ഇത് എഴുന്നേറ്റു നിന്ന് ചോദ്യം ചോദിക്കേണ്ട സമയം –പ്രകാശ് രാജ്
text_fieldsകോഴിക്കോട്: സൂര്യെൻറ ഉദയത്തെയും അസ്തമയത്തെയും കുറിച്ച് സംസാരിക്കേണ്ട സമയമല്ല ഇതെന്നും എഴുന്നേറ്റുനിന്ന് ചോദ്യം ചോദിക്കേണ്ട സമയമാണെന്നും നടൻ പ്രകാശ് രാജ്. ഡി.സി കിഴക്കേമുറി ഫൗണ്ടേഷനും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് സംഘടിപ്പിച്ച മൂന്നാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിെൻറ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭയം അവരുടെ ശക്തിയാവുന്ന കാലമാണിത്. നമ്മൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ നമുക്ക് ഉത്തരമല്ല ലഭിക്കുന്നത് മറിച്ച്, ചോദ്യങ്ങൾ ആണ്. ഈ നാട്ടിലെ യുവാക്കൾക്ക് വാഗ്ദാനം ചെയ്ത തൊഴിലിനെക്കുറിച്ച് ചോദിക്കുമ്പോൾ നിങ്ങൾ കോൺഗ്രസാണോ എന്ന മറുചോദ്യമാണ് കിട്ടുക. കർഷകരുടെ ആവലാതികളെക്കുറിച്ച് ചോദിക്കുമ്പോൾ അവർ തിരിച്ചുചോദിക്കുന്നത് നിങ്ങളൊരു കമ്യൂണിസ്റ്റാണോ എന്നാണ്. കുട്ടികൾക്കുനേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ നിങ്ങളൊരു ഹിന്ദുവിരുദ്ധനാണോ എന്ന മറുചോദ്യമാണ് കിട്ടുക.
എന്നാൽ, ഇതുകൊണ്ടൊന്നും നമ്മെ ഭയപ്പെടുത്താനാവില്ല. ഈ രാജ്യത്തെ യുവസമൂഹത്തിനുനേരെ എറിയുന്ന കല്ലുകൾകൊണ്ട് അവർ കെട്ടിടമുണ്ടാക്കും. തീകൊണ്ട് അവരെ പൊള്ളിക്കരുത്, ആ തീയിൽനിന്ന് പ്രകാശമുണ്ടാക്കാൻ അവർക്കറിയാം. ഞങ്ങളുടെ വഴിയിൽ ഭയപ്പെടുത്തി പിന്തുടരരുത്, അങ്ങനെ ചെയ്താൽ ഞങ്ങൾ കുറേക്കൂടി വേഗം ലക്ഷ്യത്തിലെത്തും. സാഹിത്യത്തിന് എതിർപ്പുകളും അമർഷവും പ്രകടിപ്പിക്കാനുള്ള വലിയ കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.ടി. വാസുദേവൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യത്തിെൻറ അടിസ്ഥാനശില തന്നെ വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസം ഡെമോക്ലിസിെൻറ വാളുപോലെ നമുക്കു മുകളിലുണ്ട്. എന്നാൽ, ഫാഷിസത്തെ എക്കാലവും പ്രതിരോധിക്കുന്നത് ജനാധിപത്യമാണ്. കൽബുർഗിയെയും നരേന്ദ്ര ദാഭോൽകറെയും ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തിയത് ഗാന്ധിജിയെ കൊന്ന ഗോദ്സെയുടെ പിന്മുറക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
എ. പ്രദീപ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദൻ ആമുഖപ്രഭാഷണം നിർവഹിച്ചു. ഐറിഷ് അംബാസഡർ ബ്രിയാൻ മക്എൽഡഫ്, ജാപ്പനീസ് കോൺസൽ ജനറൽ ടകയുകി കിടകാട്ട, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ല കലക്ടർ യു.വി. ജോസ്, ജില്ല പൊലീസ് മേധാവി കാളിരാജ് മഹേഷ് കുമാർ, കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ, കൗൺസിലർ അഡ്വ. തോമസ് മാത്യു തുടങ്ങിയവർ സംസാരിച്ചു. രവി ഡി.സി സ്വാഗതവും എ.കെ. അബ്ദുൽ ഹക്കീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.