ബോബ് ഡിലന് നോബേൽ കൊടുക്കരുതായിരുന്നു: റസ്കിൻ ബോണ്ട്
text_fieldsഗുവാഹത്തി: പോപ് ഗായകവും കവിയുമായ ബോബ് ഡിലന് ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബേൽ നൽകിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പ്രശസ്ത സാഹിത്യകാരൻ റസ്കിൻ ബോണ്ട്. ഈ പുരസ്കാരം ലഭിച്ചിട്ടുള്ള വിഖ്യാത എഴുത്തുകാരെ അധിക്ഷേപിക്കുന്നതായിരുന്നു സ്വീഡിഷ് അക്കാഡമിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഡിലൻ നല്ല സംഗീതജ്ഞനാണ്. ജനത്തെ രസിപ്പിക്കാനും അദ്ദേഹത്തിനറിയാം. എന്നാൽ സാഹിത്യത്തിനുള്ള പുരസ്കാര വിഭാഗത്തിൽ ഉൾപ്പെടുത്തിയത് ശരിയായില്ല. മറ്റേതെങ്കിലും വിഭാഗത്തിലായിരുന്നു അദ്ദേഹത്തെ ഉൾപ്പെടുത്തേണ്ടിയിരുന്നത് - നോർത് ഈസ്റ്റ് സാഹിത്യ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
എഴുത്തുകാരനല്ലാത്ത ഒരാൾക്ക് സാഹിത്യകാരന് ലഭിക്കേണ്ട പരമോന്നത ബഹുമതി സമ്മാനിക്കുന്നതിൽ അപാകതയുണ്ട്. ഇതിന് മുമ്പ് നോബേൽ പുരസ്കാരം സ്വീകരിച്ച സാഹിത്യകാരന്മാരെയും സാഹിത്യകാരികളെയും അപമാനിക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോബേൽ കമ്മിറ്റി പലപ്പോഴും ഇത്തരത്തിൽ ശരിയല്ലാത്ത തീരുമാനം ഉണ്ടാകാറുണ്ട്. അക്കാര്യത്തിൽ ആർക്കും ഒന്നും ചെയ്യാൻ കഴിയാറില്ലെന്നും പദ്മവിഭൂഷൺ ജേതാവായ ബോണ്ട് പറഞ്ഞു.
500 ചെറുകഥകളും ലേഖനങ്ങളും കുട്ടികൾക്കായി 50 പുസ്തകങ്ങളും എഴുതിയിട്ടുള്ള റസ്കിൻ ബോണ്ട് ഇംഗ്ളീഷ്-ഇന്ത്യൻ സാഹിത്യത്തിലെ പ്രമുഖനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.