നുണ്ടോ?
‘നൂറ് സിംഹാസനങ്ങൾ’ പ്രസിദ്ധീകരിച്ചപ്പോൾ ഉയർന്ന ചോദ്യം, ഇതൊക്കെ വാസ്തവത്തിൽ സംഭവിച്ചതാണോ, അതിശയോക്തി കലർത്തിയല്ലേ എഴുതിയത് എന്നൊക്കെയായിരുന്നു. പക്ഷേ, അതിൽ ഒരു കലാസൃഷ്ടിയുടെ തനത് രീതിയനുസരിച്ച് അതിഭാവുകത്വം ഉണ്ടാകാൻ പാടില്ല എന്ന ബോധ്യത്തോടെയാണ് IAS ഓഫിസറുടെ കഥ പറഞ്ഞിട്ടുള്ളത്. ഈ നോവൽ പുറത്തിറങ്ങി അഞ്ച് വർഷത്തിനകമായിരുന്നു തമിഴ്നാട്ടിലെ നാമക്കലിൽ വിഷ്ണുപ്രിയ എന്ന ദലിത്IPS ഓഫിസർ ആത്മഹത്യ ചെയ്തത്. അവർ കറുത്ത് തടിച്ച പെൺകുട്ടിയായിരുന്നു. ഉയർന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരെല്ലാം അവരെ അഭിസംബോധന ചെയ്തത് എയ്പ്(ape) എന്നായിരുന്നു. മരണശേഷം കണ്ടെടുത്ത വിഷ്ണുപ്രിയയുടെ ഡയറിയിൽനിന്നും അവരുടെ സുഹൃത്തുക്കളിലുംനിന്നുമാണ് ഇക്കാര്യം അറിയാൻ സാധിച്ചത്. വളരെ ശക്തവും നീചവുമായ ദലിത് ആക്രമണമായിരുന്നു അവർക്ക് നേരെയുണ്ടായിരുന്നത്.
ഒരാഴ്ചക്കകം ഏവരും ആ സംഭവം മറന്നുകളഞ്ഞു. അത്രയും വലിയ മനുഷ്യാവകാശ ധ്വംസനത്തിനും ദലിത് വേട്ടയാടലിനും എതിരെ ആരും സംസാരിച്ചില്ല. ഒരു വർഷത്തിന് ശേഷം വിഷ്ണുപ്രിയയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിൽ അന്വേഷണ സംഘവും ഭരണകൂടവും എത്തിച്ചേർന്നു. എല്ലാകാലത്തും ബ്യൂറോക്രസിയിൽ ദലിത്-ജാതി വിരുദ്ധത നിലനിന്നുപോരുന്നുണ്ട്, ഇപ്പോഴും നിലനിൽക്കുന്നു.
മലയാളികൾക്ക്, ഡോക്ടർ കൃഷ്ണമൂർത്തിയെയോ (ആന ഡോക്ടർ), ധർമപാലനെയോ (നായാടി വംശത്തിൽ പിറന്ന IASകാരൻ) വായിക്കുമ്പോൾ നെഞ്ചിലേക്ക് ആയിരമായിരം സൂചിമുനകൾ തറയ്ക്കുന്ന വായനാനുഭവം നൽകുന്നു. എഴുത്തിെൻറ ഈ രസതന്ത്രം സൃഷ്ടിക്കുന്നതെങ്ങനെയാണ്?
പ്രധാനമായും എഴുത്തിെൻറ രഹസ്യം, എഴുത്തുകാരൻ തന്നെ എവിടെ നിർത്തുന്നുവെന്നതാണ്. 1988ലാണ് ‘നൂറ് സിംഹാസനങ്ങൾ’ ആദ്യമായി എഴുതിത്തുടങ്ങുന്നത്. അന്ന് തിരുവണ്ണാമലൈയിൽ കൂടിയ എഴുത്തുകാരുടെ ഇടയിൽ ആ കഥ വലിയ താൽപര്യം ഉണ്ടാക്കിയില്ല. വർഷങ്ങൾക്കിപ്പുറം 2012ൽ ‘അറം’ എന്ന സമാഹാരം എഴുതിത്തുടങ്ങിയപ്പോൾ ആ പഴയ സുഹൃത്ത് വീണ്ടും പറയുകയുണ്ടായി ഒന്നുകൂടി പഴയ IAS ഓഫിസറുടെ കഥയെഴുതൂവെന്ന്. അങ്ങനെയാണ് വീണ്ടും ‘നൂറ് സിംഹാസനങ്ങൾ’ എഴുതിത്തുടങ്ങുന്നത്. ആദ്യം എഴുതിയ വേർഷൻ അവൻ എന്നായിരുന്നു, രണ്ടാമത് എഴുതിയപ്പോൾ അവന് പകരം ഞാൻ എന്നാക്കിമാറ്റി. ഞാൻ എന്നെഴുതുമ്പോൾ വളരെ റിയലായി മാറി. അവൻ ഞാൻ എന്നാകുന്നു. empathy ആണ് കഥയുടേ കാതൽ. നമ്മൾ ആ കഥാപാത്രത്തെ നോക്കിക്കണ്ടാൽ ശരിയാകില്ല, നമ്മൾ ആ കഥാപാത്രമായി മാറുകയാണ് വേണ്ടത്. രൂപാന്തരപ്പെടുക എന്നൊക്കെ വിശേഷിപ്പിക്കാം. അതാണ് ഒരു കഥയിലേക്ക് നമ്മെ കൊണ്ടുപോകുന്നത്.
മലയാള കവിതകളെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തലുകൾ വിവാദമായിരുന്നല്ലോ? താങ്കളുടെ വിലയിരുത്തലുകൾ ശരിയല്ലെന്നും താങ്കൾക്ക് മലയാളം ശരിക്കും അറിയില്ലെന്നും പറഞ്ഞ് കെ.ആർ. ടോണി കത്തെഴുതുകയുണ്ടായി?
1995ൽ കുറ്റാലത്ത് ഞാൻ തന്നെ മുൻകൈ എടുത്ത് തമിഴ്-മലയാളം കവികളുടെ ഒരു കവി സമ്മേളനം സംഘടിപ്പിച്ചിരുന്നു. അതിന് ശേഷം 13 ലധികം കവി സമ്മേളനങ്ങളും സംഘടിപ്പിച്ചു. ’95ൽ ചേർന്ന ആദ്യ കവി സമ്മേളനത്തിൽ പങ്കെടുത്ത മലയാളം കവികളെല്ലാംതന്നെ അഞ്ചും ആറും പേജുകളുള്ള കവിതകളാണ് വായിച്ചത്. കെ.ആർ. ടോണിയൊക്കെ കുറ്റാലം കവിസമ്മേളനത്തിലാണ് പങ്കെടുത്തത്. മലയാളം കവികളെല്ലാം അവരുടെ കവിതകൾ പദ്യരൂപത്തിൽ ചൊല്ലുകയായിരുന്നു. എന്നാൽ തമിഴ് കവികളെല്ലാം വളരെ ഷാർപ്പായാണ് അവരുടെ കവിതകൾ അവതരിപ്പിച്ചത്. വൈകാരികതയെ വലിച്ചുനീട്ടാതെ വായനക്കാരെൻറ ഭാവനക്ക് ഒരുപാട് സ്ഥാനം നൽകുകയാണ് തമിഴ് കവികൾ ചെയ്തത്. എന്നാൽ, മലയാള കവികൾ വൈകാരികതയുടെ ഒരു പ്രതീതി ലോകമാണ് സൃഷ്ടിച്ചത്. അന്ന് പ്രമുഖരായ ചില തമിഴ് കവികൾ കുറ്റാലം ക്യാമ്പിൽ പങ്കെടുത്തിരുന്നു. അവർ പറഞ്ഞത് ഇപ്പോൾ ഇങ്ങനെയുള്ള കവിതകൾക്ക് സ്ഥാനമില്ലെന്നായിരുന്നു. ഇത്തരം കവിതകളെല്ലാം നെരൂദയുടെ കാലത്തുള്ളതായിരുന്നുവെന്നും അവർ വിമർശിച്ചു.
ഒരു വലിയ ജനതയെ അഭിമുഖീകരിക്കുന്ന കാലത്ത് ഇതുപോലുള്ള കവിതകൾക്ക് പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ, സെൻസിറ്റിവായ വായനക്കാരനെ സംബന്ധിച്ച് ഇത്രയും വൈകാരികപ്രകടനത്തിെൻറ ആവശ്യമില്ല. ആ വായനക്കാരെൻറ ഭാവനയെ ഒന്നു സ്പർശിക്കുക മാത്രം ചെയ്താൽ മതി. ഇത് എെൻറ മാത്രം അഭിപ്രായമായിരുന്നില്ല. എന്നാൽ, കുറ്റാലം സമ്മേളനത്തിന് ശേഷം ക്യാമ്പിൽ പങ്കെടുത്ത ചില മലയാളം കവികൾ ഈ വിമർശനങ്ങൾക്കെതിരെ രംഗത്തെത്തി. കവിത എന്ന് പറയുന്നത് ജനങ്ങളുടെ ഉത്സവമാണ് എന്നൊക്കെയായിരുന്നു അവരുടെ വിമർശനം. ഇതിന് മറുപടിയായി ഞാനൊരു ലേഖനം എഴുതി.
