സംഘ്പരിവാർ തനിക്കെതിരെ കെട്ടുകഥകൾ പ്രചരിപ്പിച്ചു -കുരീപ്പുഴ
text_fieldsമനാമ: കടക്കലിന് അടുത്ത് കോട്ടുക്കലിൽ തനിക്കെതിരെ സംഘ്പരിവാറിൽ നിന്നുണ്ടായ മോശപ്പെട്ട അനുഭവത്തെ തുടർന്ന് പരാതിപ്പെട്ടപ്പോൾ സാമൂഹിക മാധ്യമങ്ങൾ വഴി കെട്ടുകഥകൾ പ്രചരിപ്പിക്കാൻ സംഘ്പരിവാർ ശ്രമിച്ചുവെന്ന് കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ അദ്ദേഹം ഗൾഫ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. താൻ അവിടെ പറഞ്ഞതൊന്ന്, പ്രചരിപ്പിച്ചത് മറ്റൊന്ന് എന്നതായിരുന്നു സത്യം. തനിക്ക് പറയാനുള്ള കാര്യങ്ങൾ എവിടെയും ആരുടെയും മുഖം നോക്കാതെ പറയും. അതാണ് ഇതുവരെയുള്ള തെൻറ ജീവിതം.
എന്നാൽ കോട്ടുക്കൽ സംഭവം ഉണ്ടായതിനെ തുടർന്ന് താൻ മറ്റൊരു സ്ഥലത്ത് നടത്തിയ പ്രസംഗത്തിെൻറ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് അതാണ് സംഭവത്തിന് ആധാരമെന്നുകാട്ടി ദുഷ് പ്രചരണം നടത്തി. എന്നാൽ താൻ അതിലൊന്നും തളരുകയോ ഭയക്കുകയോ ചെയ്യുന്ന ആളല്ലായെന്നും അദ്ദേഹം വ്യക്തമാക്കി. താൻ മതാതീത ചിന്തയുള്ള വ്യക്തിയാണ്. ആ ചിന്താധാരയിലൂടെയാണ് ജീവിക്കുന്നതും. ഒരു മതത്തെയും അപമാനിക്കാൻ ശ്രമിക്കുക എന്നത് തെൻറ ഉദ്ദേശ്യമല്ല. എന്നാൽ മതങ്ങളെ അപഗ്രഥിക്കാറുണ്ട്. അതിൽ ആരങ്കിലും പേടിക്കേണ്ട കാര്യമില്ല. ആശയ സംവാദമാകാം എന്നതാണ് തെൻറ മറുപടി. സാമൂഹിക മാധ്യമങ്ങളെ മത ഭീകരർ ദുരുപയോഗപ്പെടുത്തുന്നതിനെ ജാഗ്രതയോടെ കാണണം.
എന്നാൽ നല്ല കാര്യങ്ങൾക്കായി സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷവും. തനിക്ക് സംഘ് പരിവാറിൽ നിന്നും അത്തരമൊരു അനുഭവം ഉണ്ടായപ്പോൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്തുണ ഉണ്ടായി. മതഭീകരരുടെ ഭീഷണികെള അവരെല്ലാം അവഞ്ജയോടെ തള്ളി. നമ്മുടെ രാജ്യം എല്ലാ സംസ്കാരങ്ങൾക്കും എല്ലാ ചിന്താധാരകൾക്കും ഇടം നൽകുന്ന രീതിയിൽ നില നിൽക്കണം എന്നാഗ്രഹിക്കുന്നവരാണ് പിന്തുണ അറിയിച്ചത്. ഇന്ത്യ നശിക്കാതിരിക്കണം. അതിന് മതാതീതമായ ജാഗ്രത ജനങ്ങളിൽ വേണം. എങ്കിൽ വർഗീയ വാദികളുടെ ശ്രമങ്ങളും പദ്ധതികളും പരാജയപ്പെടുമെന്നും കുരീപ്പുഴ പ്രത്യാശിച്ചു. സെക്യുലർ നിലപാടുള്ളവർ സ്വന്തം കുടുംബങ്ങളിലും അത് നടപ്പാക്കാൻ ശ്രമിക്കണം. ഒരു മതത്തിലും വിശ്വാസിക്കാത്തതിനാൽ തെൻറ മകനെ താൻ ഒരുതരത്തിലുള്ള ആചാര അനുഷ്ഠാനങ്ങൾക്കും പ്രായപൂർത്തിയാകും വരെയുള്ള സമയത്ത് വിട്ടുകൊടുത്തില്ല.
കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ മധു എന്ന ആദിവാസിയെ തല്ലിക്കൊന്നു. അതിെൻറ വീഡിയോ ദൃശ്യങ്ങളിൽ നിന്നും തല്ലരുതെന്ന് പറയുന്നവർ വളരെ കുറവാണ്. ഫോൺ എടുത്ത് ആ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നവരാണ് കൂടുതലും. ഇൗ സംസ്ക്കാരം ആപത്താണ്. ഇനി പോലീസുകാരുടെ കാര്യവും മറ്റൊന്നാണ്. അഗളി പോലീസുകാർപ്പോലും ആദിവാസികളെ പേടിക്കുകയാണ്. അവർ ആദിവാസികളിൽ പലരും മാവോയിസ്റ്റാണെന്ന് പേടിക്കുന്നുണ്ട്. എന്നാൽ ആദിവാസികൾ വെറും നിരപരാധികളാണെന്നും കുരീപ്പുഴ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.