ചുംബന സമരം കോമാളിത്തം; മാതൃകയാക്കേണ്ടത് സ്നേഹ ഇരിപ്പ്: അശോകൻ ചരുവിൽ
text_fieldsകൊച്ചി: മറൈന്‍ഡ്രൈവില്‍ നടന്ന രണ്ടാം ചുംബന സമരം കോമാളിത്തമാണെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. ചുംബനസമരത്തില്‍ പങ്കെടുത്തവരുടെ ആത്മാർഥയെക്കുറിച്ച് സംശയമൊന്നുമില്ലെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ ആവര്‍ത്തിക്കപ്പെട്ട കോമാളിത്തമായി ഇത് പരിണമിച്ചെന്നും അദ്ദേഹം പറയുന്നു.
ചുംബനസമരത്തില്‍ പങ്കെടുത്തവരുടെ ആത്മാര്‍ഥതയെക്കുറിച്ച് എനിക്ക് സംശയമൊന്നുമില്ല. അവരെ അഭിവാദ്യംചെയ്യുന്നു. രണ്ടാംതവണയാണല്ലോ കേരളത്തില്‍ ഇത് നടക്കുന്നത്. ആദ്യഘട്ടത്തില്‍ കൗതുകത്തിനപ്പുറം പ്രതിഷേധത്തിന്‍റെയും അതുസംബന്ധമായ വൈകാരികതയുടെയും അന്തരീക്ഷം കാണാന്‍ കഴിഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ രണ്ടാമത്തേത് ആവര്‍ത്തിക്കപ്പെട്ട കോമാളിത്തമായി പരിണമിച്ചു. സ്വാഭാവികമായും ഇത്തരം സമരത്തിന് വാര്‍ത്താപ്രാധാന്യം കിട്ടും. മാത്രമല്ല, മറൈന്‍ ഡ്രൈവിലെ സ്‌നേഹ ഇരിപ്പുസമരത്തേക്കാള്‍ പത്രങ്ങള്‍ കൗതുകം കണ്ടെത്തിയത് ചുംബനസമരത്തിനായിരുന്നു എന്നതിലും സംശയമില്ല. എന്നുവച്ച് ഒരുപറ്റം വായില്‍നോക്കികളുടെ താല്‍പ്പര്യത്തിനപ്പുറം കേരളീയസമൂഹത്തിന്റെ സാമൂഹ്യജാഗ്രതയുള്ള പിന്തുണ ഈ സമരത്തിന് ലഭിച്ചെന്നു പറയാനാകില്ല. ആണും പെണ്ണും തമ്മില്‍ ചുംബിക്കുന്നിടത്തേക്ക് ആര്‍ത്തിയോടെ പാഞ്ഞുചെന്ന് കാണാന്‍ പല്ലിളിച്ച് കാത്തു നില്‍ക്കുന്നതും, അവരെ ചൂരല്‍ചുഴറ്റി അടിച്ചോടിക്കുന്നതും ഒരേ മാനസികാവസ്ഥയുടെ പ്രതിഫലനമായിട്ടേ കാണാന്‍ കഴിയൂ. മാത്രമല്ല, സമരത്തിനു കാരണമായ ജീവല്‍പ്രശ്‌നത്തിന്റ പിന്നിലെ സാമൂഹ്യാവസ്ഥയെ കുറെയൊക്കെ മറച്ചുപിടിക്കാനും അതു കാരണമായി. ചര്‍ച്ച ചുംബനത്തിന്റെ കേവലകാഴ്ചയിലേക്ക് വഴുതിമാറി.
മറൈന്‍ ഡ്രൈവില്‍ നടന്ന സദാചാരഗുണ്ടായിസം വെളിവാക്കുന്നത് പുതിയൊരിനം രാഷ്ട്രീയപ്രവര്‍ത്തനം സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നു എന്നാണ്. ഇതു സംബന്ധമായി പിടിക്കപ്പെട്ട ചില പ്രതികള്‍ മുമ്പ് നടന്ന ചില സ്ത്രീപീഡനകേസുകളിലെ പ്രതികളായിരുന്നു എന്ന വാര്‍ത്ത വായിച്ചിരുന്നു. ഇതില്‍ ഒട്ടും അസ്വാഭാവികതയില്ല. രാജ്യത്ത് പെരുകികൊണ്ടിരിക്കുന്ന സദാചാരഗുണ്ടായിസത്തിനും സ്ത്രീപീഡനങ്ങള്‍ക്കും എതിരെ ഇനിയും നടക്കാനിരിക്കുന്ന സമരങ്ങളില്‍ മാതൃകാപരം ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും നടത്തിയ സ്‌നേഹഇരിപ്പ് സമരം പോലുളളവയാണെന്നും അശോകന്‍ ചരുവില്‍ എഴുതുന്നു. ദേശാഭിമാനി ദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.