കോവിന്ദിനെ വിമർശിച്ചതിന് റാണാ അയൂബിനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: എൻ.ഡി.എയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെ വിമർശിച്ചതിന് പ്രമുഖ പത്രപ്രവർത്തകയായ റാണാ അയൂബിനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി. പാർട്ടി വക്താവായ നൂപുർ ശർമയാണ് റാണക്കെതിരെ പൊലീസിൽ പരാതി നൽകിയത്. എൻ.ഡി.എയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെ അപമാനിക്കുന്നതും വിദ്വേഷം നിറഞ്ഞതും അധിക്ഷേപിക്കുന്നതുമായ പോസ്റ്റാണ് റാണാ ട്വിറ്ററിലൂടെ പങ്കുവെച്ചതെന്നാണ് ശർമയുടെ പരാതിയിൽ പറയുന്നത്. പ്രതിഭാ പാട്ടീലിനേക്കാൾ മോശം സ്ഥാനാർഥിയാണ് രാംനാഥ് കോവിന്ദ് എന്നർഥത്തിലായിരുന്നു റാണാ ട്വീറ്റ് ചെയ്തത്.
ജാതീയവും ബഹുമാനമില്ലാത്തതുമായ പരാമർശമാണ് റാണയുടേതെന്ന് പരാതിയുടെ പൂർണരൂപം ട്വിറ്ററിൽ പോസ്റ്റ് ചെയ്തുകൊണ്ട് നൂപുർ ശർമ ആരോപിച്ചു. പട്ടിക ജാതിക്കാരോടും അധസ്ഥിത ജനവിഭാഗത്തോടുള്ള മനോഭാവമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. കേസ് ദളിതർക്കെതിരായ പീഡനം തടയൽ നിയമത്തിന്‍റെ വകുപ്പിൽ ഉൾപ്പെടുത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
2016ൽ പുറത്തുവന്ന റാണാ അയൂബ് എഴുതിയ ഗുജറാത്ത് ഫയൽസ്: അനാട്ടമി ഓഫ് കവർ അപ് എന്ന പുസ്തകം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിന്‍റെ പശ്ചാത്തലത്തിൽ എഴുതിയ പുസ്തകം ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിന് കാരണമായിരുന്നു. തെഹൽക്കയിൽ ജോലി ചെയ്യുമ്പോൾ നടത്തിയ സ്റ്റിങ് ഓപറേഷനുകളിലൂടെ വെളിപ്പെട്ട കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.