സുഗതകുമാരിക്ക് സ്നേഹത്തിന്‍െറ നിറച്ചാര്‍ത്തൊരുക്കി സ്ത്രീക്കൂട്ടായ്മ
text_fieldsസുഗതകുമാരിക്ക് സ്നേഹത്തിന്‍െറ നിറച്ചാര്‍ത്തൊരുക്കി സ്ത്രീക്കൂട്ടായ്മ. എഴുത്തിലും പ്രവര്‍ത്തനങ്ങളിലും സൈലന്‍റ് വാലി മുതല്‍ ആറന്മുളവരെയും സുഗതകുമാരി നടത്തിയ പ്രതിരോധത്തിനുള്ള ആദരവായി കനകക്കുന്നില്‍ ‘പവിഴമല്ലി മലയാളത്തിന്‍െറ സുഗന്ധം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.വാഴത്തടയില്‍ ഘടിപ്പിച്ച പപ്പായ വിളക്ക് തെളിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ. വന്ദനശിവയും കെ.എസ്. ചിത്രയും പരിപാടിക്ക് തുടക്കം കുറിച്ചു.
ഭക്ഷണത്തിനും പ്രകൃതി വിഭവങ്ങള്‍ക്കും മേലുള്ള കടന്നുകയറ്റം അവസാനിപ്പിച്ചാല്‍ മാത്രമേ സ്വാതന്ത്ര്യത്തിന് അര്‍ഥമുള്ളൂവെന്ന് വന്ദന പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമായ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുമ്പോഴും ആവശ്യമായ പരിശോധനകളോ നിയന്ത്രണ നടപടികളോ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാവുന്നില്ല. ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ പാവങ്ങളുടെ തട്ടുകടകള്‍ മാത്രമാണ് പരിശോധിക്കുന്നത്. വന്‍കിട കോര്‍പറേറ്റുകള്‍ പുറത്തിറക്കുന്ന ഭക്ഷ്യോല്‍പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ തയാറാവുന്നില്ല. ഹരിതവിപ്ളവത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് നൊബേല്‍ സമ്മാനം ലഭിച്ചു. എന്നാല്‍, ഇതോടൊപ്പം വൈവിധ്യമാര്‍ന്ന വിത്തുകള്‍ ഇല്ലാതായി. കൃഷിയെ ആശ്രയിക്കുന്നവരുടെ ജീവിതം വഴിമുട്ടി. കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യയിലേക്ക് പാഞ്ഞു. ഫലഭൂയിഷ്ഠമായ കൃഷിഭൂമി കൈക്കലാക്കി കെട്ടിപ്പടുക്കുന്ന സ്മാര്‍ട്ട് സിറ്റികളല്ല വ്യത്യസ്തമായ വൈവിധ്യമാര്‍ന്ന വിളകള്‍ ഉല്‍പാദിപ്പിക്കുന്ന സംവിധാനമാണ് ഉണ്ടാകേണ്ടത്. കുത്തകകളെ കാര്‍ഷികരംഗത്ത് പ്രതിഷ്ഠിക്കുന്നത് കര്‍ഷകര്‍ക്ക് ഗുണമാകില്ല. സ്വാതന്ത്ര്യം എന്നത് പുഴകള്‍ ഒഴുകാനും പ്രകൃതിക്ക് തനിമയോടെ നിലനില്‍ക്കാനുമുള്ള സ്വാതന്ത്ര്യമാണെന്ന് വന്ദന ഓര്‍മിപ്പിച്ചു. പച്ചിലകളാല്‍ നിറം പകര്‍ന്ന സാരിയും സുഗതകുമാരിക്ക് സമ്മാനിച്ചു.
‘പ്രകൃതീയം’ പരിപാടി പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ ഉദ്ഘാടനം ചെയ്തു. ശക്തമായ നിയമങ്ങള്‍ പൊളിച്ചെഴുതി രാജ്യത്തെ പാരിസ്ഥിതിക ഘടന അട്ടിമറിക്കാനാണ് സര്‍ക്കാറുകള്‍ ശ്രമിക്കുന്നതെന്ന് മേധാപട്കര്‍ പറഞ്ഞു. ഇത്തരം സംഘടിത ശ്രമങ്ങളുടെ ഫലമായി രാജ്യമിന്ന് അങ്ങേയറ്റം അപകടകരമായ അവസ്ഥയിലാണ്.
ജനാധിപത്യ ചിന്തകളെയും സ്വാതന്ത്ര്യബോധത്തെയും ഹനിക്കുന്നതാണ് ഇത്തരം പ്രവണതകള്‍. ഇതിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കേണ്ട കാലമാണിത്. പ്രകൃതിയെ തകര്‍ക്കുന്നതിനെതിരായ പോരാട്ടങ്ങളില്‍ കൂടുതല്‍ സ്ത്രീ പങ്കാളിത്തം ആവശ്യമാണെന്നും മേധ കൂട്ടിച്ചേര്‍ത്തു.
ബഹുരാഷ്ട്രകുത്തകകള്‍ക്ക് മുതല്‍ മുടക്ക് നടത്താനാണ് പ്രകൃതി സംരക്ഷണ നിയമങ്ങള്‍ അട്ടിമറിക്കുന്നതെന്ന് ഡോ.വി.എസ്. വിജയന്‍ പറഞ്ഞു.
നളിനി നെറ്റോ, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. മിനി നായര്‍, ആര്‍.വി.ജി മേനോന്‍, ഡോ.എം.കെ. പ്രസാദ്, കെ.ബി. വത്സലകുമാരി, കെ. അജിത, ഡോ.വി.എസ്. വിജയന്‍, ഡോ.എം.ആര്‍. തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.