നിഷയുടെ വെളിപ്പെടുത്തൽ: ഷോൺ ജോർജ് പൊലീസിൽ പരാതി നൽകി; കേസെടുക്കാനാവില്ലെന്ന് ഡി.ജി.പി
text_fieldsകോട്ടയം: നിഷ ജോസ് കെ. മാണിയുടെ ‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’എന്ന പുസ്തകത്തിലെ വിവാദപരാമര്‍ശം സംബന്ധിച്ച് വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള യുവജനപക്ഷം ജനറൽ സെക്രട്ടറിയും പി.സി. ജോർജ് എം.എൽ.എയുടെ മകനുമായ ഷോണ്‍ ജോര്‍ജ് ഡി.ജി.പിക്കും കോട്ടയം ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി. എസ്.പിയുടെ അഭാവത്തിൽ ഭരണവിഭാഗം ചുമതലയുള്ള ഡിവൈ.എസ്.പിക്കാണ് പരാതി നൽകിയത്. പരാതി പരിശോധിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് ‘മാധ്യമ’ത്തോട് പറഞ്ഞു.
നിഷയെ ട്രെയിൻ യാത്രക്കിടെ അപമാനിക്കാൻ ശ്രമിച്ച യുവാവ് താനാണെന്ന് പുസ്തകത്തിലെ സൂചകളിൽനിന്ന് വ്യക്തമാകുന്നതായി ഒാൺലൈൻ, സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടക്കുെന്നന്ന് പരാതിയിൽ പറയുന്നു. തനിക്കും പിതാവിനുമുള്ള അംഗീകാരവും ആദരവും ഇടിച്ചുതാഴ്ത്തി അപകീർത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് അപമാനിക്കാൻ ശ്രമിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്താതെ സംശയത്തിെൻറ നിഴലിൽ നിർത്തുന്ന പരാർശങ്ങൾ നടത്തിയിട്ടുള്ളത്. നിഷയോടൊപ്പം തിരുവനന്തപുരത്തുനിന്ന് ട്രെയിനിൽ യാത്രചെയ്തിട്ടില്ല. പുസ്തകവിൽപന വർധിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പരാമർശങ്ങൾ തനിക്ക് അപകീർത്തിയും അപമാനവും ഉണ്ടാക്കി. അതിനാൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവന്ന് തെറ്റിദ്ധാരണ തീർക്കണം. സമൂഹമാധ്യമത്തിൽ അപമാനിക്കുന്ന വിധത്തിൽ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
കേസെടുക്കാനാവില്ലെന്ന് ഡി.ജി.പി
കേരളകോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് എഴുതിയ പുസ്തകത്തിലൂടെ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന പി.സി.ജോർജിൻെറ മകൻ അഡ്വ. ഷോൺ ജോർജ് നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് ഡി.ജി.പിയുടെ മറുപടി. തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.
നിഷ എഴുതിയ ദ അദർ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിൽ ഒരു രാഷ്ട്രീയ നേതാവിന്റെ മകനിൽനിന്ന് മോശമായ പെരുമാറ്റം ട്രെയിൻ യാത്രക്കിടെ നേരിടേണ്ടി വന്നതിനെ കുറിച്ച് പരാമർശിച്ചിരുന്നു. ഈ വ്യക്തി ഷോൺ ജോർജ് ആണെന്ന അഭ്യൂഹങ്ങൾ പടരുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഷോൺ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഡി.ജി.പിക്കും കോട്ടയം ജില്ല പൊലിസ് മോധാവിക്കുമാണ് പരാതി നൽകിയത്. രാഷ്ട്രീയ വിരോധം നിമിത്തം തന്നെയും പിതാവ് പി.സി. ജോർജിനും സമൂഹത്തിൽ അവമതിപ്പുണ്ടാക്കാനുള്ള ശ്രമമാണ് പുസ്തകത്തിലൂടെ നടത്തിയത്. അപമാനിക്കാൻ ശ്രമിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്താതെ സംശയത്തിൻെറ നിഴലിൽ നിർത്തുന്നതാണ് പരാമർശം. ഇത് പുസ്തകത്തിൻെറ വിൽപ്പന വർധിപ്പിക്കുകയും തന്നെ അപകീർത്തിപ്പെടുത്തുന്നതിനുമാണ്. അതിനാൽ 500, 501, 502 എന്നീ വകുപ്പുകൾ ഐ.പി.സി പ്രകാരം കുറ്റകൃത്യവും ശിക്ഷാർഹമായ സംഭവം സംബന്ധിച്ച് വിശദമായ ആന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു ശനിയാഴ്ച പൊലിസിന് നൽകിയ പരാതി.
