പ്രതിരോധങ്ങളുടെ പെണ്‍ശബ്ദങ്ങള്‍
text_fieldsതിരൂര്‍: സ്ത്രീ ആക്രമിക്കപ്പെടുന്നതു ലാഘവത്തോടെ കാണുന്ന കാലത്ത്, സ്ത്രീയെ ഇന്നും മുഖ്യധാരയിലെത്തിക്കാന്‍ സമൂഹം മടിക്കുന്ന കാലത്ത് പ്രതിരോധത്തിന്‍െറ പുതിയ ശബ്ദങ്ങളുമായി മാധ്യമം ലിറ്റററി ഫെസ്റ്റിലെ പെണ്‍പോരാട്ടം സെഷന്‍. ഡോ.എം ലീലാവതി, ഹുംറ ഖുറേശി, ഡോ.ഖദീജ മുംതാസ്, ജയശ്രീ കമ്പാര്‍, ഭാഗ്യലക്ഷ്മി, ഉമ്മുല്‍ ഫായിസ എന്നിവരാണ് സെഷനില്‍ പങ്കെടുത്തത്.
കൗരവസഭയില്‍ ദ്രൗപതി അപമാനിക്കപ്പെട്ടപ്പോള്‍ മിണ്ടാതിരുന്ന അന്നത്തെ സമൂഹം തന്നെയാണ് ഇന്നുമുള്ളതെന്ന് ഡോ. എം. ലീലാവതി പറഞ്ഞു. സ്ത്രീയെ പണയം വെക്കുകയെന്നത് ഒട്ടും സ്വീകാര്യമായ കാര്യമല്ല. കരബലം കൊണ്ട് പുരുഷനെ തോല്‍പിക്കാനായില്ലെങ്കിലും വാക്കു കൊണ്ട് എന്നും സ്ത്രീ പോരാടേണ്ടതുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
വലതുപക്ഷ ഭരണകൂടം മുസ്ലിം സമൂഹത്തെക്കുറിച്ച് തെറ്റായ മിത്തുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഹുംറ ഖുറേശി പറഞ്ഞു. സ്ത്രീ എന്താണെന്ന് മനസിലാക്കേണ്ടത് അവളുടെ എഴുത്തിലൂടെയും കലയിലൂടെയുമാണെന്ന് ഡോ. ഖദീജ മുംതാസ് പറഞ്ഞു. സ്ത്രീകളുടെ സുരക്ഷക്കായി സര്‍ക്കാര്‍ പദ്ധതികളല്ല വേണ്ടത്, മറിച്ച് അവളുടെ സംരക്ഷണ ചുമതല അവള്‍ സ്വയം ഏറ്റെടുക്കേണ്ടതാണെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം.
സ്ത്രീയെ വെറും ശരീരമായി കാണുന്നത് കാലാകാലങ്ങളായി തുടരുന്നതാണെന്നും എത്രകാലത്തെ ശാക്തീകരണ പ്രക്രിയയിലൂടെയും ഈ തെറ്റായ ധാരണക്ക് മാറ്റം വരുത്താനായിട്ടില്ലെന്നും ജയശ്രീ കമ്പാര്‍ പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ ഗൗരവത്തിലുള്ള ഇടപെടലുകളും ചിന്തകളും കാണാന്‍ ആരും തയ്യാറാവുന്നില്ലെന്നും താന്‍ പലപ്പോഴും ഈ അനുഭവം നേരിട്ടിട്ടുണ്ടെന്നും ഉമ്മുല്‍ ഫായിസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.