കവിത ഓരോ കാലഘട്ടത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. കാൽപനികമായ കവിതകളിൽ വികാരങ്ങളുടെ കവിഞ്ഞൊഴുക്ക് ഉണ്ടാകും. ആധുനിക കവിത ഇതിൽനിന്നെല്ലാം കടന്നുവന്നതാണ്. ഉദ്ബുദ്ധരല്ലാത്ത ആൾക്കൂട്ടത്തെ നോക്കി ചൊല്ലേണ്ട കവിതകൾക്ക് ഇത്തരം ഭാവങ്ങൾ ഉണ്ടാകേണ്ടതാണ്. എന്നാൽ പ്രബുദ്ധരായ കവിതവായനക്കാർ വായിക്കുന്ന കവിതകൾക്ക് മൂർച്ചയുണ്ടാകണം, ഒതുക്കമുണ്ടാകണം. പുതിയകാല കവിതകൾ ഇങ്ങനെയാണ്. കുറ്റാലം സമ്മേളനത്തിൽ അവതരിപ്പിച്ച മലയാള കവിതകളെല്ലാം കാൽപനികമായിരുന്നു, അതിന് ഇക്കാലത്ത് വലിയ പങ്കൊന്നും അവകാശപ്പെടാനാകില്ല. അന്നും ഇന്നും എെൻറ അഭിപ്രായം ഇതുതന്നെയാണ്. വിമർശനങ്ങളോട് മുഖംതിരിച്ച മലയാള കവികളിൽ പലരും കുറ്റാലം സമ്മേളനത്തിന് ശേഷം അഞ്ച് വർഷത്തിനുള്ളിൽതന്നെ തമിഴ് കവികളുടെ രൂപത്തിലേക്ക് എത്തിച്ചേർന്നു.
കെ.ആർ. ടോണിയെ നല്ല കവിയായൊന്നും ഞാൻ വിലയിരുത്തുന്നില്ല. എനിക്ക് ഇഷ്ടപ്പെട്ട ധാരാളം കവികൾ മലയാളത്തിലുണ്ട്. പ്രധാനപ്പെട്ട മലയാള കവികളുടെ അഞ്ചോളം കവിതാ സമാഹാരങ്ങൾ ഞാൻ തമിഴിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കവിത ആശയമോ വികാരമോ അല്ല. അതിനപ്പുറമെത്തുന്ന ഒന്നാണ്. അതൊരു സമാന്തര ആത്മീയതയാണ്. അതിെൻറ ഒരു ഭാഗമായി വൈകാരികതയെ കവിതയിലേക്ക് കൊണ്ടുവരുകയും അത് വളരെ കുറച്ചുമാത്രം പറഞ്ഞ് ബാക്കി വായനക്കാരനെക്കൊണ്ട് ഭാവന ചെയ്യിക്കുകയുമാണ് വേണ്ടത്. അങ്ങനെ മലയാളത്തിൽ എഴുതുന്ന കവികൾ കുറ്റാലം സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. പി. രാമൻ, പി.പി. രാമചന്ദ്രൻ, കൽപറ്റ നാരായണൻ, ടി.പി. രാജീവൻ, വീരാൻകുട്ടി എന്നിവർ ഒരുപാട് നല്ല കവിതകൾ എഴുതി. കുറ്റാലം കവിസമ്മേളനത്തിന് ശേഷം എട്ട് കവിസമ്മേളനങ്ങൾ സംഘടിപ്പിച്ചു. ഈ സമ്മേളനങ്ങളിലൂടെ തമിഴ് കവികളുടെയും മലയാള കവികളുടെയും മനസ്സിൽ, ആശയങ്ങളിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു.
സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് താങ്കൾ. പുതിയകാല എഴുത്തിനെ ഇത് എങ്ങനെ സ്വാധീനിക്കുന്നുണ്ട്?
തമിഴിൽ ജനപ്രിയ മാധ്യമം എന്നത് ഗൗരവമുള്ള എഴുത്തിന് തീരെ എതിരായ ഒന്നായിരുന്നു. സുന്ദരരാമസ്വാമി എന്ന മഹാനായ ഒരെഴുത്തുകാരൻ ഇവിടെയുണ്ടായിരുന്നു. പക്ഷേ, ഒരു ജനപ്രിയ മാധ്യമവും അദ്ദേഹത്തെ സ്വീകരിച്ചിരുന്നില്ല. ലിറ്റിൽ മാഗസിനിലൂടെ ലോകം അറിഞ്ഞയാളായിരുന്നു സുന്ദരരാമസ്വാമി. ഞാനും എഴുതിത്തുടങ്ങിയത് ലിറ്റിൽ മാഗസിനിലൂടെയായിരുന്നു. 2000ത്തിന് ശേഷം സോഷ്യൽ മീഡിയ, ഇലക്ട്രോണിക് മീഡിയ എന്നിവ ശക്തമായ ഘടകമായി മാറി. അത് വളരെ ചെലവ് കുറഞ്ഞ മാധ്യമമായി വർത്തിച്ചു. ഓൺലൈൻ വന്നതോടുകൂടി ചൊൽപുതിതു എന്ന ലിറ്റിൽ മാഗസിൻ നടത്തിയിരുന്ന ഞാൻ മരുതം എന്ന ഓൺലൈൻ മാഗസിൻ തുടങ്ങി. തമിഴിലെ തന്നെ ആദ്യ ഓൺലൈൻ മാഗസിനായിരുന്നു മരുതം. പിന്നീട് ഞാൻ വൈബ്സൈറ്റ് ആരംഭിച്ചു. ഇപ്പോൾ തമിഴിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള സാഹിത്യ മാഗസിനുകളെക്കാളും കൂടുതൽ പേർ എെൻറ വെബ്സൈറ്റ് വായിക്കുന്നുണ്ട്. ഒരുദിവസം 75,000ത്തിലധികം പേർ വെബ്സൈറ്റ് സന്ദർശിക്കുന്നുണ്ട്. തമിഴിൽ വേറെ ഏതൊരു ജനപ്രിയ മാധ്യമങ്ങൾക്കും ഇത്രയധികം വായനക്കാരില്ല. ചിലപ്പോൾ അവർ എെൻറ വെബ്സൈറ്റിലെ കാര്യങ്ങളെടുത്താണ് പബ്ലിഷ് ചെയ്യാറ്. എഴുത്തുകാരന് സ്വയമൊരു മാധ്യമമുണ്ടായി എന്നതാണ് ഇലക്ട്രോണിക് മീഡിയയുടെ വരവോടുകൂടി സാധ്യമായത്. ഞാൻ വെറുതെ എഴുത്ത് മാത്രം നടത്തിയ എഴുത്തുകാരൻ അല്ല. സ്വയം ഒരു സ്ഥാപനം ആകുകയാണുണ്ടായത്. അതിെൻറ ആവശ്യം ഉണ്ടായിരുന്നു. ആധുനിക സാഹിത്യത്തിന് വായനക്കാരെ ഉണ്ടാക്കിയെടുത്ത്. അതിനുവേണ്ടി നൂറിലേറെ പുസ്തകങ്ങൾ തമിഴ് സാഹിത്യ മുന്നോടികൾപ്പറ്റി എഴുതി. മുപ്പതു കൊല്ലമായി നൂറിലേെറ സാഹിത്യമേളകൾ നടത്തിയിടുണ്ട്. ഇൻറർനെറ്റ് ഇതിനെല്ലാം വളരെയേറെ സഹായിച്ചിട്ടുണ്ട്.
ഓൺലൈൻ മീഡിയയുടെ ഉദയത്തോടെ തമിഴിൽ വാണിജ്യ എഴുത്തുകാരുടെ പ്രാധാന്യം നഷ്ടപ്പെട്ടു. ഇന്ന് തമിഴിൽ ബാലകുമാരനോ സുജാതക്കോ വലിയ പ്രാധാന്യമൊന്നുമില്ല. ഇന്ന് തമിഴിൽ വായിക്കപ്പെടുന്നതെല്ലാം സീരിയസ് എഴുത്തുകാരുടെ കൃതിയാണ്. ഗുണങ്ങൾ മാത്രമാണ് നമ്മൾ ചർച്ച ചെയ്തതത്. വായനയെ സംബന്ധിച്ച് ഇലക്ട്രോണിക് മീഡിയക്ക് ദോഷവശങ്ങളുമുണ്ട്. വളരെ വേഗത്തിലുള്ള വായനയാണ് ഇപ്പോൾ നടക്കുന്നത്. വായിച്ചതൊന്നും നാം ഓർത്തുവെക്കാറില്ല. എളുപ്പം എഴുതുക, എളുപ്പം വായിക്കുക എന്നിങ്ങനെ ചുരുങ്ങിപ്പോകാറുണ്ട്.
