എഴുത്തുകാരികളുടെ ഛായാചിത്രങ്ങൾക്കും ഇടം കണ്ടെത്തും
text_fieldsതൃശൂർ: സാഹിത്യഅക്കാദമി ഹാളിൽ എഴുത്തുകാരികളുടെ ഛായാചിത്രങ്ങൾക്ക് ഇടം കണ്ടെത്തുമെന്ന് സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖൻ. ഏറെ നാളായി എഴുത്തുകാരികളും സാംസ്ക്കാരിക പ്രവർത്തകരുടേയും ഉയർത്തുന്ന ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. മലയാളത്തിലെ മൺമറഞ്ഞ പ്രധാന എഴുത്തുകാരുടെ ഛായാചിത്രങ്ങൾ സാഹിത്യ അക്കാദമി ഹാളിലും സ്മൃതി മണ്ഡപത്തിലുമായി തൂക്കുന്ന പതിവുണ്ട്. സാഹിത്യ അക്കാദമിയുടെ പ്രധാന ഹാളിൽ ഇതുവരെ സ്ഥാനം പിടിച്ചിരിക്കുന്നത് ഒരേയൊരു എഴുത്തുകാരിയുടെ ചിത്രം മാത്രമാണ്. ബാലാമണിയമ്മയൊഴിച്ച് മലയാളത്തിലെ എഴുത്തുകാരികളാരും പ്രധാന ഹാളിൽ ഇടം പിടിച്ചിട്ടില്ല. ലളിതാംബിംക അന്തർജനത്തിന്‍റെ ചിത്രം സ്മൃതി മണ്ഡപത്തിൽ തൂക്കിയിട്ടുണ്ടെങ്കിലും മാധവിക്കുട്ടി, കെ. സരസ്വതിയമ്മ, രാജലക്ഷ്മി, സിസ്റ്റര്‍ മേരി ബനീഞ്ഞ തുടങ്ങിയ പ്രമുഖ എഴുത്തുകാരികളെയെല്ലാം അവഗണിക്കുകയായിരുന്നു ഇതുവരെ സാഹിത്യ അക്കാദമി. ഇത് വലിയ അനീതിയാണെന്നും ഇതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന് സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖൻ പറഞ്ഞു.
വാസ്തവത്തിൽ നമ്മുടെ പുരുഷാധിത്യ പൊതുബോധത്തിൽ നിന്നുമാണ് ഇത്തരത്തിലുള്ള അവസ്ഥയുണ്ടായത്. സ്ഥല പരിമിതി മൂലം അക്കാദമി ഇപ്പോൾ പോർട്രെയ്റ്റുകൾ വരപ്പിക്കാറില്ല. ഇപ്പോഴുള്ള ചിത്രങ്ങൾ എടുത്തു മാറ്റി പുതിയവക്ക് ഇടം കണ്ടെത്തിയാൽ അതുമായി ബന്ധപ്പെട്ടവർ വലിയ പ്രശ്നങ്ങളുണ്ടാക്കും. ഛായാചിത്രങ്ങൾക്കായി പുതിയ ഒരു വരി നിർമിക്കാനും അതിൽ സ്ത്രീകളായ എഴുത്തുകാരികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നത്. അടുത്ത എക്സിക്യുട്ടീവ് യോഗത്തിൽ തന്നെ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും ചോദ്യത്തിന് ഉത്തരമായി വൈശാഖൻ പറഞ്ഞു. ഈ ഭരണസമിതിയുടെ കാലയളവിൽ തന്നെ ലക്‍ഷ്യം പൂർത്തീകരിക്കുമെന്നും വൈശാഖൻ അറിയിച്ചു.
അക്കാദമിയിൽ ഛായാചിത്രങ്ങൾ പ്രദർശിപ്പിക്കാനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സംവിധാനം ഏർപ്പെടുത്താനും ആലോചിക്കുന്നുണ്ട്. ചിത്രങ്ങൾ മാറി മാറി പ്രദർശിപ്പിക്കുന്ന ഒരു ഡിജിറ്റൽ സ്ക്രീനാണ് ഉദ്ദേശിക്കുന്നത്. കാലം ചെല്ലുന്തോറും ചിത്രങ്ങളുടെ എണ്ണം കൂടിവരികയാണ്. അതെല്ലാം ഉൾക്കൊള്ളിക്കാൻ മറ്റെന്തെങ്കിലും സംവിധാനം ഏർപ്പെടുത്തിയേ തീരൂവെന്നും വൈശാഖൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.