ആഫ്രിക്കയിലെ കറുത്ത വർഗക്കാർ സ്വദേശത്തും അന്യവത്കരിക്കപ്പെട്ടവർ –ഡോ. ഇർമ മക്ലൗറിൻ
text_fieldsതൃശൂർ: ആഫ്രിക്കയിലെ കറുത്ത വർഗക്കാർ ഭാഷയും സംസ്കാരവും അപഹരിക്കപ്പെട്ടവരാെണന്ന് പ്രമുഖ സ്ത്രീപക്ഷ എഴുത്തുകാരി ഡോ. ഇർമ മക്ലൗറിൻ. ശ്രീകേരള വർമ കോളജ് ഇംഗ്ലീഷ് വിഭാഗത്തിെൻറ സഹകരണത്തോടെ കേരള സാഹിത്യ അക്കാദമി ‘പ്രാന്തവത്കരിക്കപ്പെട്ടവരുടെ ശബ്ദം’ എന്ന വിഷയത്തിൽ നടത്തിയ സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
അടിമകളാക്കി കറുത്ത വർഗക്കാരെ സ്വന്തം ദേശത്ത് അന്യവത്കരിച്ചതാണ് ആഫ്രിക്കയിൽ കണ്ടത്. ജന്മനാട്ടിൽ മാത്രമല്ല, ചെന്നെത്തിയ മറ്റു രാജ്യങ്ങളിലും അവർ അവഹേളിക്കപ്പെട്ടു. അവരുടെ സാംസ്കാരിക സംഭാവനകൾ ആരും വിലമതിച്ചില്ല. അവരുടെ സർഗാത്്മകത അടിച്ചമർത്തപ്പെട്ടു. എന്തുകൊണ്ട് ഈ അവസ്ഥ വന്നുചേർന്നു എന്നതിനെപ്പറ്റി അറിയാനും പഠിക്കാനുമുള്ള അവസ്ഥ പോലും അംഗീകരിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ കറുത്തവരുടെ ഭാഷയും സാഹിത്യവും കലയും സംസ്കാരവും ഇരുളിൽ മറഞ്ഞു കിടന്നു.
കറുപ്പ് എന്നത് പാർശ്വവത്കരിക്കപ്പെട്ട സാമൂഹികാവസ്ഥയുടെ നിറമായി മാറി. അതിൽതന്നെ കറുത്ത സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ അതീവ ഗുരുതരമായിരുന്നു. കറുത്ത സ്ത്രീയുടെ സ്വത്വം മായ്ച്ചുകളയാനുള്ള ശ്രമമാണ് അധിനിവേശ ശക്തികൾ നടത്തുന്നത്. കറുത്ത വർഗക്കാരുടെ മോചനത്തിനായി അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. അഭയാർഥി പ്രശ്നം മുതൽ ഗാർഹിക പീഡനം വരെയുള്ള അവരുടെ പ്രതിസന്ധികളെപ്പറ്റി പഠിക്കാനും പരിഹാരം തേടാനുമുള്ള വലിയ ശ്രമത്തിെൻറ ഭാഗമായി നിലകൊള്ളാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ഇർമ മക്ലൗറിൻ പറഞ്ഞു.
അക്കാദമി പ്രസിഡൻറ് വൈശാഖൻ സംവാദം ഉദ്ഘാടനം ചെയ്തു. അംഗം ഡോ. മ്യൂസ് മേരി ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. കെ.പി. മോഹനൻ, ഡോ. വൃന്ദ വർമ, സിസ്റ്റർ ജെസ്മി, ലിസി, അനു പാപ്പച്ചൻ, പ്രഫ. എ.കെ. രവികൃഷ്ണൻ, ടി.ജി. സന്ദീപ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.