ആനന്ദിെൻറ രചനകൾ മരുഭൂമിയിലെ പച്ചപ്പ് –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: രാജ്യം വലിയ ആശങ്കയിൽ കഴിയുമ്പോൾ ആനന്ദിനെപ്പോലെയുള്ളവരുടെ രചനകൾ മരുഭൂമിയിലെ പച്ചപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
27ാമത് എഴുത്തച്ഛൻ പുരസ്കാരം ആനന്ദിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യമനസ്സുകളിൽ മരുഭൂമികൾ രൂപംകൊള്ളുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ എഴുത്തുകാരനാണ് ആനന്ദ്. ആരാണ് ഇന്ത്യൻ പൗരൻ എന്ന ചോദ്യം നാടാകെ ഉയരുന്ന കലുഷിതമായ അവസ്ഥയാണുള്ളത്. ഇന്ത്യയിൽ ജനിച്ചു വളർന്ന ചിലർക്ക് താൻ ഏതു രാജ്യത്തെ പൗരനാണെന്ന ചോദ്യത്തിന് മറുപടി പറയേണ്ട വേദനാജനകമായ സ്ഥിതിയുണ്ട്. ഇത്തരം പൊള്ളിക്കുന്ന ഭീതിജനകമായ അവസ്ഥയിൽ മുന്നറിയിപ്പ് നൽകുന്ന പ്രവചനസ്വഭാവമുള്ള സർഗാത്മക രചനകളാണ് ആനന്ദിേൻറത്.
ആ കരുതലിനുള്ള മലയാളത്തിെൻറ കൃതജ്ഞതയാണ് എഴുത്തച്ഛൻ പുരസ്കാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യഥാർഥജീവിതത്തിൽ മനുഷ്യർക്കിടയിൽ അകലം വർധിക്കുകയാണ്. ജാതി മുതൽ വംശം വരെ ഇതിന് കാരണമാകുന്നു. ആനന്ദ് എഴുത്തിലൂടെ മനുഷ്യർക്കിടയിൽ പാലം പണിഞ്ഞുകൊണ്ടിരിക്കുന്നു. ആനന്ദിനെപ്പോലെയുള്ള എഴുത്തുകാരുടെ സ്വാതന്ത്ര്യം നിലനിൽക്കണം. അത് ജനാധിപത്യത്തിെൻറ നിലനിൽപിന് ആവശ്യമാണ്. മനുഷ്യാവസ്ഥയുടെ ആഖ്യാനമാണ് എഴുത്ത് എന്ന വലിയ സത്യം ഉൾക്കൊണ്ടാണ് ആനന്ദ് സാഹിത്യരചന നടത്തിയത്. ഇരയുടെ പക്ഷത്തായിരുന്നു എപ്പോഴും ഈ എഴുത്തുകാരൻ. സന്ദേഹിയുടെ മനസ്സാണ് ഈ എഴുത്തുകാരന് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡർബാർ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ് പ്രശസ്തിപത്രം വായിച്ചു. സാംസ്കാരികവകുപ്പ് സെക്രട്ടറി റാണി ജോർജ്, സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ, സെക്രട്ടറി ഡോ. കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.