വിളക്കുകള്‍ അണയുകയാണ്, ഇരുട്ടിലൂടെയാണ് നമ്മുടെ യാത്ര –ടി. പത്മനാഭന്‍
text_fieldsകോഴിക്കോട്: ഇരുട്ടുനിറഞ്ഞ കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്നും വിളക്കുകള്‍ ഓരോന്നായി കെട്ടുകൊണ്ടിരിക്കുകയാണെന്നും കഥാകൃത്ത് ടി. പത്മനാഭന്‍. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ (കേരള ഗ്രന്ഥശാലാ സംഘം) 70ാം വാര്‍ഷിക സമ്മേളനം ടാഗോര്‍ സെന്‍റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുട്ടുനിറഞ്ഞ ഈകാലത്ത് നമ്മുടെ ഗ്രന്ഥശാലകളുടെ ഉത്തരവാദിത്തം വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ബീഫ് കഴിക്കാറില്ല. മത്സ്യവും മാംസവും മുട്ടയും കഴിക്കാറില്ല. ഇത് വെറുമൊരു മേനിപറച്ചിലായി പറയുന്നതല്ല. അത് എന്‍െറ വഴിയാണ്. അതേസമയം, നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. അതില്‍ എനിക്ക് കാര്യമില്ല. ഓരോരുത്തര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ഇതിന്‍െറ പേരില്‍ കൊലപാതകം തന്നെ രാജ്യത്ത് നടന്നു.
എല്ലായിടത്തും ഇത്തരത്തില്‍ അസഹിഷ്ണുതയാണ്. എന്തെഴുതണം, വായിക്കണം, ധരിക്കണം തുടങ്ങിയ എല്ലാ കാര്യങ്ങളും ചുറ്റുമുള്ളവര്‍ കല്‍പിക്കുന്ന കാലം വന്നിരിക്കുകയാണ്. വിളക്കുകള്‍ കെട്ടുപോകുകയാണ്. ഹിന്ദുമതം പറഞ്ഞത് സമസ്ത ലോകത്തിനും സുഖം ഭവിക്കണം എന്നാണ്. അതിനാലാണ് ഞാന്‍ അതില്‍ വിശ്വസിക്കുന്നത്. സമസ്ത ലോകം ഒരു കൂട്ടരുടേത് മാത്രമല്ല. എന്നാല്‍, ഈ ആശയത്തില്‍നിന്ന് വ്യതിചലിച്ചാണ് ഇപ്പോള്‍ ഹിന്ദുമതത്തിന്‍െറ യാത്ര. രാജ്യത്തെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ വായനശാലകള്‍ മുന്നോട്ടുവരണം’ -ടി. പത്മനാഭന്‍ പറഞ്ഞു.
ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി.വി. ദക്ഷിണാമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍, എസ്. രമേശ്, എ.കെ. പ്രേമജം തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ സ്വാഗതവും കെ. ചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
‘ഗ്രന്ഥശാല പ്രസ്ഥാനം: ചരിത്രവും വര്‍ത്തമാനവും’ വിഷയത്തില്‍ നടന്ന സെമിനാറില്‍ രാജേന്ദ്രന്‍ എടത്തുംകര, ടി. ഗംഗാധരന്‍, എസ്. രമേശന്‍, മനയത്ത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബി. സുരേഷ്ബാബു സ്വാഗതവും കെ. ദാമോദരന്‍ നന്ദിയും പറഞ്ഞു.
സമാപന ചടങ്ങ് മേയര്‍ വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. എ. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. എം.എം. നാരായണന്‍ സംസാരിച്ചു. കെ. ചന്ദ്രന്‍ സ്വാഗതവും എന്‍. ശങ്കരന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.