കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് രാഷ്ട്രീയവിജയം –കെ.പി. രാമനുണ്ണി
text_fieldsമസ്കത്ത്: ‘ദൈവത്തിെൻറ പുസ്തകം’ എന്ന നോവലിന് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ദൈവാധീനം എന്നതിലുപരി തെൻറ നിലപാടുകളുടെ രാഷ്ട്രീയവിജയം കൂടിയാണെന്ന് പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി. രണ്ടുദിവസത്തെ സന്ദർശത്തിന് മസ്കത്തിൽ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
മുമ്പ് പലപ്പോഴും തെൻറ കൃതികൾ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിെൻറ അന്തിമപട്ടികയിൽ വന്നിട്ടുണ്ടെങ്കിലും ബഹുമതി ലഭിച്ചിരുന്നില്ല. അതിൽ നിരാശയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ‘ദൈവത്തിെൻറ പുസ്തക’ത്തിന് ആദ്യ പരിഗണനയിൽതന്നെ അവാർഡ് ലഭിച്ചു. വർത്തമാനകാലത്തെ മതവിഭാഗീയതയെയും വർഗീയതയെയും താത്വികമായും പ്രത്യയശാസ്ത്രപരമായും എങ്ങനെ പ്രതിരോധിക്കാമെന്ന് പറയുന്ന പുസ്തകത്തിന് അവാർഡ് ലഭിച്ചത് രാഷ്ട്രീയവിജയം തന്നെയാണ്.
ഒരു ഹിന്ദുവിെൻറ പ്രായശ്ചിത്തം
കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് തുക ഹരിയാനയിൽ ദാരുണമായി കൊലചെയ്യപ്പെട്ട ജുനൈദ് എന്ന ബാലെൻറ മാതാവിന് നൽകിയത് സഹാനുഭൂതിയോ സാമൂഹികപ്രവൃത്തിയോ അല്ല. മറിച്ച് മുസ്ലിം ആയതിനാൽ മാത്രം ഹിന്ദുവർഗീയവാദികളാൽ കൊല്ലപ്പെട്ട ജുനൈദിനോടുള്ള ഹിന്ദുവിെൻറ പ്രായശ്ചിത്തമാണ്. സഹിഷ്ണുതയും സ്നേഹവുമാണ് യഥാർഥ ഹിന്ദുദർശനം. ഭഗവാൻ ശ്രീരാമൻ പോലും ഇത്തരത്തിൽ പ്രായശ്ചിത്തം ചെയ്തിട്ടുണ്ട്. സ്വപത്നി സീതയെ ഉപേക്ഷിച്ചത് പ്രജകളുടെ സംശയത്തിെൻറ ഭാഗമായാണ്. എന്നാൽ, പിന്നീട് ജീവിതാവസാനം വരെ അയോധ്യയുടെ രാജാവായിട്ട് പോലും സർവസുഖങ്ങളും ത്യജിച്ചാണ് ശ്രീരാമൻ ജീവിച്ചത്. അവാർഡ് ഒരു അലങ്കാരമായി കൊണ്ടുനടക്കാതെ ഈ നോവൽ പ്രസരിപ്പിക്കുന്ന ആശയത്തോട് നീതിപുലർത്തുന്ന എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽനിന്നുകൂടിയാണ് അവാർഡ് തുക ജുനൈദിെൻറ മാതാവിന് നൽകിയത്.
ചന്ദ്രശേഖര കമ്പാറുടെ വിജയം നൽകുന്ന സന്ദേശം
കേന്ദ്ര സാഹിത്യഅക്കാദമി പ്രസിഡൻറ് സ്ഥാനത്തേക്ക് സംഘ്പരിവാർ പിന്തുണയോടെ മത്സരിച്ച പ്രതിഭാ റായിയെ പരാജയപ്പെടുത്തിയുള്ള ചന്ദ്രശേഖര കമ്പാറിെൻറ വിജയം വലിയ സന്ദേശമാണ് നൽകുന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയിലെ മുഴുവൻ അംഗങ്ങളെയും കേന്ദ്രത്തിന് ഹൈജാക്ക് ചെയ്യാൻ സാധിച്ചിട്ടില്ല എന്നാണ് ഇത് നൽകുന്ന സന്ദേശം. അക്കാദമിയുടെ ആദ്യത്തെ പ്രസിഡൻറായ ജവഹർലാൽ നെഹ്റുവിനെപോലുള്ളവർ ഉണ്ടാക്കിയ ഭരണഘടനയും യു.ആർ. അനന്തമൂർത്തിയെപോലുള്ളവർ പിന്തുടർന്നുവന്ന നയങ്ങളും അംഗങ്ങളെ ഭരണകൂടങ്ങൾക്ക് വിലക്കെടുക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടാക്കി. ഇപ്പോഴത്തെ ഈ വിജയത്തിന് അവരോടാണ് കൂടുതൽ കടപ്പെട്ടിരിക്കുന്നത്.