മഹാഭാരതത്തെക്കുറിച്ചുള്ള ബൃഹത്തായ നോവലിെൻറ പണിപ്പുരയിലാണെന്ന് പറഞ്ഞു. വെൺമുരശ് എന്ന നോവൽ 30,000ത്തോളം പേജുകൾ വരുമെന്ന് പറയുന്നു. അതായത് മഹാഭാരതത്തിെൻറ മൂന്നിരട്ടിയോളം. 2014ൽ തുടങ്ങിയ എഴുത്ത് ഇപ്പാൾ എങ്ങനെ പുരോഗമിക്കുന്നു? ‘വെൺമുരശ്’ എന്ന് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ?
‘വെൺമുരശി’െൻറ 20,000ത്തിലധികം പേജുകൾ എഴുതിക്കഴിഞ്ഞിരിക്കുന്നു. ഇനി 5000ത്തിലധികം പേജുകൾകൂടി എഴുതാനുണ്ട്. 2019ഓടെ ‘വെൺമുരശ്’ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. എല്ലാദിവസവും ഞാൻ എഴുതിക്കൊണ്ടിരിക്കുകയാണ്. താങ്കൾ ഇവിടെ വരുമ്പോഴും ഞാൻ എഴുതുകയായിരുന്നു. മഹാഭാരതത്തിന് ഏകദേശം 8000ത്തോളം പേജുകളാണുള്ളത്. ‘വെൺമുരശ്’ മഹാഭാരതത്തിെൻറ നാലിരട്ടിയോളംവരെ വന്നേക്കാം. മൂലകൃതിയെ ആസ്പദമാക്കി മാത്രമല്ലത്, മഹാഭാരതവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റ് പുരാണേതിഹാസങ്ങളെക്കൂടി ഉൾക്കൊള്ളിച്ചാണ് ‘വെൺമുരശ്’ എഴുതുന്നത്. ഒരിടത്തും വ്യാസൻ വലിയതോതിലുള്ള വിഷ്വൽസ് സൃഷ്ടിക്കുന്നില്ല. യുദ്ധരംഗങ്ങളൊന്നും ഇന്നു നാം കാണുന്ന തരത്തിൽ വ്യാസൻ വ്യാഖ്യാനിച്ചിട്ടില്ല. എന്നാൽ നീതി, ധർമം എന്നിവയെക്കുറിച്ച് വളരെ ബൃഹത്തായരീതിയിൽ വ്യാഖ്യാനിച്ചിട്ടുമുണ്ട്. ബാക്കി കാര്യങ്ങളെല്ലാം വളരെ ചുരുക്കിയാണ് വ്യാസൻ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ, നമ്മളെഴുതുമ്പോൾ മഹാഭാരതത്തിെൻറ ഭൂമിശാസ്ത്രപരമായ കാര്യങ്ങളും മറ്റും കൂട്ടിച്ചേർക്കുന്നു.
ഞാൻ മഹാഭാരതത്തെ പുനരാഖ്യാനം ചെയ്യാൻ ചില കാരണങ്ങളുണ്ട്. മഹാഭാരതത്തിൽ വീരന്മാർക്കും ഋഷിമാർക്കുമാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ഇതിഹാസത്തിൽ പാണ്ഡുവിനോ വിചിത്രവീരനോ വലിയതരത്തിലുള്ള റോളൊന്നുമില്ല. സ്ത്രീകൾക്കാകട്ടെ മഹാഭാരതം വലിയ പ്രാധാന്യം നൽകുന്നതേയില്ല. കുന്തിയും പാഞ്ചാലിയും ഒഴിച്ചുനിർത്തിയാൽ മഹാഭാരതത്തിൽ സ്ത്രീകൾ മിക്കവാറും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ദുര്യോധനെൻറ ഭാര്യയായ ഭാനുമതിയുടെ പേര് പരാമർശിക്കുന്നത് സ്ത്രീപർവത്തിൽ മാത്രമാണ്. പക്ഷേ, എെൻറ നോവലായ ‘വെൺമുരശി’ൽ സ്ത്രീകൾക്ക് വലിയ പ്രാധാന്യം നൽകിയാണ് എഴുതിയിട്ടുള്ളത്. അവരുടെ സമഗ്രമായ ജീവിതത്തെ ആവിഷ്കരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് വലുപ്പത്തിൽ ‘വെൺമുരശ്’ മഹാഭാരതത്തിെൻറ നാലിരട്ടിയോളം വന്നേക്കാം.
രണ്ടാമൂഴ’ത്തെച്ചൊല്ലിയുള്ള വിവാദം അറിഞ്ഞിരിക്കുമല്ലോ, എം.ടിയുടെ ‘രണ്ടാമൂഴം’ സിനിമയാകുമ്പോൾ അതിന് മഹാഭാരതം എന്ന പേരിടാൻ അനുവദിക്കില്ലെന്ന് തീവ്ര ഹിന്ദുസംഘടനകൾ പറയുന്നു!
ഹൈന്ദവപാരമ്പര്യത്തിെൻറ ഏറ്റവും വൃത്തികെട്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇപ്പോൾ കുറെ പേർ ഹൈന്ദവരുടെ കുത്തക ഏറ്റെടുക്കാൻവരുന്നു. ഹിന്ദുവെന്ന് പറഞ്ഞുവരാൻ ഇവർക്ക് ആരാണ് അധികാരം നൽകുന്നത്. സംഘ്പരിവാർ ഒന്നും വായിക്കുകയോ പഠിക്കുകയോ ചെയ്യാത്തവരാണ്. വിവരമില്ലായ്മകൊണ്ടാണ് ഇത്തരം ആരോപണങ്ങളുമായി രംഗത്തുവരുന്നത്. മുന്പ് എം.എം. ബഷീർ രാമായണത്തെക്കുറിച്ച് മാതൃഭൂമിയിൽ എഴുതിയപ്പോഴും ഇത്തരം ചിലർ പ്രതിഷേധവുമായി രംഗത്തെത്തുകയുണ്ടായി. മുൻപ് ഇവിടെ വ്യത്യസ്ത ആശയങ്ങൾ തമ്മിൽ രൂക്ഷമായ പോരാട്ടങ്ങൾതന്നെ നടന്നിരുന്നു. ശൈവരും വൈഷ്ണവരും തമ്മിൽ യുദ്ധമുണ്ടായിരുന്നു. ജൈനമതവുമായും സംഘർഷമുണ്ടായി. പക്ഷേ, അവരൊക്കെ ധാരണയുള്ളവരായിരുന്നു. അവർ എല്ലാത്തിനെക്കുറിച്ചും പഠിക്കാനും അറിയാനും ശ്രമിച്ചിരുന്നു. ഹിന്ദുധർമപരിപാലനത്തിനായി ഇന്ന് വരുന്നവർ എഴുത്തും വായനയും അറിയാത്ത ഗുണ്ടകളാണ്. ആത്യന്തികമായി ഇത് ഹൈന്ദവ ധർമത്തിെൻറ നാശത്തിന് വഴിയൊരുക്കും. മഹാഭാരതമെന്ന പേരിടണമോ രണ്ടാമൂഴം എന്ന പേരിടണമോയെന്നൊക്കെ തീരുമാനിക്കേണ്ടത് മഹാഭാരതം ഒരിക്കലെങ്കിലും വായിച്ചവരാണ്, അല്ലാതെ ഒന്നും വായിക്കുകയും പഠിക്കുകയും ചെയ്യാത്ത വിഡ്ഢികളല്ല.
ഇരാവതി കാർവേയുടെ യുഗാന്തിൽ മഹാഭാരതത്തെ വിശേഷിപ്പിച്ചത് ഇന്ത്യയുടെ മതാതീത പാരമ്പര്യത്തിെൻറ പ്രതീകമെന്നാണ്. മഹാഭാരതം പോലുള്ള വലിയൊരു ഇതിഹാസത്തെ, വാമൊഴി പാരമ്പര്യത്തെ ബ്രാഹ്മണിക് ഐഡിയോളജി എങ്ങനെയെല്ലാമാണ് ഹൈജാക്ക് ചെയ്യുന്നത്?
