ചുള്ളിക്കാടിനെതിരെ സി. രാധാകൃഷ്ണൻ: നല്ല അധ്യാപകർ ഉണ്ടായിരുന്നതിന് തെളിവാണ് ബാലൻ
text_fieldsതൃശൂർ: ബാലചന്ദ്രൻ ചുള്ളിക്കാടിെൻറ നിലപാടിനെ വിമർശിച്ച് സി. രാധാകൃഷ്ണൻ. ഒരു ഗുരുനാഥനും തെൻറ കവിത പഠിപ്പിക്കാൻ അർഹതയില്ലെന്ന് ചുള്ളിക്കാട് പറഞ്ഞത് ശരിയായില്ല. അക്ഷരം അറിയുന്നവർ പണ്ടേ ഉണ്ടായിരുന്നു എന്നതിെൻറ തെളിവാണ് ബാലൻ. അക്ഷരം പഠിപ്പിക്കാൻ കഴിയുന്നവർ ഇപ്പോഴുമുണ്ട്. നല്ല അധ്യാപകരെ മാനസികമായി തളർത്തരുത് -അദ്ദേഹം പറഞ്ഞു.
സാഹിത്യ അക്കാദമി വൈലോപ്പിള്ളിഹാളിൽ ‘അയനം- സി.വി.ശ്രീരാമൻ’ കഥാപുരസ്കാരം ഇ.പി. ശ്രീകുമാറിന് നൽകി സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ. ഒരു പുരസ്കാരവും സ്വീകരിക്കില്ലെന്ന് പറഞ്ഞാൽ ആർക്കും പുരസ്കാര സമർപ്പണ വേദികളിൽ ഇരിക്കാനാവില്ല. ചുള്ളിക്കാടിെൻറ പ്രസ്താവന വായിച്ചാൽ അദ്ദേഹത്തിെൻറ ഉള്ളിെൻറയുള്ളിൽ നഷ്ടബോധമുണ്ടെന്ന് തോന്നും. താൻ മദ്യപാനം നിർത്തിയെന്ന് കൊല്ലവും മാസവും ദിവസവും എണ്ണി മദ്യപാനി പറയുന്നതുപോലെയാണത്. പാഠപുസ്തകവും പുരസ്കാരവും തമ്മിൽ എന്താണ് ബന്ധമെന്ന് മനസ്സിലാവുന്നില്ല. വാൽമീകി മുതൽ ബാലചന്ദ്രൻ ചുള്ളിക്കാട് വരെയുള്ളവരുടെ കൃതികൾ പഠിപ്പിക്കരുതെന്നു പറഞ്ഞാൽ പിന്നെ എന്താണ് പഠിപ്പിക്കുക എന്ന ചോദ്യമുയരും. ഇന്നത്തെ വിദ്യാഭ്യാസ രീതിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാതെ അധ്യാപകർക്കും ഗവേഷക വിദ്യാർഥികൾക്കും അക്ഷരബോധം ഇല്ലെന്ന് പറയുന്നത് ശരിയല്ല.
ഇംഗ്ലീഷ് മാത്രം പഠിപ്പിക്കുന്ന അൺഎയ്ഡഡ് സ്കൂളുകളാണ് പ്രശ്നം. അതേസമയം, നന്നായി പഠിപ്പിക്കാൻ കഴിവുള്ളവർ ഇന്നുമുണ്ട്. അതുകൊണ്ട് ധിക്കാരം പറയരുത്, പ്രവർത്തിക്കരുത്, അവലംബിക്കരുത്. എല്ലാ പുരസ്കാരവും അശുദ്ധമാണ് എന്ന നിലപാട് ശരിയല്ല. പരിഹാസമല്ല; പരിഹാരമാണ് വേണ്ടത് -അദ്ദേഹം പറഞ്ഞു.
അക്കാദമി പ്രസിഡൻറ് വൈശാഖൻ അധ്യക്ഷത വഹിച്ചു. ഡോ.എൻ.ആർ. ഗ്രാമപ്രകാശ്, ജയരാജ് വാര്യർ, ഡോ. പ്രഭാകരൻ പഴശ്ശി, ഇ.പി. ശ്രീകുമാർ, ടി.ജി. അജിത, ടി.പി. ബെന്നി, വിജേഷ് എടക്കുന്നി, എം.വി. ജോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.