എതിർപ്പുകളെ ഭയക്കുന്നില്ല
നിലപാടുകളുടെ പേരിൽ തന്നെ നേരിട്ട് വിമർശിക്കാനോ എതിർക്കാനോ ധൈര്യപ്പെടാത്തവരാണ് ബാലിശമായ ആരോപണങ്ങളുമായി വരുന്നത്. നൂറ്റാണ്ടുകളായി മത സൗഹാർദം പുലർത്തുന്ന നാടാണ് നമ്മുടേത്. അതിനു ഭംഗം വരുത്തുന്ന പ്രവൃത്തികൾക്ക് താൻ എന്നും എതിരാണ്. ഇന്ന് ഹിന്ദുക്കളുടെ പേരുപറഞ്ഞ് ഒരു വിഭാഗം നടത്തുന്ന ആക്രമണങ്ങൾ ഇന്നാട്ടിലെ മുഴുവൻ ഹിന്ദുക്കളുടെ മേലും പാപമായി കിടക്കുന്നു. സാഹിത്യകാരൻ എന്ന നിലയിൽ അതിനെ എതിർക്കേണ്ടത് തെൻറ ഉത്തരവാദിത്തമാണ്. നാട്ടിൽ നടക്കുന്ന ഒരു കൊലപാതകത്തെയും അത് രാഷ്ട്രീയമായാലും വർഗീയമായാലും ന്യായീകരിക്കാൻ കഴിയില്ല. ജുനൈദിെൻറ മാതാവിനോട് കാണിച്ച ദയ എന്തുകൊണ്ട് മറ്റുള്ളവർ കൊല്ലപ്പെടുമ്പോൾ കാണിക്കുന്നില്ല എന്ന ചോദ്യത്തിന് താരതമ്യം ആവശ്യമില്ലെന്നാണ് മറുപടി. ജുനൈദിെൻറ മാതാവിനോട് കാണിച്ചത് പ്രതീകാത്മകമായ പ്രായശ്ചിത്തം ആണ്. അല്ലാതെ നാട്ടിൽ നടക്കുന്ന മറ്റു കൊലകളെ ന്യായീകരിക്കൽ അല്ല. വയനാട്ടിലെ കുട്ടികളുടെ പട്ടിണി മാറ്റാൻ ശ്രമിക്കുമ്പോൾ, സോമാലിയയിൽ കുട്ടികൾ പട്ടിണി കിടക്കുന്നില്ലേ എന്ന് ചോദിക്കുന്നത് മുടന്തൻന്യായം ആണ്. നിലപാടുകൾ തുറന്നുപറയാൻ ആരെയും ഭയക്കുന്നില്ല. ഈയിടെ എഴുതിയ ‘പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിംകളോടും’എന്ന ലേഖനപരമ്പര ഏറെ ചർച്ചചെയ്യപ്പെട്ടു. ആ ലേഖനത്തിെൻറ ആയിരക്കണക്കിന് കോപ്പികൾ വിതരണം ചെയ്ത് തനിക്കെതിരെ കൊലവിളി നടത്തിയവർ ഏറെയാണ്. അതിൽ ഹിന്ദു വർഗീയതയെപോലെ താൻ മുസ്ലിം വർഗീയതയെയും എതിർത്തതാണ്. െഎ.എസിെൻറ നിലപാടുകൾ തെറ്റാണെന്ന് അതിൽ വ്യക്തമാക്കിയിരുന്നു. ഏതൊരു വർഗീയതയും അപകടകരം ആണ്. എന്നാൽ, രാജ്യത്തിെൻറ ഭരണത്തിൽ എത്താൻ കഴിയുമെന്നതിനാൽ ഭൂരിപക്ഷ വർഗീയത തന്നെയാണ് കൂടുതൽ അപകടകരം. അതുകൊണ്ടാണ് ഭൂരിപക്ഷവർഗീയതയെ കൂടുതൽ എതിർക്കുന്നത്.
