ബോബ് ഡിലന് സാഹിത്യ നൊബേൽ
text_fieldsവാഷിങ്ടൺ: അമേരിക്കൻ ഗാനരചയിതാവും സംഗീതജ്ഞനുമായ ബോബ് ഡിലന് സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം. അമേരിക്കൻ ഗാന പാരമ്പര്യത്തിൽ പുതിയ കാവ്യഭാവങ്ങൾ കൊണ്ടുവന്നയാളാണ് 74കാരനായ ഡിലനെന്ന് അവാർഡ് നിർണയ സമിതി അഭിപ്രായപ്പെട്ടു.
സമിതിക്ക് മുമ്പാകെ വന്ന 220 നാമനിർദേശങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരിൽ നിന്നാണ് ഡിലന് നറുക്ക് വീണത്. നൊബേൽ പുരസ്കാര ചരിത്രത്തിൽ ആദ്യമായാണ് ഒരു സംഗീതജ്ഞന് ഇൗ അവാർഡ് ലഭിക്കുന്നത്.
1941 മെയ് 24ന് അമേരിക്കയിലെ തീരദേശ നഗരമായ മിന്നസോട്ടയിൽ ജനിച്ച ഡിലൻ ഇടത്തരം കുടുംബത്തിലെ ജൂത അംഗമാണ്. 1992ൽ സാഹിത്യത്തിൽ നൊബേൽ നേടിയ ടോണി മോറിസന് ശേഷം ഇൗ വിഭാഗത്തിൽ നൊബേൽ നേടുന്ന ആദ്യ അമേരിക്കക്കാരനാണ് ഡിലൻ.
പാരമ്പര്യ സംഗീതത്തിൽ പ്രശസ്തനായ വൂഡീ ഗുത്രിയുടെയും ബീറ്റ് സംഗീതത്തിെൻറയും സ്വാധീന വലയത്തിലായ ആ കൗമാരക്കാരൻ ന്യൂയോർക്കിലെ ക്ലബുകളിലും കഫേകളിലും പാടി നടന്നു. പിന്നീട് സംഗീത നിർമാതാവ് ജോൺ ഹാമ്മൻറുമായി കരാറൊപ്പിട്ടതോടെയാണ് ഡിലൻ ഉയരങ്ങളിലേക്ക് കുതിച്ചത്.
1965ൽ ബ്രിങ്ങിങ് ഇറ്റ് ആൾ ബാക് ഹോം, ഹൈവേ 61 റീവിസിറ്റഡ് എന്നീ ആൽബങ്ങളും 66ൽ പുറത്തിറക്കിയ ബ്ലോണ്ട് ഒൺ ബ്ലോണ്ട്, 75ലെ ബ്ലൂഡ് ഒൺ ദ ട്രാക്സ്, 89ലെ ഒാ മെഴ്സി, 97ലെ ടൈം ഒൗട്ട് ഒാഫ് മൈൻഡ്, 2006ലെ മോഡേൺ ടൈംസ് എന്നിവ ഡിലൻ പുറത്തിറക്കിയ ആൽബങ്ങളാണ്.
20ാം നൂറ്റാണ്ടുകളിൽ ഡിലെൻറ സംഭാവനകളായ ബ്ലോവിൽ ഇൻ ദ വിൻറും ദ ടൈംസ് ദെ ആർ എ ചാങ്കിനും 60കളിൽ സജീവമായിരുന്ന യുദ്ധവിരുദ്ധ വികാരങ്ങളുടെയും മനുഷ്യാവകാശ മുന്നേറ്റങ്ങളുടെയും വേദഗാനമായി മാറി.
സംഗീതത്തിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2008ൽ പുലിസ്റ്റർ പുരസ്കാരവും ഡിലനെ തേടിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.