എന്നാൽ പൊലിസിന് നേരിട്ട് കേസെടുക്കാനുള്ള ആരോപണങ്ങൾ പരാതിയിൽ ഉന്നയിച്ചിട്ടുമില്ലെന്നും അതിനാൽ പരാതി സംഭവം നടന്ന സ്ഥലത്തെ കോടതിയെ സമീപിക്കണമെന്നാണ് ഡി.ജി.പിക്കുവേണ്ടി ഈരാറ്റുപേട്ട പൊലിസ് ഷോണിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.പൊലിസിൻെറ നിർദ്ദേശത്തിൻെറ അടിസ്ഥാനത്തിൽ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് ഷോൺ ജോർജ് പറഞ്ഞു.
പരാർമശം വിവാദമാക്കേണ്ടതില്ല -ജോസ് കെ. മാണി
നിഷയുടെ പുസ്തകത്തിലെ പരാമർശം വിവാദമാക്കേണ്ടെന്നും അപമാനിച്ചയാളെക്കുറിച്ച് പറയണോയെന്നത് വ്യക്തിപരമാണെന്നും ജോസ് കെ. മാണി എം.പി. ഭാര്യ നിഷ ജോസ് കെ. മാണിയുടെ പുസ്തകത്തിലെ വിവാദ വെളിപ്പെടുത്തലിനോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയനേതാവിെൻറ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പറഞ്ഞത്. ഒരു ജനപ്രതിനിധിയുടെ ഭാര്യയായിട്ടും നേരിടേണ്ടിവന്ന അനുഭവം അവര്‍ വ്യക്തമാക്കിയെെന്നയുള്ളൂ. പുസ്തകത്തിലെ സന്ദേശമാണ് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തനിക്കുണ്ടായ മോശം അനുഭവം അടഞ്ഞ അധ്യായമാണെന്നും കൂടുതൽ വിവാദം സൃഷ്ട്രിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിഷയും വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ പൊതുസമൂഹം മനസ്സിലാക്കാൻ വേണ്ടിയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയതെന്നും അവർ പറഞ്ഞു.
നിഷ സഞ്ചരിച്ച കമ്പാർട്മെൻറിൽ യാത്രചെയ്തിട്ടുണ്ട് -ഷോൺ ജോർജ്
കോഴിക്കോട്ടുനിന്ന് കോട്ടയത്തേക്ക് ജോസ് െക. മാണി എം.പിയുടെ ഭാര്യ നിഷ സഞ്ചരിച്ച കമ്പാർട്മെൻറിൽ ട്രെയിൻ യാത്ര നടത്തിയിട്ടുണ്ടെന്ന് ഷോൺ ജോർജ്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താനാണ് അപമാനിച്ചതെങ്കില്‍ അത് തുറന്നുപറയണം. നിഷയുമൊന്നിച്ച് തിരുവനന്തപുരത്തുനിന്ന് യാത്രചെയ്തിട്ടില്ല.
