ഏകശിലാരാജ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ കരുതിയിരിക്കണം –എൻ.എസ് മാധവന്
text_fieldsദോഹ: ഇന്ത്യയെ ഏകശിലാരാജ്യമാക്കാനുള്ള ശ്രമങ്ങളാണ് ഫാഷിസ്റ്റ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഇതിനെതിരെ കരുതിയിരിക്കണമെന്നും പ്രമുഖ കഥാകൃത്തും സാംസ്കാരിക വിമര്‍ശകനുമായ എന്‍ എസ് മാധവന് പറഞ്ഞു. തനത് സാംസ്കാരികവേദിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ‘റിപ്പബ്ലിക്കും ഉപസമൂഹങ്ങളും’ വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തങ്ങളുടെ സ്വത്വവും സാംസ്കാരിക വൈവിധ്യങ്ങളും അംഗീകരിക്കാതിരുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നും ഉപസമൂഹങ്ങള്‍ വിഭജിച്ചുപോയിട്ടുണ്ടെന്നതാണ് ചരിത്രം. അവസാനമായി സ്പെയിനില്‍ നിന്നും കാറ്റലോണിയ എന്ന രാജ്യം സ്വതന്ത്രമായി. അവർ വിട്ടുപോയതിെൻറ കാരണം അവരുടെ ഭാഷയെയും സംസ്കാരത്തെയും ഇല്ലാതാക്കിയതായിരുന്നു. പല വിഭാഗങ്ങളുടെയും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുവാന്‍ കേന്ദ്രീകൃത രാജ്യമായിരുന്ന റഷ്യക്കു സാധിക്കാതെ വന്നപ്പോള്‍ റഷ്യ തകര്‍ന്നു തരിപ്പണമാവുന്നതാണ് നാം കണ്ടത്. യുഗോസ്ലോവ്യ തകര്‍ന്നതും ഉദാഹരണമാണ്. ഇന്ന് ലോകത്ത് 200 രാജ്യങ്ങളാണുള്ളതെങ്കില് അത് 2000 മാവാനുള്ള സാധ്യത വലുതാണെന്നും എൻ.എസ് മാധവൻ പറഞ്ഞു.
ഉപസമൂഹത്തിെൻറയും വൈവിധ്യത്തെ അംഗീകരിക്കുന്ന ഭരണഘടന നിലവിലുള്ള രാജ്യങ്ങൾ പരസ്പരം കൈകോര്‍ത്തു നില്ക്കും. അതിനുള്ള വലിയ ഉദാഹരണമാണ് സ്വിറ്റ്സര്‍ലൻറ്. നൂറ്റാണ്ടുകളായി സ്വിറ്റ്സര്‍ലൻറ് നിലനില്ക്കുന്നു. ഇറ്റാലിയനും ജര്‍മനും ഫ്രഞ്ചും സംസാരിക്കുന്ന ഭാഗങ്ങള്‍ സ്വിറ്റ്സര്ലൻറിലുണ്ട്.
19ാം നൂറ്റാണ്ടു മുതലാണ് ഇന്ത്യയെന്ന ആശയം രൂപപ്പെടുകയും അതിനു മാനസികമായി മാനങ്ങള്‍ ഉണ്ടാവുകയും ചെയ്തത്. 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും വിഭജനത്തിലൂടെയാണ് ഇന്ത്യ എന്ന രാജ്യമുണ്ടാവുന്നത്. ആദ്യത്തെ വിഭജനം മതമായിരുന്നെങ്കില്‍ രണ്ടാമത്തെ വിഭജനം ഭാഷയായിരുന്നു. ഉപവിഭാഗങ്ങളുടെ ഭാഷയും ഭക്ഷണവും വിശ്വാസങ്ങളും വെവിധ്യങ്ങളും അംഗീകരിക്കാതിരുന്നാല്‍ വിഭജനങ്ങള്‍ ഇനിയുമുണ്ടാവും. എല്ലാം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
നാഗസമൂഹങ്ങള്‍ അവരുടെ വൈവിധ്യങ്ങള്‍ക്കു വേണ്ടി ഉയര്‍ത്തിയ സമരങ്ങളെ സര്‍ക്കാര്‍ സൈനികമായി അടിച്ചമര്‍ത്തി. ഏറ്റവും ശാന്തമായ സംസ്ഥാനമായിരുന്നു കര്‍ണാടകം. വളരെ അഭിമാനമുള്ള ജനവിഭാഗം. അവരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അവര്‍ സ്വന്തമായി കൊടി ആവശ്യപ്പെട്ടു. ഓരോ സമൂഹത്തിെൻറയും ഉറങ്ങികിടക്കുന്ന ആവിഷ്കാരം അടിച്ചമര്‍ത്തപ്പെടുമ്പോള്‍ പ്രതിഷേധങ്ങളും സമരങ്ങളുമുണ്ടാവും. ബഹുസ്വരസമൂഹത്തിെൻറ വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതിനെതിരേ നാം കരുതലോടെയിരിക്കണമെന്നും എൻ.എസ് മാധവൻ ആവശ്യപ്പെട്ടു.
തനത് സാംസ്കാരിക വേദി പ്രസിഡൻറ് എ.എം നജീബ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഷീല ടോമി, എം ടി നിലമ്പൂര്‍, ഐ എം എഫ് ജനറല്‍ സെക്രട്ടറി മുജീബുര്‍റഹ്മാന്‍, ഹാരിസ് എടവന, പ്രമുഖ സംരഭക ഡോ. ഷീലാ ഫിലപ്പോസ്, തനത് സാംസ്കാരിക വേദി ജനറല്‍ സെക്രട്ടറി സി അബ്ദുല്‍ റഊഫ്, സെക്രട്ടറി നവാസ് പാടൂര്‍ സംസാരിച്ചു. ഗസല്‍ ഗായകന് അബ്ദുല്‍ ഹലീമും സംഘവും അവതരിപ്പിച്ച മെഹ്ഫിലും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.