മാൻബുക്കർ പട്ടികയിൽ അരുന്ധതി വീണ്ടും
text_fieldsലണ്ടൻ: കന്നി നോവലിലൂടെ മാൻബുക്കറും േലാകം മുഴുക്കെ വായനക്കാരുടെ മനസ്സും കീഴടക്കിയ അരുന്ധതി റോയ് രണ്ടു പതിറ്റാണ്ടിനുശേഷമെഴുതിയ രണ്ടാം നോവൽ വീണ്ടും അംഗീകാര നിറവിൽ. ‘ദ മിനിസ്ട്രി ഒാഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ എന്ന നോവലാണ് 50,000 പൗണ്ട് സമ്മാനത്തുകയുള്ള മാൻബുക്കർ പുരസ്കാരത്തിനുള്ള ആദ്യ പട്ടികയിൽ ഇടംപിടിച്ചത്. ഭിന്ന കഥാപാത്രങ്ങളിലൂടെ സമീപകാല ഇന്ത്യയുടെ ചരിത്രവും വർത്തമാനവും പങ്കുവെക്കുന്ന അരുന്ധതിയുടെ കൃതി ആശയസമ്പന്നവും ഉൗർജസ്വലവുമാണെന്ന് വിലയിരുത്തിയാണ് ജൂറി അരുന്ധതിയെ ഒരിക്കൽക്കൂടി പട്ടികയിൽ പരിഗണിച്ചത്.
150ഒാളം കൃതികളിൽനിന്ന് 13 പേരെ ഉൾപ്പെടുത്തി തയാറാക്കിയ പട്ടികയിൽ നാലു പേർ നേരത്തെ നാമനിർദേശം ലഭിച്ചവരാണ്. നാല് ബ്രിട്ടീഷുകാർക്കു പുറമെ നാലു അമേരിക്കക്കാരും ഇത്തവണ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ബ്രെക്സിറ്റ് ഹിതപരിശോധന പശ്ചാത്തലമാകുന്ന അലി സ്മിത്തിെൻറ ‘ഒാട്ടം’ (Autumn), നൃത്ത പരിശീലനത്തിനിടെ പരിചയപ്പെട്ട രണ്ടു പെൺകുട്ടികളുടെ കഥ പറയുന്ന സാദീ സ്മിത്തിെൻറ സ്വിങ് ടൈം, യു.എസിലേക്ക് കുടിയേറിയ അയർലൻഡുകാരൻ കഥാപാത്രമാകുന്ന സെബാസ്റ്റ്യൻ ബാരിയുടെ ഡെയ്സ് വിത്തൗട്ട് എൻഡ്, യൂറോപ്പിെൻറ പുതിയ ആധിയായ അഭയാർഥികളുടെ യഥാർഥചിത്രം പങ്കുവെക്കുന്ന മുഹ്സിൻ ഹാമിദിെൻറ ‘എക്സിറ്റ് വെസ്റ്റ്’ തുടങ്ങിയവ പട്ടികയിലുണ്ട്.
പോൾ ഒാസ്റ്റർ, ജോർജ് സോണ്ടേഴ്സ്, കോൾസൺ വൈറ്റ്ഹെഡ് തുടങ്ങിയവരാണ് അമേരിക്കൻ എഴുത്തുകാർ. േജാർജിയയിലെ പരുത്തിത്തോട്ടത്തിൽനിന്ന് ഒളിച്ചോടിയ തടവുകാരിയുടെ കഥപറയുന്ന കോൾസൺ വൈറ്റ്ഹെഡിെൻറ ‘അണ്ടർഗ്രൗണ്ട് റെയിൽറോഡ്’ നേരത്തെ പുലിറ്റ്സർ, നാഷനൽ ബുക്ക് അവാർഡ് തുടങ്ങിയവ നേടിയവയാണ്. 144 കൃതികൾ അവാർഡിനായി സമർപ്പിക്കപ്പെട്ടപ്പോൾ 10 കൃതികൾ ജഡ്ജിമാർ നേരിട്ട് പരിഗണിച്ചവയാണ്. 13 കൃതികളിൽ ഏറ്റവുംമികച്ച ആറെണ്ണമടങ്ങിയ ചുരുക്കപ്പട്ടിക സെപ്റ്റംബർ 13ന് പ്രസിദ്ധീകരിക്കും. ഒക്ടോബർ 17നാണ് വിജയിയെ പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.