എഴുത്തച്ഛന്‍ പുരസ്കാരം സി. രാധാകൃഷ്ണന് സമ്മാനിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം സി. രാധാകൃഷ്ണന് സമ്മാനിച്ചു. ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം സമ്മാനിച്ചത്. എഴുത്തച്ഛനെക്കുറിച്ച് നോവലെഴുതിയ ആള്‍ക്കുതന്നെ പുരസ്കാരം നല്‍കുന്നത് ഒൗചിത്യഭംഗിയാണെന്നും എഴുത്ത് സത്യാന്വേഷണ പ്രക്രിയാണെന്ന് തിരിച്ചറിഞ്ഞയാളാണ് സി. രാധാകൃഷ്ണനെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉച്ചനീചത്വങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ എഴുത്തച്ഛന്‍ കാട്ടിയ പോരാട്ടവീറിന്‍െറ ശക്തിചൈതന്യങ്ങള്‍ അതേപടി ആവാഹിച്ച ഏഴുത്തുകാരനാണ് സി. രാധാകൃഷ്ണന്‍. ശാസ്ത്രസത്യങ്ങളെ വരെ ഐതിഹ്യങ്ങള്‍കൊണ്ട് പകരംവെക്കുന്ന കാലത്ത് ശാസ്ത്രചിന്തയുടെ കരുത്ത് എഴുത്തിലും മനസ്സിലും നിലനിര്‍ത്തുന്ന അദ്ദേഹത്തില്‍ എഴുത്തച്ഛന്‍െറ പിന്തുടര്‍ച്ച കാണാം. സത്യത്തിന്‍െറയും ധര്‍മത്തിന്‍െറയും ശാസ്ത്രത്തിന്‍െറയും യുക്തിയുടെയും പക്ഷത്താവണം സി. രാധാകൃഷ്ണനെപ്പോലുള്ളവരുടെ വാക്കിന്‍െറ തണല്‍. ഇക്കാര്യത്തിലെ അദ്ദേഹത്തിന്‍െറ നിഷ്കര്‍ഷ തുടര്‍ന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹിക്കുന്ന കൈകളില്‍തന്നെയാണ് പുരസ്കാരം എത്തിയതെന്ന് അധ്യക്ഷതവഹിച്ച മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
മനുഷ്യന് ഏറ്റവും ആവശ്യമില്ലാത്ത ഉപകരണം തലയാണെന്നു ചില രാഷ്ട്രീയ നേതാക്കള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നു സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍ അഭിപ്രായപ്പെട്ടു. എം.ടി. വാസുദേവന്‍നായരെ തള്ളിപ്പറഞ്ഞതോടെ പ്രായോഗികമായി ചിന്തിക്കാന്‍ കഴിവു വേണ്ടെന്നു ചില നേതാക്കള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.