ലക്ഷാധിപതിയായി ‘ആരാച്ചാര്‍’ പുതിയ ഉയരങ്ങളിലേക്ക്
text_fieldsകോട്ടയം: വായന മരിക്കുന്നെന്ന പരിദേവനങ്ങള്‍ക്കിടയിലും ലക്ഷാധിപതിയായി ‘ആരാച്ചാര്‍’ പുതിയ ഉയരങ്ങളിലേക്ക്. ആദ്യ വധശിക്ഷ നടത്താനൊരുങ്ങുന്ന ആദ്യ വനിതാ ആരാച്ചാരുടെ അന്ത$സംഘര്‍ഷങ്ങള്‍ക്കൊപ്പം കൊല്‍ക്കത്ത നഗരത്തിന്‍െറ ഭൂതവും വര്‍ത്തമാനവും കാല്‍പനികതകളും അക്ഷരക്കൂട്ടില്‍ കോര്‍ത്തിട്ട കെ.ആര്‍. മീരയുടെ ‘ആരാച്ചാര്‍’ മൂന്നര വര്‍ഷംകൊണ്ടാണ് ഒരു ലക്ഷത്തിലേറെ കോപ്പികള്‍ അച്ചടിച്ച് മലയാള സാഹിത്യത്തില്‍ റെക്കോഡ് കുറിച്ചത്.
2012 നവംബറിലാണ് നോവല്‍ പ്രസിദ്ധീകരിച്ചതെങ്കിലും 2013 മാര്‍ച്ചിലാണ് ഡി.സി ബുക്സ് പുസ്തകമായി നോവല്‍ പുറത്തിറക്കിയത്. അന്നുമുതല്‍ ഇന്നുവരെ വില്‍പനയില്‍ കുതിപ്പും ആരാച്ചാരിന് സ്വന്തം. കഴിഞ്ഞവര്‍ഷം ഏറ്റവുമധികം വില്‍പന നടത്തിയ 10 പുസ്തകങ്ങളില്‍ ആദ്യ മൂന്നെണ്ണവും കെ.ആര്‍. മീരയുടേതെന്നതും യാദൃച്ഛികം.
‘മാധ്യമം’ ആഴ്ചപതിപ്പില്‍ നോവല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത് മുതല്‍ വായനക്കാര്‍ പുസ്തകത്തിന്‍െറ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്ന് മീര പറഞ്ഞു. പുസ്തകം പുറത്തിറങ്ങിയതോടെ വില്‍പനയിലുണ്ടായ റെക്കോഡും വായനക്കാര്‍ പുസ്തകത്തിന് നല്‍കിയ അംഗീകാരമായാണ് കാണുന്നത്. ആരാച്ചാര്‍ ലക്ഷം കവിഞ്ഞതിന്‍െറ ആഘോഷം തിരുവനന്തപുരത്തോ കോഴിക്കോട്ടോ ഉടന്‍ നടത്തുമെന്നും മീര പറഞ്ഞു. പ്രസാധകര്‍ക്കാണ് ഇതിന്‍െറ ചുമതലയെങ്കിലും വായനക്കാരുമായി ഈ സന്തോഷം പങ്കുവെക്കാനുള്ള ഒരുക്കത്തിലാണ് താനെന്നും മീര പറഞ്ഞു.
ബെന്യാമിന്‍െറ ആടുജീവിതവും വില്‍പനയില്‍ ഏറെ മുന്നിലായിരുന്നെങ്കിലും പുസ്തക വില്‍പനയില്‍ സര്‍വകാല റെക്കോഡ് ആരാച്ചാര്‍ക്ക് തന്നെ. പ്രസിദ്ധീകരണത്തിലുണ്ടായ കാലതാമസം പലപ്പോഴും വായനക്കാരുടെ വിമര്‍ശത്തിന് പോലും വഴിയൊരുക്കിയിരുന്നു. ഷമീനയുടെ ‘നടവഴിയിലെ നിഴലുകളും’ എം. മുകുന്ദന്‍െറ ‘കുട നന്നാക്കുന്ന ചേയി’യും കഴിഞ്ഞ വര്‍ഷം മികച്ച വില്‍പന നടത്തിയ പുസ്തകങ്ങളായിരുന്നുവെന്ന് ഡി.സി ബുക്സ് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.