കവിതയുടെ കസ്തൂരിഗന്ധം
text_fieldsതിരുവനന്തപുരം: സാംസ്കാരിക ജീവിതത്തിെൻറ പല അടരുകള്‍ സ്വന്തമാക്കിയ കവിയാണ് എസ്. രമേശന് നായര്‍. കവിക്കൊപ്പം ഗാനരചയിതാവ്, റേഡിയോ പ്രക്ഷേപകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍.
നവോത്ഥാനത്തെക്കുറിച്ച് കേരളം ചര്‍ച്ചചെയ്യുന്ന വേളയിലാണ് ശ്രീനാരായണ ഗുരു പ്രമേയമായ കാവ്യത്തെയും രചയിതാവിനെയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തേടിയെത്തുന്നത്. ‘ഗുരുപൗര്‍ണമി’യെ നൂറ്റാണ്ടുകളുടെ മഹാകാവ്യം എന്നാണ് അക്കിത്തം വിശേഷിപ്പിച്ചത്.
1948 േമയ് മൂന്നിന് കന്യാകുമാരിയിലെ കുമാരപുരത്ത് ജനിച്ച അദ്ദേഹം തിരുക്കുറളും ചിലപ്പതികാരവും സുബ്രഹ്മണ്യഭാരതിയുടെ കവിതകളും മലയാളത്തിലേക്ക് മൊഴിമാറ്റി. 12ാം വയസ്സില്‍ ‘മലയാളരാജ്യ’ത്തിലാണ് ആദ്യ കവിത വന്നത്. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷം മലയാളം ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്ക്. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായി ജോലിത്തുടക്കം. 10 വര്‍ഷം ആകാശവാണി തൃശൂര്‍ നിലയത്തില്‍ അക്കിത്തത്തോടൊപ്പം.
12 വര്‍ഷം ശേഷിക്കേ 1996ല്‍ പ്രോഗ്രാം എക്സിക്യൂട്ടിവായി വിരമിച്ചു. നിമിത്തമായത് ‘ശതാഭിഷേകം’ നാടകവിവാദം. 1994ല്‍ അഖില കേരള റേഡിയോ നാടകോത്സവത്തിലാണ് ഇത് പ്രക്ഷേപണം ചെയ്തത്. തറവാട്ടിലെ കസേര ഒഴിഞ്ഞുകൊടുക്കാത്ത കിട്ടുമ്മാവനും മാനസികവളര്‍ച്ച എത്താത്ത മകന് കിങ്ങിണിക്കുട്ടനുമായിരുന്നു കഥാപാത്രങ്ങള്‍. മുഖ്യമന്ത്രി കരുണാകരനെതിരെ നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ പടയൊരുക്കം നടക്കുന്ന കാലം. കഥാപാത്രങ്ങൾ കരുണാകരെൻറയും മുരളീധരെൻറയും പ്രതിച്ഛായകളായി വാര്‍ത്തയില്‍ ഇടം പിടിച്ചതോടെ രമേശന് നായര്‍ തെറിച്ചു, ആന്തമാനിലേക്ക്. ‘‘അധികാരത്തിെൻറ ധാർഷ്ട്യം അനുവദിക്കാനാകിെല്ലന്ന്’’ പ്രഖ്യാപിച്ച് ജോലി രാജിവെച്ചു.
തെൻറ പ്രവര്‍ത്തനസ്വാതന്ത്ര്യത്തില്‍ ആര്.എസ്.എസ് കൈകടത്തുന്നുവെന്നാരോപിച്ച് തപസ്യ പ്രസിഡൻറ് പദവി ഒഴിഞ്ഞത് മറ്റൊരു ധീരമായ പിന്മാറ്റം. 1985ല്‍ ഇറങ്ങിയ ഐ.വി. ശശിയുടെ ‘രംഗം’ എന്ന സിനിമയില്‍ ‘വനശ്രീ മുഖം നോക്കി...’ എന്ന പാട്ടിലൂടെ ഗാനരചയിതാവായി. ‘പൂമുഖവാതില്ക്കൽ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ’ തുടങ്ങി വന്‍ ഹിറ്റുകളായ 600ലധികം സിനിമാഗാനങ്ങളും 3000ത്തിലധികം ഭക്തിഗാനങ്ങളും എഴുതി. ഇതില്‍ ഗുരുവായൂരപ്പ ഭക്തിഗാനങ്ങള്‍ മാത്രം ആയിരത്തിലേറെയാണ്. ‘രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ, ഞാന്‍ പാടും ഗീതത്തോടാണോ...’ തുടങ്ങിയ ഹൃദയഹാരിയായ ഗാനങ്ങൾ എക്കാലത്തെയും ഹിറ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.