മഹാഭാരതം ആത്യന്തികമായി ഒരു വംശകഥയാണ്. പാണ്ഡവരുടെയും കൗരവരുടെയും മാത്രമല്ല മുഴുവൻ അസുരന്മാരുടെയും വംശകഥ അതിലുണ്ട്. രണ്ടാമതായി ഇതൊരു മഹത്തായ കാവ്യസൃഷ്ടിയാണ്. മൂന്നാമതായി മഹാഭാരതം ഒരു മഹാദർശനമാണ്. ഒരർഥത്തിൽ വേദാന്ത ദർശനത്തിെൻറ ഒരു പ്രൊജക്ഷനാണത്. ഈ മൂന്നു സ്വഭാവങ്ങളും കൂടിക്കലർന്നതാണ് മഹാഭാരതം. ഭാരതമണ്ണ് പോലെതന്നെ അതുമൊരു മണ്ണാണ്. ആരാണോ മണ്ണ് പിടിച്ചെടുക്കുന്നത് അവർ അതിനെയും പിടിച്ചെടുക്കുന്നു. മുൻകാലങ്ങളിൽ ആരായിരുന്നു ഈ മണ്ണ് ഭരിച്ചിരുന്നത്? ബ്രാഹ്മണന്മാരായിരുന്നു. മനുഷ്യനുമേൽ അധീശത്വം സ്ഥാപിച്ചവർ മഹാഭാരതത്തെയും പിടിച്ചടക്കി. ഇന്ന് മഹാഭാരതം എടുത്തുനോക്കിയാൽ പ്രക്ഷിപ്തം എന്നുപറയും, അഥവാ കൂട്ടിച്ചേർക്കൽ എന്ന് പറയുന്ന പക്തികൾ ധാരാളമുണ്ട്. ഉദാഹരണത്തിന് ധൃതരാഷ്ട്രർക്ക് കണ്ണുകാണില്ല, എന്തുകാരണത്താലാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന് ചോദിച്ചാൽ ദർഭകൊണ്ട് ഒരു ബ്രാഹ്മണനെ അടിച്ചതിനാലാണ് എന്നൊരു ആഖ്യാനം കൂട്ടിച്ചേർക്കുന്നു. ഇതുപോലുള്ള ധാരാളം കഥകൾ മഹാഭാരതത്തിലുണ്ട്. ഇവയൊക്കെ കൂട്ടിച്ചേർത്ത ബ്രാഹ്മണന്മാർ സൗകര്യപൂർവം ഇതൊരു ബ്രാഹ്മണിക്കൽ കൃതിയാണെന്ന വ്യാഖ്യാനം കൊണ്ടുവരുകയാണ്. വാമൊഴി പാരമ്പര്യത്തിലൂടെയാണ് മഹാഭാരതം ഇന്നുകാണുന്ന രീതിയിൽ വികസിച്ചിട്ടുള്ളത്. അത് ബ്രാഹ്മണർ സൗകര്യപൂർവം വിനിയോഗിച്ചുവെന്ന് വേണം മനസ്സിലാക്കാൻ.
മഹാഭാരതത്തെ സംബന്ധിച്ച ഭക്തിപ്രസ്ഥാന കൃതികളിൽ ഭഗവദ്ഗീത ഒരു ഉള്ളടക്കമേയല്ല. എഴുത്തച്ഛെൻറ മഹാഭാരതം കിളിപ്പാട്ടിൽ ഗീതാ ഉപദേശം നൽകിയെന്ന് പറഞ്ഞുപോകുന്ന നാലുവരിയിൽ കൂടുതലായി ഒന്നും കാണുന്നില്ല. പക്ഷേ, സംഘ്പരിവാർ സംഘടനകൾ ഗീത മഹാഭാരതത്തിലെ ഏറ്റവും വലിയ ഘടകമാണെന്ന് വാദിക്കുന്നു?
ക്ലാസിക്കൽ കൃതികൾക്ക് കേന്ദ്ര ബിന്ദു, മഹാദർശനം ഉണ്ടാകും. എന്നാൽ, മഹാഭാരതത്തെ വിലയിരുത്തിയാൽ അങ്ങനെ ഒരു ഉറച്ച കേന്ദ്രം കാണാൻ കഴിയില്ല. പക്ഷേ, മഹാഭാരതത്തിെൻറ കേന്ദ്ര ദർശനമായി ഒരുപക്ഷേ ഭഗവദ്ഗീതയെ കൊണ്ടുവരാവുന്നതാണ്. മഹാഭാരതയുദ്ധംതന്നെ ഭഗവദ്ഗീതക്കു വേണ്ടിയുള്ളതാണ്. ഗീത ഒരു വേദാന്തിക് ടെസ്റ്റാണ്. വേദാന്തം അഥവാ ജ്ഞാനമാർഗം എല്ലാവർക്കും ഉള്ളതല്ല. പൊതുവായി ഭക്തിയുടേതാണ്. അതുകൊണ്ട് ഇന്ത്യയിലെ ഒരു ഭാഷയിലും ഭഗവദ്ഗീതക്ക് വിവർത്തനങ്ങൾ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടെന്നാൽ അത് വേദാന്തിക് സ്കൂളിേൻറതാണ്, വൈഷ്ണവ മതത്തിേൻറതല്ല. ഭഗവദ്ഗീത എപ്പോഴാണ് ഇന്ത്യയുടെ കോമൺ ടെക്സ്റ്റായി മാറിയതെന്ന് പരിശോധിച്ചാൽ അത് 1800കളിലാണെന്ന് മനസ്സിലാകും. യൂറോപ്യന്മാരാണ് ഭഗവദ്ഗീതക്ക് ഇത്തരത്തിൽ പ്രചാരം നൽകിയത്. അവരിലൂടെയാണ് പിൽക്കാലത്ത് ഹിന്ദുക്കൾപോലും ഭഗവദ്ഗീതയെക്കുറിച്ച് മനസ്സിലാക്കിയത്. താങ്കൾ ചോദിച്ചതുപോലെ, എന്തുകൊണ്ടാണ് എഴുത്തച്ഛൻ മഹാഭാരതത്തെ വ്യാഖ്യാനിച്ചപ്പോൾ ഗീത വലിയൊരു ഘടകമല്ലാതിരുന്നതെന്ന് ചോദിച്ചാൽ അദ്ദേഹം ഭക്തിപ്രസ്ഥാനത്തിെൻറ ആളാണെന്നാണ് മറുപടി. ഭക്തിയെ പിന്തുടരുന്ന ആളിന് വേദാന്തത്തെ പിന്തുടരേണ്ട ആവശ്യമില്ല. അവർക്ക് ഭഗവദ്ഗീത വലിയ കാര്യമല്ല.
പക്ഷേ, സംഘ്പരിവാറിന് ഗീതയിലൂടെ വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങൾ നിറവേറ്റാനുണ്ട്. അവർ അത് സമർഥമായി ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു?
മനസ്സിലാക്കേണ്ട ഒരുകാര്യമുണ്ട്. യഥാർഥത്തിൽ ഈ ചർച്ചകളൊന്നും ഇവരോടല്ല നടത്തേണ്ടത്. എന്നെ ചർച്ചക്കായി ക്ഷണിക്കുന്ന ആൾക്ക് ആദ്യം ആ വിഷയത്തിെൻറ എ.ബി.സി.ഡി പറഞ്ഞുകൊടുക്കേണ്ടിവരുന്നു, എന്നിട്ടേ ചർച്ചയിലേക്ക് കടക്കാൻ സാധിക്കൂവെന്ന് വന്നാലോ! ഞാൻ സൂചിപ്പിച്ചത് സംഘ്പരിവാറിെൻറ കാര്യമാണ്. തത്ത്വചിന്തയുടെയോ ഹിന്ദു സംസ്കാരത്തിെൻറയോ ഒരു അംശവും ഹൈന്ദവവാദികളിലില്ല.
സംഘ്പരിവാറിന് ഫിലോസഫി ആവശ്യമില്ലായിരിക്കാം. പക്ഷേ, ഫിലോസഫി രാഷ്ട്രീയവത്കരിക്കുന്നതിൽ അവർ വിജയിച്ചുകഴിഞ്ഞിരിക്കുന്നു. ആറ്റംബോംബിനെക്കുറിച്ചും ക്വാണ്ടം മെക്കാനിക്സിനെക്കുറിച്ചും ഇതിഹാസത്തിലുണ്ടെന്ന് പറയുന്നത് ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ പ്രമുഖ നേതാക്കളാണ്.