വർത്തമാന രാഷ്ട്രീയത്തിൽ മാധ്യമങ്ങളുടെ ഉത്തരവാദിത്തം
ത്രിപുര പോലുള്ള സംസ്ഥാനത്ത് സി.പി.എം ആധിപത്യം അവസാനിപ്പിച്ച് ബി.ജെ.പി അധികാരത്തിൽ വന്നതിന് വാർത്താപ്രാധാന്യം ഉണ്ട്. എന്നാൽ, അതിനെ തുടർന്നുണ്ടായ അക്രമങ്ങൾ ജനങ്ങളിൽ എത്തിക്കാനും മാധ്യമങ്ങൾ ജാഗ്രത പുലർത്തണം. ഇന്ന് പല മാധ്യമങ്ങളും ഭരണകൂടതാൽപര്യം സംരക്ഷിക്കുന്നവരാണ്. അവരുടെ നയ വ്യത്യാസത്തിന് നിർബന്ധം പിടിക്കാൻ പറ്റില്ല. എങ്കിലും മാധ്യമങ്ങൾ കുേറ ജാഗ്രത പാലിക്കണം. ഇന്ന് വാർത്തകൾ വിൽക്കപ്പെടുകയാണ്. വാർത്തകൾ ജനങ്ങളിൽ ഭീതി ഉണ്ടാക്കുന്ന രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നതും.
അധികാരശക്തിക്ക് പിന്നിൽ അണിനിരക്കുന്ന മലയാളി
അടിയന്തരാവസ്ഥക്ക് ശേഷം നടന്ന െതരഞ്ഞെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ ഇന്ദിര ഗാന്ധിയെ തൂത്തെറിഞ്ഞ് രാഷ്ട്രീയബോധം പ്രകടമാക്കിയപ്പോൾ കേരളം ഇന്ദിര ഗാന്ധിയെ പൂർണമായി പിന്തുണച്ചു. അധികാരശക്തിയെ പിന്തുണക്കുന്നതാണ് മലയാളി മധ്യവർഗത്തിെൻറ പൊതുസ്വഭാവം. അതിനെ അങ്ങേയറ്റം ഭീതിയോടെയാണ് കാണുന്നത്. ഭാവിയിൽ കേന്ദ്രത്തിലെ അധികാരശക്തിക്ക് കേരളത്തിലെ മധ്യവർഗം അടിമപ്പെടുമോയെന്ന ഭീതി തനിക്കുണ്ട്. എന്നാൽ, എല്ലാറ്റിനും അപ്പുറമാണ് രാഷ്ട്രീയം. വർഗീയതക്കും ഫാഷിസത്തിനും എതിരെ വീര്യം തെളിയിച്ച മണ്ണാണ് കേരളത്തിലേത്. അനീതിക്കെതിരെ പോരാടാൻ വലിയൊരു ഊർജസ്രോതസ്സ് നമുക്കുണ്ട്. അതിനെ ഇല്ലാതാക്കാൻ നടക്കുന്ന ശ്രമങ്ങളെയാണ് നാം ചെറുത്തു തോൽപിക്കേണ്ടത്. കൊടിയവർഗീയത പുലർത്തുന്നവൻ പോലും മറ്റൊരാളെ അതിെൻറ പേരിൽ കൊല്ലുക എന്ന മാനസികാവസ്ഥയിൽ ആയിട്ടില്ല എന്നതാണ് വലിയ ആശ്വാസം.
എഴുത്തുകാർ എന്നും ഫാഷിസത്തിന് എതിര്
ഇന്ത്യയിൽ ഇന്ന് കൊള്ളാവുന്നവരും നിലവാരവും ഉള്ള എല്ലാ എഴുത്തുകാരും ഫാഷിസത്തിന് എതിരായ നിലപാടാണ് എടുക്കുന്നത്. അതേസമയം, ചെറിയ വിഭാഗം അധികാരത്തിെൻറ സാധ്യതകൾ മനസ്സിൽ കണ്ട് മൗനം പാലിക്കുന്നു. അവാർഡുകൾ തിരിച്ചു കൊടുത്തും സ്ഥാനമാനങ്ങൾ രാജിവെച്ചും ഉണ്ടാക്കിയ പ്രതിഷേധം അന്തർദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യൻ എഴുത്തുകാരുടെ മാഹാത്മ്യം വിളിച്ചോതിയ ഒന്നായിരുന്നു അത്. ഇന്ത്യയിൽ എഴുത്തുകാർ മാത്രമാണ് ഭരണകൂടത്തിന് എതിരെ ഇത്ര ശക്തമായി മുന്നോട്ടു വന്നത്. ഇൗ പ്രതിരോധം തുടരുക തന്നെ ചെയ്യുമെന്ന് രാമനുണ്ണി പറഞ്ഞു.
ഇന്ന് വൈകീട്ട് ഏഴു മണിക്ക് കെ.പി. രാമനുണ്ണിക്ക് ഗൾഫ് മാധ്യമം റീഡേഴ്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ റൂവി അൽ മാസാ ഹാളിൽ സ്വീകരണം നൽകുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് ഏഴു മണിക്ക് സി.ബി.ഡിയിലെ അൽബാജ് ബുക്സിൽ വെച്ച് അദ്ദേഹം വായനക്കാരുമായി സംവദിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.