തെൻറ ഭാര്യാപിതാവായ ജഗതി ശ്രീകുമാര്‍ തിരുവനന്തപുരത്ത് ആശുപത്രിയില്‍ കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ കോഴിക്കോട്ട് പോയി മടങ്ങുമ്പോള്‍ നിഷയെ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. തനിക്കൊപ്പം സി.പി.എം നേതാക്കളും പ്രവർത്തകരുമുണ്ടായിരുന്നു. ട്രെയിനിൽ താൻ തെൻറ ബര്‍ത്തിലും ആ സ്ത്രീ അവരുടെ ബര്‍ത്തിലും കിടന്നുറങ്ങി. കോട്ടയത്ത് ട്രെയിന്‍ ഇറങ്ങിയപ്പോള്‍ തന്നെ കൂട്ടാന്‍ വന്ന കെ.എസ്.സി പ്രവര്‍ത്തകനെ പരിചയപ്പെടുത്തി. വീട്ടില്‍ കൊണ്ടുവിടണമോയെന്ന ചോദ്യത്തിന് വേണ്ടെന്ന് മറുപടി നൽകി. താനും ആ സ്ത്രീയും ടി.ടി.ഇയും മാത്രമായിരുന്നോ ആ ട്രെയിനിൽ സഞ്ചരിച്ചതെന്നും ഷോൺ ചോദിച്ചു.
കേരള കോൺഗ്രസിലും മുറുമുറുപ്പ്
ഉന്നത രാഷ്ട്രീയ നേതാവിെൻറ മകൻ ട്രെയിൻ യാത്രക്കിടെ അപമാനിക്കാൻ ശ്രമിച്ചെന്ന ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ. മാണിയുടെ പരാമർശത്തിനെതിരെ പാർട്ടിയിൽ മുറുമുറുപ്പ്. പാർട്ടിയെ പൊതുസമൂഹത്തിൽ അവഹേളിക്കാൻ മാത്രമേ ഇത്തരം പരാമർശങ്ങൾ സഹായിക്കൂവെന്നും പ്രവർത്തകർക്കുപോലും ഇത് അവമതിപ്പുണ്ടാക്കിയെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടി.
അപമാനിക്കാൻ ശ്രമിച്ചിട്ടും ആ വ്യക്തിക്കെതിരെ അന്ന് പരാതി നൽകാതെ പിന്നീട് ഇക്കാര്യം പരസ്യമായി പറയുന്നതും ഉചിതമല്ല. അപമാനിച്ച വ്യക്തിയുടെ പേര് പറയാതിരിക്കുന്നതും ശരിയല്ല. കേരള കോൺഗ്രസിെൻറയും കെ.എം. മാണി അടക്കമുള്ള നേതാക്കളുടെയും സ്ഥിരം വിമർശകനായ പി.സി. ജോർജിനും മകനും എതിരെ അസമയത്ത് നടത്തിയ ആരോപണം വടികൊടുത്ത് അടി വാങ്ങിയതിന് തുല്യമായെന്നും പ്രമുഖ നേതാവ് പ്രതികരിച്ചു. ഇരുമുന്നണിയിലും ഇല്ലാതെ പാർട്ടി കടുത്തപ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നത് ആരായാലും നിയന്ത്രിക്കേണ്ടതായിരുന്നു.
നിയമനടപടിയിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അതിലേക്ക് പാർട്ടിയെ വലിച്ചിഴക്കരുതെന്നും നേതാക്കൾ പറയുന്നു. ഞായറാഴ്ച ചേരുന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയിൽ ഇക്കാര്യം ചർച്ചയായേക്കും. സംഭവത്തിെൻറ യഥാർഥവസ്തുത നേതൃത്വം വിശദീകരിക്കണമെന്ന ആവശ്യവുമുണ്ട്. നിഷയുടെ പരാമർശം മറ്റ് ചില ലക്ഷ്യങ്ങളോടെയാണെന്ന് കരുതുന്നവരും ഉണ്ട്.നിഷക്കെതിരെ പി.സി. ജോർജിെൻറ മകൻ ഷോൺ കോട്ടയം എസ്.പിക്ക് പരാതി നൽകിയിരിക്കുകയാണ്. നിയമവശം നോക്കിയ ശേഷം തുടർനടപടിയിലേക്ക് പൊലീസ് കടന്നാൽ അതും പാർട്ടിയെ പ്രതികൂലമായി ബാധിക്കും. നിഷയുടെ ആരോപണം തെളിയിക്കുന്നതുവരെ പോരാട്ടം തുടരുമെന്നാണ് ജോർജ് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.