ഗുരു ദൈവമല്ലെന്ന് വാദിച്ചു; നോവലിസ്റ്റിന് അപ്രഖ്യാപിത വിലക്ക്
text_fieldsആലപ്പുഴ: ശ്രീനാരായണഗുരു ദൈവമല്ലെന്ന് വാദിച്ച മാധ്യമപ്രവർത്തകനായ നോവലിസ്റ്റിന് അപ്രഖ്യാപിത സാമുദായിക വിലക്ക്. സഹോദരൻ അയ്യപ്പെൻറ പന്തിഭോജനത്തെ പശ്ചാത്തലമാക്കി ‘പുലച്ചോന്മാർ’ എന്ന നോവൽ രചിച്ച എം.ആർ. അജയനാണ് തെൻറ സ്വദേശമായ എറണാകുളം ജില്ലയിലെ വൈപ്പിനിൽ എസ്.എൻ.ഡി.പി പ്രാേദശിക ഘടകത്തിെൻറ വിലക്ക് നേരിടേണ്ടി വരുന്നതായി ഫേസ്ബുക്കിൽ കുറിച്ചത്.
താഴ്ന്ന ജാതിക്കാരെ വീട്ടിൽ കയറ്റാത്ത ഈഴവ പ്രമാണിമാരുടെ മനോഭാവത്തിനെതിരെ സഹോദരൻ അയ്യപ്പൻ നടത്തിയ മിശ്രഭോജനത്തിെൻറ പശ്ചാത്തലമാണ് നോവലിൽ. ഒാച്ചന്തുരുത്തിലെ എസ്.എൻ.ഡി.പി ശാഖയുടെ ആശാൻ മെമ്മോറിയൽ ലൈബ്രറിയിൽനിന്നാണ് തിക്താനുഭവമുണ്ടായതെന്ന് അജയൻ പറയുന്നു. മുമ്പ് ഇവിടെ ലൈബ്രേറിയനായിരുന്നു അജയൻ.
പ്രദേശത്തെ ശ്രീനാരായണ ധർമപരിപാലന സംഘം നേതൃത്വം നൽകുന്ന മരണാനന്തര സഹായ സംഘടനയുടെ പരിപാടിയിൽ അജയെൻറ പ്രസംഗമാണ് ഭാരവാഹികളുടെ അപ്രീതിക്ക് കാരണമായത്. അജയൻ ഉൾപ്പെടെയുള്ളവരെ ആദരിക്കാൻ നടത്തിയ ചടങ്ങിൽ എസ്.എൻ.ഡി.പി വനിത വിഭാഗം നേതാവ് ശ്രീനാരായണ ഗുരു ദൈവമാണെന്ന് പറഞ്ഞു. പിന്നീട് പ്രസംഗിച്ച താൻ ഗുരു ദൈവമല്ലെന്ന് വ്യക്തമാക്കിയതോടെ ലൈബ്രറി സംഘടിപ്പിക്കാൻ തീരുമാനിച്ച നോവലിനെക്കുറിച്ചുള്ള ചർച്ച ഒഴിവാക്കിയെന്ന് അജയൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
എസ്.എൻ.ഡി.പിയുടെ മുഖപത്രമായ ‘യോഗനാദം’ മാസികയിൽ താൻ പതിവായി എഴുതുന്നതിനാൽ അപ്രഖ്യാപിത വിലക്ക് സംഘടനയുടെ തലപ്പത്ത് നിന്നുള്ള തീരുമാനമല്ലെന്നും പ്രാദേശികമാണെന്ന് കരുതുന്നതായും അജയൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.