‘അങ്ങനെയിരിക്കെ മരിച്ച് പോയ’ത് ആരുടെ കവിത?; ഒരു മോഷണത്തർക്കം
text_fieldsതൃശൂർ: കവി എസ്. കലേഷ് 2011ൽ എഴുതി പലയിടങ്ങളിലായി പ്രസിദ്ധീകരിച്ച കവിത മോഷ്ടിച്ചെന്ന് ആക്ഷേപം. എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തിനെതിരെ കലേഷ് തന്നെയാണ് ഫേസ് ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്.
താൻ എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ/നീ’എന്ന കവിത അതേ പേരിൽ, ചില്ലറ വ്യത്യാസങ്ങളോടെ ദീപ നിശാന്ത് തേൻറതാക്കിയെന്നാണ് കലേഷ് ആരോപിക്കുന്നത്. കോളജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ ജേണലിലാണ് ദീപയുടെ കവിത വന്നത്. എന്നാൽ, കവിത മോഷ്ടിച്ചിട്ടില്ലെന്നും വരികൾ ഒന്നായതിെൻറ കാരണം വൈകാതെ വെളിപ്പെടുത്തുമെന്നും ദീപ നിശാന്ത് പറഞ്ഞു. അതിനു പിന്നിൽ വ്യക്തിപരമായ, മറ്റു ചിലരുടെ ജീവിതവും വികാരവുമായും ബന്ധപ്പെട്ട കാര്യങ്ങളുണ്ടെന്നും അവർ പറഞ്ഞു.
‘2011 മാർച്ച് നാലിനാണ് ‘അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ/നീ’ എന്ന കവിത എഴുതിത്തീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്’-എസ്. കലേഷ് ഫേസ് ബുക്കിൽ വ്യക്തമാക്കുന്നു. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കി. ആ കവിതയിലൂടെ അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് ‘മാധ്യമം’ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അത് വായിച്ച് ഇഷ്ടപ്പെട്ട എ.ജെ. തോമസിെൻറ അഭിപ്രായപ്രകാരം സി.എസ്. വെങ്കിടേശ്വരൻ കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015ൽ ഇറങ്ങിയ ‘ശബ്ദമഹാസമുദ്ര’ത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിെൻറ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ച് തന്നു. വിഷമം തോന്നി -കലേഷ് എഴുതുന്നു.
‘കവിത മോഷ്ടിച്ചവൾ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്’ -ദീപ നിശാന്ത് ഇതിനോട് പ്രതികരിച്ചത് അങ്ങനെയാണ്. ‘എസ്. കലേഷ് മുെമ്പഴുതിയ ഒരു കവിത ഞാൻ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേർ ആർത്തുവിളിക്കുന്നത്. കിട്ടിയ സന്ദർഭം മുതലാക്കി മുമ്പ് മുതലേ എെൻറ നിലപാടുകളിൽ അമർഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. ഒരു സർവിസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവൻ ചോദ്യം ചെയ്യുന്ന പ്രവൃത്തി ഞാൻ ചെയ്യുമെന്ന് കരുതുന്നുണ്ടെങ്കിൽ അങ്ങനെതന്നെ മുന്നോട്ട് പോകുക. ഒരു സർവിസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാവാൻ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക. അങ്ങനെ പ്രശസ്തയാകേണ്ട ആവശ്യം എനിക്കില്ല, കലേഷിനുമില്ല. കലേഷിെൻറ എഴുത്തും വായനയും അറിയുന്ന ആളാണ് ഞാൻ.
തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകൾക്ക് പുറകിലെ വൈകാരിക പരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല. കവിത എെൻറ സ്ഥിരം തട്ടകമേയല്ല. എേൻറതല്ലാത്ത ഒരു വരിയും ഇന്നുവരെ എേൻറതെന്ന് അവകാശപ്പെട്ടിട്ടില്ല. ഇക്കാര്യത്തിൽ കൂടുതലായി ഒന്നും പറയാനില്ല’ -ദീപ വിശദീകരിച്ചു.
അങ്ങനെയെങ്കിൽ, കവിത താൻ എഴുതിയതാണെന്ന് അവർ ഉറപ്പിച്ച് അവകാശപ്പെടുകയോ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയോ ചെയ്യാത്തതെന്തെന്ന് എസ്. കലേഷ് ചോദിച്ചു. താൻ എഴുതുകയും പല പ്രസിദ്ധീകരണങ്ങളിലും അച്ചടിച്ച് വരികയും ആകാശവാണിയിൽ താൻതന്നെ അവതരിപ്പിക്കുകയും ചെയ്ത കവിത തേൻറതാണെന്ന് തെളിയിക്കേണ്ടി വരുന്നത് ഹൃദയഭേദകമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.