ഇരുപത്തി അഞ്ച് വർഷംകൊണ്ട് മഹാഭാരതം വായിച്ച് തീർത്തയാളാണ് ഞാൻ. ഇവർ പറയുന്നപോലുള്ള ഒന്നും മഹാഭാരതത്തിലില്ല. ഇവർ പറയുന്നത് ശുദ്ധ അസംബന്ധമാണ്. മഹാഭാരതമെന്ന് പറയുന്നത് ഒരു ട്രൈബൽ ടെക്സ്റ്റാണ്. അതിെൻറ പല ഭാഗങ്ങളും പ്രിമിറ്റിവ് ആണ്. പല ഭാഗങ്ങൾ ഉജ്ജ്വലമായ കവിത. പല ഭാഗങ്ങൾ മഹാദർശനവും. നിങ്ങൾ ഒരുകാര്യം മാത്രം ചിന്തിച്ചാൽ മതി, മഹാഭാരതത്തിൽ കടലിനെക്കുറിച്ച് പരാമർശമുണ്ടോ? കടലിനെക്കുറിച്ചുള്ള പരാമർശങ്ങൾ വളരെ കുറവും അപൂർണവുമാണ്. പിന്നെ ചിലഭാഗത്ത് സൂചിപ്പിക്കുന്നത് മുതലകൾ നിറഞ്ഞ കടൽ എന്നാണ്. അങ്ങനെ വ്യാഖ്യാനിക്കാൻ ഒരുകാരണമുണ്ട്. മുതലകൾ കടൽത്തീരത്തിനോട് ചേർന്നാണ് കാണപ്പെട്ടിരുന്നത്. ആഴക്കടലിൽ അവയെ കാണാൻകഴിയില്ല. ഭാരതത്തിെൻറ മധ്യദേശത്ത് താമസിച്ചിരുന്നവർ യാദൃച്ഛികമായി കടൽ കാണുമ്പോൾ കടൽത്തീരത്ത് നിറയെ മുതലകളായിരിക്കും. അതോടെ അവർ വിചാരിച്ചു കടൽ മുഴുവൻ മുതലകളായിരിക്കുമെന്ന്. കാരണം അവർ ഉൾക്കടലിലേക്ക് പോയിരുന്നില്ല. ഇരുമ്പ് യുഗത്തിെൻറ കാലഘട്ടത്തിൽ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെട്ട ഒരു കവിക്ക് കടലിലൂടെ സഞ്ചരിച്ച് അതിനെ വിവരിക്കാൻ സാധിച്ചുവെന്ന് വരില്ല. അപ്പോൾ അവർ കണ്ട കാര്യത്തെ വിവരിക്കും. മഹാഭാരതമെന്നത് ഒരുപാട് പുഴകളും ഓടകളും വന്നുചേർന്ന ഒരു മഹാനദിയാണ്. നാമാവലികൾ, നീതിശാസ്ത്രങ്ങൾ ഇവയൊക്കെ പിൽക്കാലത്ത് മഹാഭാരതത്തിൽ കൂടിച്ചേർന്നതാണ്. മഹാഭാരതത്തിൽ ഒരുഭാഗത്ത് യുധിഷ്ഠിരൻതന്നെ ജാതിവ്യവസ്ഥിതിയെ നിശിതമായി വിമർശിക്കുന്നുണ്ട്. മനുഷ്യെൻറ മേന്മ അവെൻറ ജന്മംകൊണ്ടല്ല കർമംകൊണ്ടാണെന്ന് യുധിഷ്ഠിരൻ വ്യാഖ്യാനിക്കുന്നു. ജന്മനാ കുലമഹിമ പറയുന്നവൻ വിഡ്ഢിയാണെന്നും യുധിഷ്ഠിരൻ പറയുന്നുണ്ട്. എന്നാൽ മഹാഭാരതത്തിെൻറ മറ്റൊരു ഭാഗത്ത് ഇതേ യുധിഷ്ഠിരൻ മനുഷ്യെൻറ നന്മയും തിന്മയും സൃഷ്ടിക്കപ്പെടുന്നത് കുലമഹിമകൊണ്ടാണെന്നും പറയുന്നു. ഇതിലൊന്ന് പിന്നീട് കൂട്ടിച്ചേർത്തതാകാം. മഹാഭാരതമെന്നത് ബൃഹത്തായ ഒരു കൂടിക്കലർപ്പാണ്. അതുകൊണ്ടുതന്നെ ശാസ്ത്രങ്ങളിലുള്ള ചില പരാമർശങ്ങളൊക്കെ ഇതിഹാസത്തിലും കണ്ടേക്കാം. പത്താം നൂറ്റാണ്ടിൽ വരെ കൂട്ടിച്ചേർക്കലുകൾ നടന്നിരുന്നു. ഉദാഹരണമായി പാഞ്ചാലിയുടെ വസ്ത്രാക്ഷേപം തന്നെയെടുക്കാം. ഇത് ശരിക്കും മഹാഭാരതത്തിലില്ല. ഉത്തരഭാരതത്തിലെ മഹാഭാരതത്തിൽ ഇങ്ങനെയൊരു കഥ കാണാൻ കഴിയില്ല. ദക്ഷിണഭാരതത്തിൽ പ്രചരിച്ച കഥാഭാഗമാണിത്. മഹാഭാരതത്തിന് ഒരു ഏകരൂപം ഉണ്ടായിരുന്നില്ല. ഇതിനൊരു ഏക സ്വഭാവം കൊണ്ടുവന്നത് പാശ്ചാത്യരാണ്.
ഡി.ഡി. കൊസാംബി, ആർ.എസ്. ശർമ, റോമില ഥാപ്പർ തുടങ്ങിയ ചരിത്രകാരന്മാരുടെ മഹാഭാരത വ്യാഖ്യാനം എത്രത്തോളം പ്രാധാന്യമർഹിക്കുന്നുണ്ട്?
എനിക്ക് മാർക്സിസ്റ്റ് ചരിത്രകാരന്മാരോട് ഒരുപാട് വിയോജിപ്പുകളുണ്ട്. കാരണം, ഇന്നുണ്ടാകുന്ന ഹൈന്ദവ തരംഗത്തിന് പ്രധാന കാരണം റോമില ഥാപ്പർ, ആർ.എസ്. ശർമ, കെ.എൻ. പണിക്കർ പോലുള്ള മാർക്സിസ്റ്റ് ചരിത്രകാരന്മാരാണ്.
മാർക്സിസ്റ്റ് ചരിത്രകാരന്മാരുടെ മഹാഭാരത വ്യാഖ്യാനം എങ്ങനെ ഹൈന്ദവവത്കരണത്തിന് ഇടയാകും? അങ്ങനെ വിലയിരുത്തിയാൽ താങ്കൾ നേരത്തേ പറഞ്ഞതിന് നേർവിപരീതമാകില്ലേ?
മാർക്സിസ്റ്റ് ചരിത്രകാരന്മാർ പ്രാഥമികമായി ചെയ്തുപോന്നത് ചൂഷണ സമ്പ്രദായത്തിെൻറ ഭാഗമായിനിന്നുകൊണ്ടുള്ള ചരിത്രരചന മാത്രമാണ്. എന്നാൽ മഹാഭാരതത്തെയോ ഇന്ത്യൻ സംസ്കാരത്തെയോ വ്യാഖ്യാനിക്കുന്നതിൽ ഇവർക്ക് പിഴവ് പറ്റി. വെറും ചൂഷണത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ട വാചാടോപമല്ല മഹാഭാരതംപോലുള്ള കൃതികൾ. മനുഷ്യെൻറ നിതാന്തമായ അന്വേഷണത്തിെൻറയും കവിതയുടെയും കണ്ടെത്തലിെൻറയും സൃഷ്ടികളാണവ. മഹാകവികൾ എഴുതിയതാണ്. ദാർശനികർ ഒരുക്കിയ ഫിലോസഫിക്കൽ ടെക്സ്റ്റാണ്. ഇന്ത്യൻ ചൂഷണ സമ്പ്രദായത്തെ മനസ്സിലാക്കാനുള്ള വസ്തുതാ സമാഹരണം എന്ന നിലയിലാണ് മാർക്സിസ്റ്റ് ചരിത്രകാരന്മാർ ഈ കൃതികൾ വായിച്ചത്. പണിക്കരുടെയും ഥാപ്പറിെൻറയുമൊക്കെ ക്ലാസിക്കൽ കൃതികളോടുള്ള സമീപനവും ഇന്ത്യൻ പാരമ്പര്യത്തെപ്പറ്റിയുള്ള അഭിപ്രായങ്ങളും വായിച്ച് പലപ്പോഴും എനിക്ക് രക്തം തിളച്ചിട്ടുണ്ട്. ഇവർക്ക് പാരമ്പര്യമോ കവിതയോ മനസ്സിലാകില്ല. അതുതന്നെയാണ് ക്ലാസിക്കൽ കൃതികളുടേ പഠനത്തിലും ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ പുരോഗമന ചിന്തകർ, ചരിത്രഗവേഷകർ എന്നു പറയുന്ന ഒരുകൂട്ടം ആളുകൾ 50 വർഷംകൊണ്ട് എല്ലാ പാരമ്പര്യങ്ങളെയും ചെറുതാക്കുകയാണ് ചെയ്തത്. ഇന്ത്യൻ പാരമ്പര്യത്തെയും സംസ്കാരത്തെയും അവർ പുച്ഛിക്കുകയും വളച്ചൊടിക്കുകയും ചെയ്തു. മഹാഭാരതമെന്നത് കേവലം ഒരു തമ്മിൽത്തല്ലിെൻറ കഥയാക്കിമാറ്റി. മാർക്സിസ്റ്റ് ചരിത്രകാരന്മാർക്ക് രണ്ട് തെറ്റുകൾപറ്റി. ഒന്ന് ഇവരുടെ ഐഡിയോളജിയാണ്. കാരണം പാരമ്പര്യം എന്നത് ചൂഷണത്തിെൻറ കഥ മാത്രമാണെന്നും, സംസ്കാരം ചൂഷണത്തിെൻറ ഉപോൽപന്നമാണെന്നും ഇവർ ധരിച്ചുവെക്കുന്നു, അത് മാർക്സിയൻ ഐഡിയോളജിയാണ്. രണ്ട്, ഇവരൊക്കെ യൂറോപ്പിെൻറ ഉപാസകരാണ്. മാർക്സിസ്റ്റ് ദർശനത്തിൽത്തന്നെ യൂറോപ്യൻ മേൽകോയ്മയുണ്ട്. അതിൽനിന്ന് ഇവർക്ക് മോചനമില്ല. അരിസ്റ്റോട്ടിലിനെയും സോക്രട്ടീസിനെയും സ്വീകരിക്കാം. പക്ഷേ, ശങ്കരനെയോ ആര്യഭട്ടനെയോ സ്വീകരിക്കാൻ കഴിയുന്നില്ല.
