സിതാൻശു യശസ്ചന്ദ്രക്ക് സരസ്വതി സമ്മാൻ
text_fieldsന്യൂഡൽഹി: ഗുജറാത്തി കവി സിതാൻശു യശസ്ചന്ദ്രക്ക് രാജ്യത്തെ ഉന്നത സാഹിത്യ ബഹുമതിയായ സരസ്വതി സമ്മാൻ. അദ്ദേഹത്തിെൻറ കവിതാസമാഹാരമായ ‘വഖാർ’ ആണ് പുരസ്കാരത്തിന് അർഹമായതെന്ന് കെ.കെ. ബിർല ഫൗണ്ടേഷൻ അറിയിച്ചു. 15 ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് സരസ്വതി സമ്മാൻ. ലോക്സഭ മുൻ സെക്രട്ടറി ജനറൽ സി. കാശ്യപ് അധ്യക്ഷനായ ഉന്നതതലസമിതി ചായൻ പരിഷദ് (നിർണയ സമിതി) ആണ് ഇൗ കൃതി 2017ലെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. 2009ലാണ് പുസ്തകം പുറത്തിറങ്ങിയത്.
1941ൽ ജനിച്ച യശസ്ചന്ദ്ര സമകാലിക ഗുജറാത്തി സാഹിത്യത്തിലെ അതികായന്മാരിൽ ഒരാളാണ്. കവിയും നാടകകൃത്തും പരിഭാഷകനും അക്കാദമിഷ്യനുമായ അദ്ദേഹത്തിേൻറതായി ‘വഖാർ’ ഉൾപ്പെടെ മൂന്ന് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഒദ്യസ്സേസ്നു ഹലേസുൻ’, ‘ജടായു’ എന്നിവയാണ് മറ്റു സമാഹാരങ്ങൾ. 10 നാടകങ്ങളും മൂന്ന് നിരൂപണ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സാഹിത്യ അക്കാദമി അവാർഡ്, കബീർ സമ്മാൻ എന്നിവയും നേടിയിട്ടുണ്ട്.
കഴിഞ്ഞവർഷം കൊങ്കണി നോവലിസ്റ്റ് മഹാബലേശ്വർ സെയ്ൽ ആണ് പുരസ്കാരത്തിന് അർഹനായത്. ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകരിച്ച മികച്ച കൃതിക്ക് 1991ലാണ് സരസ്വതി സമ്മാൻ ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.