വംശീയതയിലേക്ക് നയിക്കുന്ന ദേശീയത അപകടകരം -എം. മുകുന്ദൻ
text_fieldsതിരൂര്‍: എഴുത്തിന്‍െറ രണ്ടു കാലങ്ങളുടെ പ്രതിനിധികളായി മലയാളത്തിന്‍െറ പ്രിയ എഴുത്തുകാരായ എം. മുകുന്ദനും കെ.ആര്‍. മീരയും ‘തസ്രാക്’ വേദിയിലിരുന്നപ്പോള്‍ അത് രചനയുടെ ഉള്ളടക്കത്തിന്‍െറയും സമീപനത്തിന്‍െറയും വ്യത്യസ്ത നിലപാടുകളാല്‍ ശ്രദ്ധേയമായി. മാധ്യമം ലിറ്റററി ഫെസ്റ്റിന്‍െറ ഭാഗമായി എഴുത്തനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു ഇരുവരും.
വംശീയതയിലേക്ക് നയിക്കുന്ന ദേശീയതയാണ് ഏറ്റവും അപകടമെന്നും ഈ അപകടത്തെ ചെറുക്കാന്‍ പുതിയ ഭാഷയും സാഹിത്യവും സൃഷ്ടിക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടണമെന്നും എം. മുകുന്ദന്‍ പറഞ്ഞു. പുതുസമൂഹത്തില്‍ പെണ്‍ശാക്തീകരണത്തേക്കാള്‍ പുരുഷന്മാരെയാണ് ശാക്തീകരിക്കേണ്ടതെന്ന് കെ.ആര്‍. മീര പറഞ്ഞു.
1960-70 കാലഘട്ടത്തില്‍ എഴുത്തുകാര്‍ക്ക് എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്ന് മുകുന്ദന്‍ പറഞ്ഞു. എം.ടിയുടെ നിര്‍മാല്യവും, ബഷീറിന്‍െറ ‘ഒരു ഭഗവത്ഗീതയും കുറെ മുലകളു’മെല്ലാം അതിന് ഉദാഹരണങ്ങളാണ്. ജാതിയും മതവും വംശീയതയുമായിരുന്നില്ല അന്നത്തെ എഴുത്തുകാരുടെ പ്രശ്നം, മറിച്ച് സ്വത്വപ്രതിസന്ധിയായിരുന്നു.
ഒരുതരം ലക്ഷ്യബോധവുമില്ലാത്ത, സുരക്ഷിതത്വമില്ലാത്ത അലഞ്ഞുതിരിയലാണ് അന്നത്തെ എഴുത്തുകാര്‍ നടത്തിയതെങ്കിലും ഏറെ സര്‍ഗാത്മകമായ കൃതികള്‍ സമ്മാനിച്ച കാലമായിരുന്നു അത്. എന്നാല്‍, അസഹിഷ്ണുതയുടെ ഇക്കാലത്ത് അതുപോലെ എഴുതാനാവില്ല. കഥാപാത്രങ്ങളുടെ പേര് നല്‍കുമ്പോള്‍പോലും ഭയമാണ്. ഈ അസഹിഷ്ണുതയെ എതിര്‍ക്കേണ്ടതാണെന്നും സാഹിത്യവും സര്‍ഗാത്മകതയും ഒരിടത്തും തോല്‍ക്കില്ളെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പുതുസമൂഹത്തില്‍ പെണ്‍ശാക്തീകരണത്തേക്കാള്‍ പ്രാധാന്യം പുരുഷശാക്തീകരണത്തിനാണെന്ന് കെ.ആര്‍. മീര അഭിപ്രായപ്പെട്ടു. പെണ്‍കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരുന്ന സമയത്ത് ആണ്‍കുട്ടികള്‍ അവഗണിക്കപ്പെടുന്നു. സാമൂഹികവളര്‍ച്ചയത്തൊത്ത ആണ്‍തലമുറയാണ് ഇതിലൂടെ വളര്‍ന്നുവരുന്നതെന്നും മീര കൂട്ടിച്ചേര്‍ത്തു. ഒരാള്‍ മറ്റൊരാളില്‍ നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍, അയാള്‍ തന്നത്തെന്നെയാണ് നിയന്ത്രിക്കുന്നത്. ലിംഗമൂല്യവ്യവസ്ഥ അഴിച്ചുപണിയേണ്ടത് സമൂഹത്തിന്‍െറ മൊത്തം ആവശ്യമാണ്.
കൂടെ നടക്കുന്നയാളില്‍നിന്ന് ചുമടു പകുത്തുവാങ്ങിയാല്‍ രണ്ടുപേര്‍ക്കും കൂടുതല്‍ നടക്കാം. എഴുത്തുകാരികള്‍ക്ക് ജീവിതത്തെ മുമ്പേ കാണാന്‍ കഴിയും. ഇത്രയും കാലം എഴുത്തുകാരന്‍ എന്ന പദം പുരുഷനെയും സ്ത്രീയെയും ട്രാന്‍സ്ജെന്‍ഡറിനെയും സൂചിപ്പിക്കാനുപയോഗിച്ചു. എന്നാല്‍, വരാന്‍പോകുന്ന ദശകം എഴുത്തുകാരിയുടേതായിരിക്കും, എഴുത്തുകാരുടെ യഥാര്‍ഥ എഴുത്തനുഭവം നമ്മളും നമ്മളും തമ്മിലുള്ള യുദ്ധമാണ്. ചിലപ്പോള്‍ കുഴിച്ചുമൂടപ്പെട്ട ഒരാളെയായിരിക്കും ഉപബോധമനസ്സില്‍നിന്ന് വീണ്ടെടുക്കുന്നത്. തൂക്കിക്കൊല്ലുന്നതിനെ താനൊരിക്കലും അംഗീകരിക്കില്ല. ആരാച്ചാരായി ഒരു പെണ്ണിനെ കണക്കുകൂട്ടിയത് തന്‍െറ രാഷ്ട്രീയത്തിന്‍െറ ഭാഗമാണെന്നും മീര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.