ചാതുർവർണ്യ വ്യവസ്ഥിതിയെ തുറന്നുകാണിക്കാൻ മാർക്സിസ്റ്റ് ചരിത്രരചനക്ക് കഴിഞ്ഞുവെന്നത് വലിയ നേട്ടമല്ലേ?
ഞാനും ചാതുർവർണ്യ വ്യവസ്ഥിതിക്ക് എതിരെ ശബ്ദിക്കുകയും എഴുതുകയും ചെയ്യുന്ന വ്യക്തിയാണ്. എെൻറ ഗുരു നിത്യചൈതന്യ യതിയായിരുന്നു. യതി ചാതുർവർണ്യത്തെ നഖശിഖാന്തം എതിർത്തയാളായിരുന്നു. പക്ഷേ, അവരൊക്കെ പാരമ്പര്യത്തിെൻറ ഒരു തിന്മയെ എതിർക്കുമ്പോൾ അതിെൻറ വിജയങ്ങളെയും അടുത്തറിഞ്ഞവരുമാണ്. ജാതി, തൊട്ടുകൂടായ്മപോലുള്ള തിന്മകൾക്ക് വേണ്ടി പ്രവർത്തിച്ച ഒന്ന് മാത്രമാണ് നമ്മുടെ പാരമ്പര്യം എന്ന് അവർ പറയില്ല. നിങ്ങൾ മാർക്സിസ്റ്റ് ചിന്തകനായ കെ. ദാമോദരനെ എടുത്തുനോക്കൂ. കെ. ദാമോദരൻ ഒരിക്കലും ഇക്കൂട്ടത്തിൽപെടില്ല. അദ്ദേഹം തത്ത്വചിന്തയുടെ ഉള്ളറിഞ്ഞയാൾ ആയിരുന്നു. ഒരുപരിധിവരെ ഇ.എം.എസും കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഇവരുടെ നിരന്തരമായ രചനകളുടെ ആകത്തുക ഇന്ത്യയെന്നത് കാലഹരണപ്പെട്ട ചിന്തകളുടെ വെറും ചവറ്റുകൊട്ടയാണെന്ന വ്യാഖ്യാനമായിരുന്നു. ഇതിന് ഉദാഹരണങ്ങൾ ഉണ്ട്. ഒന്ന്, ദേബിപ്രസാദ് ചാതോപാധ്യായയുടെ What is Living and What is Dead in Indian Philosophyയും മറ്റൊന്ന് രാഹുൽ സാംകൃത്യായെൻറ A journey from the Volga to the Gangesയുമാണ്.
ഇന്നുള്ള എഴുത്തുകാരെൻറ പ്രശ്നം ഒരുഭാഗത്ത് മാർക്സിസ്റ്റുകളുടെ പാരമ്പര്യത്തെ അവഹേളിക്കുകയും വളച്ചൊടിക്കുകയും ചെയ്ത വിലകുറഞ്ഞ പ്രത്യയശാസ്ത്രം. മറ്റൊരു വശത്ത് ഫാഷിസ്റ്റുകളുടെ തെരുവ് രാഷ്ട്രീയവും. ഞാൻ ഇതിനെ രണ്ടിനെയും എതിർക്കാറുണ്ട്. അപ്പോൾ ഹിന്ദുത്വവാദികൾ പറയും ഞാൻ മാർക്സിസ്റ്റാണെന്ന്, മാർക്സിസ്റ്റുകൾ പറയും ഞാൻ ഹിന്ദുത്വവാദിയാണെന്ന്.
അടുത്തിടെ സദ്ഗുരു ജഗ്ഗി വാസുദേവിനെ അനുകൂലിച്ച് താങ്കൾ എഴുതിയെന്ന് വാർത്തകളുണ്ടായിരുന്നു. ഹിന്ദു കോർപറേറ്റ് ഗുരുക്കന്മാർ വേണമെന്ന് താങ്കൾ പറഞ്ഞുവെന്നാണ് വാർത്തവന്നത്. നിത്യചൈതന്യയതിയെപ്പോലുള്ള ഒരാളുടെ ശിഷ്യനായ താങ്കൾക്ക് ജഗ്ഗി വാസുദേവ് ഹിന്ദു ആചാര്യനാണെന്ന് തോന്നുന്നുണ്ടോ?
ഈ വിഷയവുമായി ബന്ധപ്പെട്ട് എെൻറ ബ്ലോഗിൽ വലിയൊരു ലേഖനം എഴുതിയിരുന്നു. അതിെൻറ ഒരുഭാഗം മാത്രമെടുത്ത് ചിലർ പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരം പ്രചാരണങ്ങൾ ഒരുതരം വൈറസാണ്, ഈ വൈറസിന് മരുന്നുകളില്ല. ജഗ്ഗി വാസുദേവ് തമിഴ്നാട്ടിൽ ഒരു ശിവപ്രതിഷ്ഠ നടത്തി. അത് ഒഥൻറിക് അല്ലെന്നാണ് യാഥാസ്ഥികരായവർ പറഞ്ഞത്. അപ്പോൾ ഞാൻ ചോദിച്ചു ആരാണ് ഇവിടെ ആധികാരികത പ്രഖ്യാപിക്കേണ്ടതെന്ന്. അങ്ങനെയെങ്കിൽ നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതിനെ അംഗീകരിക്കാൻ കഴിയുമോ? കാരണം ജഗ്ഗി ബ്രാഹ്മണനല്ല. ബ്രാഹ്മണൻ പ്രതിഷ്ഠ നടത്തിയാലേ ശിവനാകൂവെന്ന് ഇപ്പോഴും നിലനിൽക്കുന്ന ചിന്തകൾക്കെതിരെയാണ് ഞാൻ പ്രതികരിച്ചത്. ബ്രാഹ്മണനല്ലാത്ത ജഗ്ഗി വാസുദേവ് ശിവനെ പ്രതിഷ്ഠിച്ചാൽ അതും ശിവനാണ്.
ഇനി തമിഴ്നാട്ടിലെ കാര്യത്തിലേക്ക് വരാം. ഇവിടെയുള്ള ദ്രാവിഡ രാഷ്ട്രീയംകൊണ്ട് പാരമ്പര്യത്തെ അവഹേളിക്കാൻ പഠിച്ച ജനതയെ ലക്ഷ്യംവെച്ചാണ് ഡിജിഎസ് ദിനകരനെപ്പോലെയുള്ള സുവിശേഷ പ്രസംഗകർ പ്രവർത്തിക്കുന്നത്. അദ്ദേഹത്തിെൻറ മീറ്റിങ് നടക്കുന്നത് ഇ.വി. രാമസ്വാമി നായ്ക്കരുടെ മൈതാനത്ത് വെച്ചിട്ടാണ്. അതിലൊന്നും ആർക്കും എതിർപ്പില്ല. ഇക്കൂട്ടർ പറയുന്നു ജഗ്ഗി ഹൈന്ദവപ്രചാരണം നടത്തുന്നുവെന്ന്. ജഗ്ഗി ഹിന്ദുകോർപറേറ്റ് ആണെന്ന്. ശരിയായിരിക്കാം, ഹിന്ദു കോർപറേറ്റാകാം. പക്ഷേ, പെരിയാറിെൻറ പേരുംപറഞ്ഞ് ഡിജിഎസ് ദിനകരൻ ചെയ്യുന്നതും ജഗ്ഗിയെക്കാൾ വലിയ കോർപറേറ്റിസമാണ്. ജഗ്ഗിയെക്കാൾ പത്തിരട്ടി പണം ദിനകരനുണ്ട്. അതിനെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായമുണ്ടോ? ജഗ്ഗി വാസുദേവിെൻറ ആശ്രമത്തിന് തൊട്ടുസമീപത്താണ് കാരുണ്യ യൂനിവേഴ്സിറ്റിയുള്ളത്. നിങ്ങൾ ജഗ്ഗിയെ പറയുന്നതുപോലെ ദിനകരനെ പറയില്ല. അതിനെയാണ് ഞാൻ വിമർശിച്ചത്. അല്ലാതെ ഞാൻ ജഗ്ഗിയെ മാത്രം അനുകൂലിച്ചതല്ല. ഇനി ജഗ്ഗി വാസുദേവിെൻറ ചില പ്രവർത്തനങ്ങളോട് എനിക്ക് യോജിപ്പും വിയോജിപ്പുമുണ്ട്. ജഗ്ഗി ഇന്നുകാണുന്ന ആൾദൈവങ്ങളെ പോലെ താൻ സ്വയം ദൈവമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഒരു അത്ഭുതവും ചെയ്യുന്നില്ല, യോഗ മാത്രമാണ് പഠിപ്പിക്കുന്നത്. തമിഴ്നാട്ടിൽ ദലിത് നേതാവായ തിരുമാവളവൻ ജഗ്ഗി വാസുദേവിെൻറ ശിഷ്യനാണ്. ഹിന്ദുമതത്തിൽ അയിത്തത്തിനും ജാതീയതക്കും സ്ഥാനമില്ലെന്ന് പറയുന്ന ഏക മതനേതാവും ജഗ്ഗിയാണ്. പിന്നെ ഒരു സ്ഥാപനമെന്ന നിലക്ക് ജഗ്ഗി കോർപറേറ്റ് രീതികളിൽ ലാഭമുണ്ടാക്കുന്നുണ്ടാകാം. ഇതെല്ലാം ഞാൻ എെൻറ ലേഖനത്തിൽ വളരെ വിശദമായി എഴുതിയിട്ടുണ്ട്. ജഗ്ഗിയെന്നല്ല, സ്ഥാപനവത്കരിക്കപ്പെട്ട എവിടെയും മൂന്ന് കാര്യങ്ങൾ മിക്കവാറും ഉണ്ടാകും. സാമ്പത്തിക തിരിമറി, ലൈംഗിക പ്രശ്നങ്ങൾ, വ്യക്തി വൈരാഗ്യങ്ങൾ. അല്ലാതെ ജഗ്ഗിയെ മാത്രം അനുകൂലിച്ചുകൊണ്ട് ഞാൻ എഴുതിയിട്ടില്ല.
