കോട്ടയം പുഷ്പനാഥ് ഓർമയായിട്ട് രണ്ട് വർഷം
text_fieldsചുവന്ന മനുഷ്യൻ, പ്ലൂട്ടോയുടെ കൊട്ടാരം, മരണമില്ലാത്തവൻ, ഒളിമ്പസിലെ രക്തരക്ഷസ്... തുടങ്ങി നിരവധി കുറ്റാന്വേഷണ നോവലുകളിലൂടെ വായനക്കാർക്ക് ഭീതിയുടെയും ഉദ്വേഗത്തിൻെറയും ത്രസിപ്പിക്കുന്ന രാവുകൾ സമ്മാനിച്ച കോട്ടയം പുഷ്പനാഥ് വിട പറഞ്ഞിട്ട് രണ്ട് വർഷം തികഞ്ഞു. മലയാളികളുടെ ആർതർ കോനൻ ഡോയലും, ബ്രാം സ്റ്റോക്കറുമൊക്കെ ആയിരുന്ന പുഷ്പനാഥ് കുറ്റാന്വേഷണ നോവലുകളിൽ തേൻറതായ കൈയൊപ്പ് ചാർത്തിയ എഴുത്തുകാരനായിരുന്നു.
ഒരു കാലത്ത് ഗ്രാമീണ ലൈബ്രറികളിലെ പുസ്തക തട്ടിൽ പുഷ്പനാഥിൻെറ നോവലുകൾ പൊടി പിടിച്ചു കിടക്കാറേയില്ലായിരുന്നു. കോട്ടയം പുഷ്പനാഥെന്ന നോവലിസ്റ്റിനെ വായനക്കാർ എത്രത്തോളം ഹൃദയത്തിലേറ്റിയെന്ന് വായിച്ചു പതിഞ്ഞ് ചട്ടയിളകിയ ആ പുസ്തകങ്ങൾ സാക്ഷ്യപ്പെടുത്തുമായിരുന്നു. ആകാംക്ഷയും ഉദ്വേഗജനകവുമായ കഥാ മുഹൂർത്തങ്ങളടങ്ങിയ പുഷ്പനാഥിൻെറ നോവലുകൾ എഴുപതുകളിലും എൺപതുകളുടെ തുടക്കത്തിലും കേരളത്തിലെ പുസ്തകശാലകളിൽ വായനക്കാർ ആർത്തിയോടെയാണ് വായിച്ചു തീർത്തത്.
പിന്നീട് അഞ്ചു പതിറ്റാണ്ടുകൾക്കു ശേഷം അദ്ദേഹത്തിൻെറ തന്നെ പേരിലുള്ള കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷനൻസിലൂടെ സയൻറിഫിക് ത്രില്ലർ നോവലായ "ചുവന്ന മനുഷ്യൻ" പുനഃപ്രസിദ്ധീകരിച്ചപ്പോൾ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പുഷ്പനാഥിൻെറ എഴുത്തിൻെറ മൂർച്ച മലയാളി വായനക്കാരുടെ മനസ്സിൽ കോറിയിട്ട സ്വാധീനമാണ് ഈ സ്വീകാര്യത വ്യക്തമാക്കുന്നത്.
കുറ്റാന്വേഷണ നോവലിൻെറ നാടകീയതയും ഹൊറർ നോവലിൻെറ ഭീകരതയും കൂട്ടിയിണക്കി മലയാളികളെ നോവൽ വായനയുടെ മായിക ലോകത്തേക്ക് കൈ പിടിച്ച് കൂട്ടിക്കൊണ്ടു പോവുകയാണ് പുഷ്പനാഥ് ചെയ്തത്. ഒരു വിദേശ രാജ്യം പോലും സന്ദർശിച്ചിട്ടില്ലാത്ത പുഷ്പനാഥിൻെറ കഥാപാത്രങ്ങൾ നോവലിനകത്ത് വിദേശ രാജ്യങ്ങളിൽ പാറി നടന്നു. ബർമുഡ ട്രയാംഗിളും, ശാന്ത സമുദ്രത്തിലെ അന്തർ വാഹിനിയുമെല്ലാം ആ സസ്പെൻസ് ത്രില്ലറിന് വേദിയായി.
കൊലപാതകം, കുറ്റകൃത്യം, അന്വേഷണം എന്നിവയിലൂടെ വികസിക്കുന്ന ഉദ്വേഗതയും ആകാംക്ഷയുമാണ് പുഷ്പനാഥിൻെറ നോവലുകളുടെ ഉള്ളടക്കം. വായനക്കാരെ പിടിച്ചിരുത്തുന്ന കൗശലവും അതിൽ സൂക്ഷിച്ചു വെച്ചിട്ടുള്ള ആകാംഷയുമാണ് കോട്ടയം പുഷ്പനാഥിനെ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.