മീശയിലെ പരാമർശം ആക്ഷേപഹാസ്യമായിക്കൂടെ എന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേരളത്തിലെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് എസ്. ഹരീഷ് പിൻവലിച്ച നോവല്‍ ‘മീശ’ നിരോധിക്കരുതെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. നോവൽ നിരോധിച്ച് ആശയങ്ങളുടെ ഒഴുക്ക് തടയാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാദമായ മൂന്ന് അധ്യായങ്ങളുടെ പരിഭാഷ അഞ്ചു ദിവസത്തിനകം സമര്‍പ്പിക്കാന്‍ പ്രസാധകര്‍ക്ക് നിർദേശം നൽകിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. പുസ്തകം നിരോധിക്കുന്നതിനെ സംസ്ഥാന സർക്കാറും എതിർത്തു.
നോവലിലേത് രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനാപരമായ സംഭാഷണം മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. വിവാദങ്ങളുടെ പേരില്‍ പുസ്തകം നിരോധിക്കുന്ന സംസ്കാരത്തോട് യോജിക്കാനാകില്ല. ഇന്ത്യൻ ശിക്ഷാനിയമം 221 പ്രകാരം അശ്ലീലം ഉണ്ടെങ്കിലേ പുസ്തകം നിരോധിക്കുന്ന കാര്യം കോടതിക്ക് പരിഗണിക്കാനാകൂ. ഭാവനാപരമായ സംഭാഷണത്തില്‍ അശ്ലീലവും ബാധകമല്ല. രണ്ടു പാരഗ്രാഫുകള്‍ ഉയര്‍ത്തിക്കാട്ടി പുസ്തകം തന്നെ ചവറ്റുകൊട്ടയിലേക്ക് എറിയാനാണ് ഹരജിക്കാര്‍ ആവശ്യപ്പെടുന്നത്. അങ്ങനെ പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിനെ ബാധിക്കുമെന്നും സുപ്രീംകോടതി ഒാർമിപ്പിച്ചു.
നോവല്‍ മതവികാരം വ്രണപ്പെടുത്തുമെന്ന് ആരോപിച്ച് ഡൽഹി മലയാളി രാധാകൃഷ്ണന് നല്കിയ പൊതുതാല്പര്യ ഹരജി തള്ളണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. പുസ്തകം നിരോധിക്കണമെന്ന ആവശ്യം ഭരണഘടന ഉറപ്പ് നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ ലംഘനമാണെന്ന് കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് ബോധിപ്പിച്ചു. അതേസമയം നോവലിലെ ഭാഗങ്ങള്‍ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നതാണെന്നും വില്പന വിലക്കണമെന്നും ഹര്ജിക്കാരെൻറ അഭിഭാഷകന് വാദിച്ചു. നോവലിലെ മൂന്ന് ഖണ്ഡികകൾ മാത്രം ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയം കുത്തിനിറച്ച ഹരജിയിലെ ആവശ്യം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാറും ബോധിപ്പിച്ചു.
നോവല്‍ കത്തിച്ച മൂന്നുപേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: എസ്. ഹരീഷിെൻറ ‘മീശ’ നോവല്‍ കത്തിച്ച ബി.ജെ.പി പ്രവർത്തകർക്കെതിരെ കെേൻറാണ്മെൻറ് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെയാണ് കേസ്. മനഃപൂര്‍വം ലഹളയുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയത്. ഡി.സി ബുക്സ് സ്റ്റാച്യു ശാഖ മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവരുടെ വിഡിയോ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ബുധനാഴ്ചയാണ് സ്റ്റാച്യുവിലെ ഡി.സി ബുക്സിെൻറ ശാഖയിലെത്തി ബി.ജെ.പി പ്രവർത്തകർ നോവൽ കത്തിച്ചത്. വെള്ളിയാഴ്ച ഹിന്ദു ഐക്യവേദി പ്രവർത്തകർ ശാഖയിലേക്ക് മാർച്ചും നടത്തി. ഡി.സി ബുക്സ് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡി.സിയുടെ എല്ലാ ശാഖകൾക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.