കമൽഹാസെൻറ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടിൽ ചലനം ഉണ്ടാക്കാൻ സാധിക്കുമോ?
കൃത്യമായി പറയാൻ കഴിയാത്തൊരു അവസ്ഥയുണ്ട്. ചിലപ്പോൾ ചലനം ഉണ്ടാക്കാൻ സാധ്യതയുണ്ട്. പേക്ഷ, പൊതുവേ നടന്മാരുടെ കാര്യത്തിൽ ഒരു പ്ലസ്പോയൻറുണ്ട്. ഉദാഹരണത്തിന് അഞ്ചുകൊല്ലം മുമ്പ് വിരുതനഗറിൽ സ്റ്റാലിൻ റോഡിൽനിന്ന് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ഞാനതുവഴി ബസിൽ പോകുന്നുണ്ടായിരുന്നു. അപ്പോൾ ബസിൽ എെൻറ അടുത്തിരുന്ന ഒരാൾ ചോദിക്കുകയുണ്ടായി -ആരാണ് ഈ സംസാരിക്കുന്നതെന്ന്. ഞാൻ പറഞ്ഞു, അറിയില്ലേ കരുണാനിധിയുടെ മകൻ സ്റ്റാലിനാണ്. തമിഴർ പൊതുവേ സിനിമ ഒഴിച്ച് മറ്റൊന്നും ശ്രദ്ധിക്കാറില്ല. സിനിമക്കാരെ എല്ലാവർക്കും അറിയാം. ഉദാഹരണമായി നാഗർകോവിലിൽ സ്റ്റാലിൻ പ്രസംഗിക്കാൻ വന്നാൽ, ഏറിയാൽ ഇരുനൂറോ മുന്നൂറോ ആളുകൾ മാത്രമേ കേൾക്കാൻ ഉണ്ടാകൂ, മറിച്ച് കമൽഹാസൻ വന്നാലോ, രണ്ടായിരമോ മൂവായിരമോ ആളുകൾ കൂടും. ഇതുകൊണ്ടാക്കെതന്നെ കമൽഹാസന് ചെറിയ തോതിലുള്ള ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് എെൻറ വിലയിരുത്തൽ.
ദ്രാവിഡ രാഷ്ട്രീയത്തെ ഹിന്ദുത്വ രാഷ്ട്രീയം ഹൈജാക് ചെയ്യാൻ ശ്രമിക്കുന്നില്ലേ? ഒരു എം.പി മാത്രമുള്ള ബി.ജെ.പി തമിഴ്നാട്ടിൽ നിർണായക ശക്തിയായി മാറാനുള്ള തന്ത്രങ്ങൾ മെനയുന്നുവെന്നാണ് മാധ്യമവാർത്തകൾ?
ബി.ജെ.പിക്ക് തമിഴ്നാട്ടിൽ ഒരു സ്വാധീനവും ഉണ്ടാക്കാൻ സാധിക്കില്ല. മുന്നണി ബന്ധത്തിലൂടെ മാത്രമേ ബി.ജെ.പിക്ക് തമിഴ്നാട്ടിൽ പിടിച്ചുനിൽക്കാൻ സാധിക്കൂ. മിക്കവാറും അണ്ണാ ഡി.എം.കെയുമായി സംഖ്യം കൂടാനാണ് സാധ്യത. തമിഴ്നാട്ടിൽ ഐഡിയോളജിയുടെ പശ്ചാത്തലത്തിലല്ല രാഷ്ട്രീയപാർട്ടികളുടെ നിലനിൽപ്, മറിച്ച് വ്യക്തികേന്ദ്രീകൃതത്തിൽ അധിഷ്ഠിതമാണ്.
ഇന്ത്യൻ ജനാധിപത്യം അസ്ഥിരതയിലേക്ക് നീങ്ങുകയാണ്. നരേന്ദ്ര ധാഭോൽകർ മുതൽ ഒടുക്കം ഗൗരി ലങ്കേഷ് വരെ. എഴുത്തുകാർ വേണ്ടരീതിയിൽ ഫാഷിസത്തിന് എതിരെ പ്രതികരിക്കുന്നുണ്ടോ?
എഴുത്തുകാരെൻറ പ്രതികരണമെന്നത് റോഡിലിറങ്ങിയല്ല. ഇപ്പോൾ എന്തെങ്കിലും പ്രതികരണമുണ്ടെങ്കിൽ അത് എഴുത്തുകാരിലൂടെയാണ് ഉണ്ടാകുന്നത്.
ജയമോഹെൻറ മിക്ക കൃതികളുടെയും അവസാനം ഒരു കുറിപ്പ് കാണാനാകും. ഈ പുസ്തകത്തിന് കോപ്പി റൈറ്റ് ഇല്ല. ഒരുപക്ഷേ, ഇന്ത്യയിൽ താങ്കൾ മാത്രമാകാം തെൻറ കൃതികൾക്ക് കോപ്പി റൈറ്റ് ഇല്ലാതെ നൽകുന്നത്. എന്തുതരം രാഷ്ട്രീയപ്രവർത്തനമാണ് താങ്കളിലെ എഴുത്തുകാരൻ ഇതിലൂടെ സമൂഹത്തിന് നൽകുന്നത്?
കോപ്പി റൈറ്റിനെ സംബന്ധിച്ച് അത്രവലിയ സംഭവമായി ഞാൻ കരുതുന്നില്ല, പുസ്തകം എഴുതുന്നതിലൂടെ വലിയ പണവും ഞാൻ സമ്പാദിക്കുന്നുമില്ല. ‘നൂറ് സിംഹാസനങ്ങൾ’ എഴുതിയപ്പോൾ ദലിത് ഓർഗനൈസേഷന് ഞാൻ നൽകി. പിന്നെ കോപ്പി റൈറ്റ് ഇല്ലാതെ ബാക്കിയെല്ലാം നൽകുകയായിരുന്നു. ആളുകൾ കൂടുതലായി വായിക്കണമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
ജയമോഹെൻറ രാഷ്ട്രീയം എന്താണ്?
ഞാനെല്ലായിപ്പോഴും പറയുകയും എഴുതുകയും ചെയ്യുന്ന ഒരുകാര്യമുണ്ട്. എഴുത്തുകാരൻ ശക്തമായ ഒരു രാഷ്ട്രീയമുള്ള ആളായിരിക്കാൻ പാടില്ല.
എെൻറ ചോദ്യം ഒരു രാഷ്ട്രീയപാർട്ടിയുടെ ഭാഗമായി നിൽക്കുന്നുണ്ടോയെന്നല്ല, ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോയെന്നതാണ്?
