പി.എസ്.സി യോഗത്തിൽ നിന്ന് അശോകന്‍ ചരുവില്‍ ഇറങ്ങിപ്പോയതെന്തിന്?
text_fieldsഎല്ലാ പി.എസ്.സി പരീക്ഷകളിലും മലയാളവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തുക എന്നത് കുറേക്കാലമായി ഭാഷാസ്നേഹികളായ മലയാളികളുടെ ആവശ്യമായിരുന്നു. അവസാനം കഴിഞ്ഞ 25ന് ചേർന്ന പി.എസ്.സി യോഗം ഈ ആവശ്യം അംഗീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ട് അംഗീകരിച്ച കമീഷന്‍ പക്ഷേ, എന്നുമുതല്‍ ഇത് നടപ്പാക്കുമെന്ന് തീരുമാനിച്ചില്ല. തീരുമാനിക്കുന്നതുവരെ നിലവിലെ സ്ഥിതി തുടരുമെന്നാണ് ധാരണ. മേയ് 24ന് നടക്കുന്ന സര്‍വകലാശാല അസിസ്റ്റന്‍റ് പരീക്ഷ മലയാളം ഇല്ലാതെ നടത്തും. ഇതില്‍ പ്രതിഷേധിച്ച് കമീഷന്‍ അംഗമായ അശോകന്‍ ചരുവില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഏറെ നാളായി ഇ്കകാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം.
മലയാളം നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിക്കാത്ത സാഹചര്യത്തില്‍ ആറ് അംഗങ്ങള്‍ വിയോജനക്കുറിപ്പെഴുതി. ഭൂരിപക്ഷ പ്രകാരമാണ് ഉപസമിതി റിപ്പോര്‍ട്ട് അംഗീകരിച്ചത്. പി.എസ്.സി യോഗങ്ങളില്‍ മലയാളഭാഷാപ്രശ്നം വിവാദം സൃഷ്ടിച്ചിരുന്നു. യോഗത്തിൽ വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ സര്‍വകലാശാല അസിസ്റ്റന്‍റ് പരീക്ഷ മാറ്റിവെച്ച് മലയാളം ഉള്‍പ്പെടുത്തി പിന്നീട് നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു അംഗം കുറിപ്പ് നല്‍കി. പരീക്ഷ മാറ്റുന്നത് ഗൈഡ് ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപം വരുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
പിന്നീടാണ് റിപ്പോര്‍ട്ട് പരിഗണിച്ചത്. മലയാളം ഭരണഭാഷയായി അംഗീകരിച്ച് നിയമനിര്‍മാണം നടത്തിയ സാഹചര്യത്തില്‍ എല്ലാ പരീക്ഷകളിലും ഭരണഭാഷക്ക് പ്രാധാന്യം നല്‍കി 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഉപസമിതി യോഗം അംഗീകരിച്ചെന്ന് പി.എസ്.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭിന്ന ശ്രവണശേഷിയുള്ളവര്‍ക്ക് ഇപ്പോള്‍ത്തന്നെ ഒരു ഭാഷ പഠിച്ചാല്‍ മതിയെന്ന സാഹചര്യം നിലനില്‍ക്കെ വേറൊരു ഭാഷകൂടി പഠിച്ച് പരീക്ഷ എഴുതണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങളും പരിഗണിക്കും. പരീക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടാതിരിക്കാന്‍ നിലവിലെ രീതി തുടരുമെന്നും കമീഷന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
സിലബസ് തയാറാക്കി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുത്ത ശേഷമേ ഭാഷാചോദ്യം ഉള്‍പ്പെടുത്തൂ. അത് എന്ന് നടക്കുമെന്ന് ഒരു വ്യക്തതയുമില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ആറ് അംഗങ്ങള്‍ വിയോജനക്കുറിപ്പെഴുതിയത്. അശോകന്‍ ചരുവില്‍, യു. സുരേഷ്കുമാര്‍, മോഹന്‍ദാസ്, ശെല്‍വരാജ്, വി.ടി. തോമസ്, ഹരീന്ദ്രനാഥ് എന്നിവരാണ് കുറിപ്പെഴുതിയത്. പ്രൈമറി തലം മുതല്‍ മലയാളം നിര്‍ബന്ധമാക്കിയ നിയമം നടപ്പാക്കുന്നമുറയ്ക്ക് മാത്രമേ പരീക്ഷയിലെ മാറ്റവും നടപ്പാകൂ. എല്ലാവരും മലയാളം പഠിക്കാത്ത സാഹചര്യത്തില്‍ അത് ഉള്‍പ്പെടുത്തിയാല്‍ നിയമനടപടി വരുമെന്ന അഭിപ്രായം ചിലര്‍ ഉന്നയിച്ചു. സര്‍വകലാശാല അസി. തസ്തികയിലേക്ക് ഇതിനകം പി.എസ്.സി ചോദ്യപേപ്പര്‍ അടിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.