പെണ്ണെഴുത്തിന്‍െറ കരുത്ത് പ്രമേയമാക്കി മലയാളത്തിന്‍െറ ‘ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ് ’
text_fieldsമുംബൈ: മലയാളം മുംബൈ നഗരത്തിന് സമ്മാനിച്ച സാഹിത്യോല്‍സവമായ ‘ഗേറ്റ് വേ ലിറ്റ് ഫെസ്റ്റി’ല്‍ ഇത്തവണ പെണ്ണെഴുത്തിന്‍െറ കരുത്ത്. ഫെബ്രുവരി 22, 23,24 തിയ്യതികളില്‍ ദക്ഷിണ മുംബൈയിലെ എന്‍.സി.പി.എയില്‍ അരങ്ങേറുന്ന സാഹിത്യോല്‍സവത്തില്‍ ചലചിത്ര, സാഹിത്യ രംഗത്തെ പ്രമുഖരുള്‍പടെ 50 ഓളം പെണ്ണെഴുത്തുകാര്‍ അണിനിരക്കും. 20 ഓളം പ്രാദേശിക ഭാഷാ എഴുത്തുകാരാണ് തങ്ങളുടെ അനുഭവങ്ങളും കാഴ്ചപാടുകളും പങ്കുവെക്കുക.
ഈ വര്‍ഷം കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്കാറിന് അര്‍ഹരായ ഏഴ് യുവ എഴുത്തുകാരികള്‍ ചര്‍ച്ചക്ക് എത്തുന്ന വേദിയാണ് ഇത്തവണത്തെ പ്രത്യേകതകളിലൊന്ന്. ഇംഗ്ളീഷിലെ പുതുതലമുറ എഴുത്തുകാരികള്‍, സ്ത്രീകളുടെ ആത്മകഥാപരമായ തുറന്നെഴുത്തുകള്‍, സാഹിത്യത്തിലെ പ്രാന്തവല്‍കൃത ധാരകള്‍, വിവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയാകും.
ജ്ഞാനപീഠം ജേതാവ് പ്രതിഭാ റായ് (ഒഡിയ), സംവിധായിക അപര്‍ണാസെന്‍ (ബംഗാളി), ഇംഗ്ളീഷ് എഴുത്തുകാരായ അഞ്ജു മഖിജ, നന്ദിനി സുന്ദര്‍, മലയാളത്തില്‍ നിന്ന് ജെ.ദേവിക, ഇന്ദു മേനോന്‍, സുജ സൂസന്‍, മറാത്തിയില്‍ നിന്ന് മലിക അമര്‍ ശൈഖ്, പ്രഞ്ജ പവാര്‍ എന്നിവരും കനകാ ഹാ (കന്നട), കാര്‍ത്തിക വി.കെ (തമിഴ്), നിരുപമ ദത്ത് (പഞ്ചാബ്), പാട്രീഷ്യ മുഖിം (മേഘാലയ), പ്രഫ. ചല്ലപ്പള്ളി സ്വരൂപറാണി (തെലുങ്ക്), തരന്നം റിയാസ് (ഉര്‍ദു), തെംസുല ആവൊ (വടക്കുകിഴക്ക്), പദംശ്രീ(ആസാമീസ്) തുടങ്ങിയവരുമാണ് ഇത്തവണ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രമുഖര്‍. വിവര്‍ത്തനത്തിലെ പുത്തന്‍ പ്രവണതകള്‍, വായനാ ശീലം, ഭാഷകളുടെ പരിണാമം, നാടക വേദിയിലെ സ്ത്രീ സാന്നിധ്യം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചചെയ്യും.
മുംബൈ കേന്ദ്രമായ മലയാള പ്രസിദ്ധീകരണം ‘കാക്ക’യും വാര്‍ത്താ വിനിമയ സ്ഥാപനമായ പാഷന്‍ ഫോര്‍ കമ്മ്യൂണിക്കേഷനുമാണ് ഇതര ഭാഷാ സാഹിത്യ ചര്‍ച്ചകള്‍ കൊണ്ട് രാജ്യത്തെ സാഹിത്യോല്‍സവങ്ങളില്‍ സ്വന്തം മുദ്ര പതിപ്പിച്ച ‘ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ്’ സംഘാടകര്‍. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കവി സച്ചിദാനന്ദന്‍, ആര്‍ട്ട് ക്യൂറേറ്റര്‍ ബോസ് കൃഷ്ണമാചാരി, പ്രമുഖ പത്രപ്രവര്‍ത്തകന്‍ സി. ഗൗരീദാസന്‍ നായര്‍, ഓപ്പണ്‍ മാഗസിന്‍ പത്രാധിപര്‍ എസ് .പ്രസന്നരാജന്‍, ബംഗാളി എഴുത്തുകാരന്‍ സുബോധ് സര്‍ക്കാര്‍, ഗുജറാത്തി കവി ശിതാംശു യശഛന്ദ്ര, മറാത്തി എഴുത്തുകാരന്‍ ലക്ഷ്മണ്‍ ഗെയ്ക്വാദ്, ഗുജറാത്തി എഴുത്തുകാരന്‍ സച്ചിന്‍ കേദ്കര്‍, ഉമ ദാകുഞ്ഞ എന്നിവരാണ് ‘ഗെയിറ്റ്വെ ലിറ്റ് ഫെസ്റ്റ്’ ഉപദേഷ്ടാക്കള്‍.
‘ഗേറ്റ് വേ ലിറ്റ് ഫെസ്റ്റി’ന്‍്റെ കഴിഞ്ഞ പതിപ്പുകളില്‍ എല്ലാ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമായി 200 ലേറെ പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കുകയും ഇന്ത്യന്‍ സാഹിത്യത്തിലെ നവീന പ്രവണതകളെക്കുറിച്ച് കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും ഫെസ്റ്റിന്‍െറ ഗാംഭീര്യവും വ്യാപ്തിയും കൂടിവരികയാണ്''. ലിറ്റ്ഫെസ്റ്റ് ഡയറക്ടറും ‘കാക്ക’ പത്രാധിപരുമായ മോഹന്‍ കാക്കനാടന്‍ പറഞ്ഞു. അവരവരുടെ ഭാഷകളില്‍ പ്രതിഭകൊണ്ട് പേരെടുത്ത പെണ്ണെഴുത്തുകാര്‍ ഇംഗ്ളീഷ് എഴുത്തുകാരെ പോലെ ദേശീയ തലത്തില്‍ ആഘോഷിക്കപെടുന്നില്ല. ഇവരെ ദേശീയധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം കൂടിയാണ് തങ്ങള്‍ നടത്തുന്നതെന്ന് ലിറ്റ് ഫെസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോസഫ് അലക്സാണ്ടര്‍ പറയുന്നു. ഭാഷാ വൈവിധ്യത്തിലും ഇന്ത്യയിലെ സാഹിത്യ ധാരകള്‍ക്ക് ഒരു പൊതു സ്വഭാവമുണ്ട്. ഭാഷകളുടെ ദേശീയോദ്ഗ്രഥനവും ദേശീയ ആഘോഷവുമാണ് ലിറ്റ് ഫെസ്റ്റിലൂടെ സാധ്യമാകുന്നതെന്ന് മറ്റൊരു എക്സിക്യൂട്ടീവ് ഡയറക്ടറും മാധ്യമ പ്രവര്‍ത്തകനുമായ എം. ശബരീനാഥും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.