പ്രത്യയശാസ്ത്രം ചിലപ്പോഴൊക്കെ അന്ധതയിലേക്ക് നയിക്കാറുണ്ട്. രണ്ട് കാര്യത്തിലാണ് ആ അന്ധത കടന്നുവരുന്നത്. വലിയൊരു നന്മക്കുവേണ്ടി ചിലപ്പോഴൊക്കെ ഈ തിന്മ ഞാൻ അംഗീകരിക്കാം എന്ന് ഒരു നിലപാട് എടുക്കുമ്പോൾ എഴുത്തുകാരൻ തെൻറ ധാർമികതയെ നഷ്ടപ്പെടുത്തുകയാണ്. ഇതിങ്ങനെ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞുകൊണ്ട് എല്ലാ തിന്മകൾക്കും കൂട്ടുനിൽക്കാനാവും. നോക്കുക, രാഷ്ട്രീയ നിലപാടുള്ള, സ്വാർഥതാൽപര്യമുള്ള എഴുത്തുകാർ എപ്പോഴും വലിയ തിന്മ വന്നുകൊണ്ടിരിക്കുന്നുവെന്ന് നിലവിളിച്ചുകൊണ്ടിരിക്കും. ആ വലിയ ഭൂതത്തെ ചൂണ്ടിക്കാണിച്ച് അവർ ഇവിടെയുള്ള ചെറിയ പിശാചുക്കളോട് കൂട്ടുനിൽക്കുന്നു. രണ്ടാമതായി ക്രിയേറ്റിവ് റൈറ്റിങ്ങിൽ പ്രത്യയശാസ്ത്രം എഴുത്തുകാർക്ക് ഒരു പാേറ്റൺ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. ജീവിതത്തെ നോക്കിക്കാണാൻ ഒരു നിരന്തരമായ ചിന്താഘടന നമുക്ക് തരുന്നു. അതിനും അപ്പുറത്തേക്ക് നമുക്ക് സഞ്ചരിക്കാൻ കഴിയണം. അല്ലെങ്കിൽ സ്വന്തമായി ഒന്നും ഉണ്ടാക്കാനാവില്ല
ഞാൻ നിത്യചൈതന്യ യതിയുടെ ശിഷ്യനാണ്. നാരായണ ഗുരുവിെൻറ അദ്വൈത ദർശനത്തിൽ, ആ ഗുരുപാരമ്പര്യത്തിൽ വിശ്വസിക്കുന്നയാളാണ്. യതിയുടെ ശിഷ്യനായിരിക്കുക എന്നതുതന്നെ ഒരുതരം ഫ്രീഡമാണ്. എന്നോട് യതി ഒരിക്കൽ പറയുകയുണ്ടായി. ‘‘ജയമോഹൻ ആലോചിച്ച് തീരുമാനിച്ച് അഭിപ്രായം പറയരുത്, അപ്പോൾ തോന്നുന്നത് പറയുക. ആലോചിച്ച് അഭിപ്രായം പറയുന്നത് രാഷ്ട്രീയക്കാരുടെ സംസ്കാരമാണ്.’’ അരാഷ്ട്രീയവാദി എന്നൊക്കെ എന്നെപ്പറ്റി പറയാറുണ്ട്. വിഡ്ഢി വേഷം കെട്ടാൻ മടിയൊന്നും ഇല്ല. പിന്തിരിപ്പനായോ ഭ്രാന്തനായോ എന്നെ ആളുകൾ കാണുന്നതിലും എനിക്ക് പ്രയാസമില്ല.
കേരള മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ പിണറായി വിജയനെ പ്രകീർത്തിച്ചുകൊണ്ട് താങ്കൾ എഴുതിയിരുന്നു? പിണറായി മികച്ച മുഖ്യമന്ത്രിയാണെന്നും മറ്റും?
അതെ, ഇന്നത്തെ മുഖ്യമന്ത്രിമാരിൽ ചന്ദ്രശേഖര റാവു, ചന്ദ്രബാബു നായിഡു എന്നിവർക്ക് ശേഷം പിണറായി നല്ല മുഖ്യമന്ത്രി തന്നെയാണ്. കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവുണ്ട്. അഴിമതി കുറവാണ്. ഒപ്പം ശക്തമായ തീരുമാനം എടുക്കാനുള്ള കഴിവും പിണറായിക്കുണ്ട്. എെൻറ സുഹൃത്തുക്കളിൽനിന്ന് ഞാൻ ഉണ്ടാക്കിയ അഭിപ്രായമാണിത്, ഇനി നാളെ അങ്ങനെയല്ല എന്നുതോന്നിയാൽ മാറ്റിപ്പറയാനും എനിക്ക് മടിയില്ല.
ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലും ഒരു രാഷ്ട്രീയപാർട്ടിയിലും ഭാഗമാകാത്ത ജയമോഹൻ, നരേന്ദ്ര മോദിയെന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ എങ്ങനെ വിലയിരുത്തുന്നു?
ഞാനിതിനെപ്പറ്റി എെൻറ ബ്ലോഗിൽ എഴുതിയിരുന്നു. നരേന്ദ്ര മോദിയുടെ മൂന്നുവർഷം വിലയിരുത്തിയാൽ മൂന്ന് പ്രശ്നങ്ങളാണ് ഞാൻ ചൂണ്ടിക്കാണിക്കാൻ ഉദ്ദേശിക്കുന്നത്. ഒന്ന് ഇന്ദിരഗാന്ധിയുണ്ടാക്കിയ അതേ കിച്ചൺ കാബിനറ്റ് മോദിയും നിർമിച്ചിട്ടുണ്ട്. അതിൽ മോദിയുടെ വിശ്വസ്തർ മാത്രമാണുള്ളത്. ഒരു റിയാലിറ്റിയും മോദിയിലേക്ക് ചെന്നെത്തുകയില്ല. ഈ അനുചരവൃന്ദം മോദിയെ പുകഴ്ത്തി വേറൊരുതരം മായാലോകം സൃഷ്ടിക്കുന്നു. രണ്ടാമതായി, ഇന്ത്യപോലുള്ള ഒരു മഹാരാജ്യത്ത് എല്ലാ രംഗത്തും വൈദഗ്ധ്യമുള്ളവരുടെ ഒരു കൂട്ടായ്മയാണ് വലിയ കാര്യങ്ങൾ തീരുമാനിക്കേണ്ടത്. അത്തരമൊരു സംഘം രാജീവ് ഗാന്ധിയുടെ കാലത്ത് ഉണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ വിജയത്തിന് പിന്നിൽ പിട്രോഡയുടെ കരങ്ങളുണ്ടായിരുന്നു. ഇന്ദിരഗാന്ധിയുടെ ഒപ്പം കുര്യനും എം.എസ്. സ്വാമിനാഥനും ഉണ്ടായിരുന്നു. മോദിയാകട്ടെ തനിക്കെതിരെ പറയുന്നവരെയെല്ലാം ഒഴിവാക്കി. രഘുറാം രാജനെ വരെ പറഞ്ഞുവിട്ടു. മൂന്നാമതായി മോദി ആശ്രയിക്കുന്നത് മുഴുവൻ ബ്യൂറോക്രാറ്റുകളെയാണ്. ഉദാഹരണമായി സ്വച്ഛ് ഭാരത് തന്നെയെടുക്കാം. അതിന് ഒരുവിധ ഫണ്ടില്ല, മുന്നൊരുക്കങ്ങളില്ല, നടപ്പിലാക്കാൻ വിദഗ്ധരുമില്ല. ഇതെല്ലാം ബ്യൂറോക്രാറ്റുകളിലൂടെയാണ് മോദി നടപ്പാക്കുന്നത്. സർക്കാർ അധികാരികൾ എല്ലാം കടലാസിലേ നടത്തുകയുള്ളൂ.
താങ്കളുടെ തിരക്കഥയിൽ പൂർത്തിയായ ‘യെന്തിരൻ^ ടു’വിൽ എന്തൊക്കെ അത്ഭുതങ്ങൾ പ്രതീക്ഷിക്കാം?
ഞാൻ അതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ പാടില്ല. മുംബൈ ആസ്ഥാനമായ ഒരു പ്രമോഷൻ ഏജൻസിയാണ് അത്തരം കാര്യങ്ങൾ നോക്കുന്നത്. എനിക്ക് സിനിമയെന്ന് പറയുന്നത് ഒരു പ്രഫഷനാണ്. ബി.എസ്.എൻ.എൽ ഓഫിസിൽ ഞാൻ ജോലി ചെയ്തില്ലേ അതുപോലെ.
മലയാള ചിത്രങ്ങൾക്ക് വേണ്ടി ഇനിയും തിരക്കഥ എഴുതുമോ, ‘ഒഴിമുറി’ക്ക് ശേഷം വന്ന ചിത്രങ്ങൾ വേണ്ടത്ര വിജയിച്ചിരുന്നില്ലല്ലോ?
മലയാളത്തിൽ തിരക്കഥ എഴുതാൻ എനിക്ക് താൽപര്യക്കുറവുണ്ട്. ഒന്നാമതായി മലയാള സംവിധായകരുമായി ഒത്തുപോകാൻ പ്രയാസമാണ്. ചെറിയ ബജറ്റിൽ വളരെ ഫാസ്റ്റായാണ് സിനിമയെടുക്കുന്നത്. പതിനഞ്ചോ പതിനാറോ ദിവസംകൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കുകയാണ് ചെയ്യുന്നത്. മലയാളത്തിൽ മധുപാൽ ഒഴിച്ച് മറ്റൊരു സംവിധായകനുമായും മാനസികമായി അടുപ്പം ഉണ്ടായിട്ടില്ല. ഒരു തിരക്കഥ എെൻറ കൈയിൽനിന്ന് വാങ്ങിക്കൊണ്ടുപോയാൽ പിന്നെ സിനിമ റിലീസാകുമ്പോൾ തിയറ്ററിൽ പോയി കാണേണ്ട അവസ്ഥയാണുണ്ടാകാറ്. പോരാത്തതിന് തിരക്കഥയിലും മാറ്റം വരുത്തും. എെൻറ മലയാളം സിനിമകളിൽ ‘ഒഴിമുറി’യൊഴികെ ബാക്കിയെല്ലാ സ്ക്രിപ്റ്റുകളിലും ഞാൻ ഒട്ടും ഇഷ്ടപ്പെടാത്ത തിരുത്തലുകൾ വരുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story