സഹായിച്ച യുവാവും കസ്റ്റഡിയിൽ; കമൽസി നിരാഹാര സമരത്തിൽ
text_fieldsകോഴിക്കോട്: എഴുത്തുകാരന്‍ കമല്‍.സി ചവറയെ സഹായിച്ചുവെന്നാരോപിച്ച് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാലുശ്ശേരി സ്വദേശി നദീറിനെയാണ് മെഡിക്കല്‍ കോളജ് പൊലിസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, പൊലീസിന്‍റെ പ്രതികാര നടപടി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കമൽ.സി ചവറ നിരാഹാരം ആരംഭിച്ചു. കേസുകള്‍ പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്ന് മെഡിക്കൽ കോളേജിലെ ഒന്നാംവാർഡിൽ നിരാഹാര സമരം ആരംഭിച്ചതിന് ശേഷം കമൽസി പറഞ്ഞു.
ദേശീയഗാനത്തെ അപമാനിച്ചുവെന്ന കേസിൽ നടക്കാവ് പൊലീസ് കമൽസിയെ കസ്റ്റഡിയിലെടുത്ത ശേഷം ഇന്നലെ രാത്രിയോടെ വിട്ടയച്ചിരുന്നു. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കമൽസിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സഹായത്തിനായി നദീറാണ് കമൽസിയോടൊപ്പം ഉണ്ടായിരുന്നത്.
ഇന്ന് രാവിലെ ഭക്ഷണം വാങ്ങിക്കാനായി പുറത്തിറങ്ങിയ നദീറിനെ കസ്റ്റഡിയിലെടുത്തു. നേരത്തേ ആറളം ഫാമിൽ നിരോധിത സംഘടനയുടെ പ്രസിദ്ധീകരണമായ കാട്ടുതീ വിതരണം ചെയ്തുവെന്നാരോപിച്ചാണ് അറസ്റ്റ്. കണ്ടാലറിയാവുന്ന ചിലർക്കെതിരെ അന്നുതന്നെ യു.എ.പി.എ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നദീർ ഇവരിലൊരാളാണ് എന്നാണ് പൊലീസ് ഭാഷ്യം. നദീറിനെ കണ്ണൂർ പൊലീസിന് കൈമാറുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.