നാടകാചാര്യനുള്ള ഗുരുദക്ഷിണയായി മഞ്ജുവിന്‍െറ ശകുന്തള
text_fieldsതിരുവനന്തപുരം: വിടപറഞ്ഞ നാടാകാചാര്യനുള്ള ഗുരുദക്ഷിണയും ശ്രദ്ധാഞ്ജലിയുമായി മഞ്ജുവാര്യര്‍ തലസ്ഥാനനഗരിയുടെ പ്രൗഢസദസ്സിന് മുന്നില്‍ ശകുന്തളയായി നിറഞ്ഞാടി. ടാഗോര്‍ തിയറ്ററിന്‍െറ നിറഞ്ഞ വേദിയില്‍ അഭിജ്ഞാന ശാകുന്തളത്തിലെ നായികയായി മഞ്ജുവാര്യര്‍ നിറയുമ്പോഴും മനസ്സില്‍ ഒരു തേങ്ങല്‍ മാത്രം ബാക്കി. അടുത്തിടെ അന്തരിച്ച കാവാലം നാരായണപ്പണിക്കര്‍ ചിട്ടപ്പെടുത്തിയ ഈ നാടകം അരങ്ങിലത്തെുമ്പോള്‍ അദ്ദേഹത്തിന്‍െറ അസാന്നിധ്യമുണ്ടാക്കിയ വേദന സദസ്സും ഏറ്റുവാങ്ങി.
നാടകം അരങ്ങിലത്തെി കാണണമെന്ന മോഹം ബാക്കിവെച്ചാണ് കാവാലം വിടവാങ്ങിയത്. സംസ്കൃത നാടകമായിരുന്നിട്ടും ഭാഷാപരിമിതികള്‍ മാറ്റി തിങ്ങിനിറഞ്ഞ സദസ്സ് നാടകം നെഞ്ചേറ്റി. വനപശ്ചാത്തലവും കണ്വാശ്രവുമടക്കം മികവുറ്റതായിരുന്നു രംഗാവിഷ്കാരവും ദീപക്രമീകരണവും. കാവാലം നാരായണപ്പണിക്കരുടെ മകന്‍ കാവാലം ശ്രീകുമാറിന്‍െറ ശ്ളോകാലാപനത്തോടെയാണ് ശാകുന്തളത്തിന്‍െറ അരങ്ങുണര്‍ന്നത്. അഭിനയമികവില്‍ ശകുന്തളയും തോഴിമാരും ദുഷ്യന്ത മഹാരാജാവും കണ്വമഹര്‍ഷിയുമെല്ലാം ആസ്വാദക ഹൃദയങ്ങളിലേക്ക് കുടിയേറുകയായിരുന്നു. ദൃശ്യബിംബങ്ങളായി വണ്ടുകളും അരങ്ങില്‍ നിറഞ്ഞുനിന്നു. മഞ്ജുവാര്യര്‍ നിര്‍മിച്ച നാടകം സോപാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ആന്‍ഡ് റിസര്‍ച്ചാണ് അരങ്ങിലത്തെിച്ചത്.
കഥകളിയുടെയും കൂടിയാട്ടത്തിന്‍െറയും അഭിനയരീതികള്‍ സന്നിവേശിപ്പിച്ചാണ് ശാകുന്തളം ഒരുക്കിയത്. സംഭാഷണങ്ങള്‍ പോലും സംഗീതാത്മകമായിരുന്നു. സംഭാഷണത്തിനൊപ്പം പാട്ടുകളും തത്സമയം. അഭിജ്ഞാന ശാകുന്തളത്തില്‍ ദുഷ്യന്തനായി വേദിയില്‍ എത്തുന്നത് 30 വര്‍ഷമായി സോപാനത്തിന്‍െറ കലാകാരനായി പ്രവര്‍ത്തിക്കുന്ന ഗിരീഷാണ്. മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന നാടകമെന്ന പ്രത്യേകതയും അഭിജ്ഞാന ശാകുന്തളത്തിനുണ്ട്. ഒന്നേമുക്കാല്‍ മണിക്കൂറായിരുന്നു നാടകത്തിന്‍െറ ദൈര്‍ഘ്യം. മുഖ്യമന്ത്രി പിണറായി വിജയനാണ് നാടകാവതരണം ഉദ്ഘാടനം ചെയ്തത്.
കാവാലം നാരായണപ്പണിക്കര്‍ക്കുള്ള ഉചിതമായ ആദരാഞ്ജലിയും ബഹുമതിയുമാണ് നാടകാവതരണണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിമാരായ എ.കെ. ബാലന്‍, ടി.എം. തോമസ് ഐസക്, മുന്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, മേയര്‍ വി.കെ. പ്രശാന്ത്, സംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, കമല്‍, സത്യന്‍ അന്തിക്കാട്, നടന്മാരായ മധു, മുകേഷ്, മണിയന്‍പിള്ള രാജു, എം.എല്‍.എമാരായ ശബരീനാഥന്‍, മുഹ്സിന്‍ തുടങ്ങി നിരവധിപേര്‍ നാടകം കാണാനത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.