ഒ.വി. വിജയൻ മൃദു ഹിന്ദുത്വവാദിയെന്ന് സക്കറിയ; തിരുത്തുമായി ഒ.വി. ഉഷ
text_fieldsപാലക്കാട്: ഒ.വി. വിജയൻ ജന്മദിനത്തോടനുബന്ധിച്ച് പാലക്കാട് തസ്രാക്കിൽ വെച്ച് നടത്തിയ മധുരം ഗായതി പരിപാടിയുടെ വേദി എഴുത്തുകാർ തമ്മിലുള്ള ഏറ്റുമുട്ടലിന് വേദിയായി. ഇടക്കാലത്ത് ഒ. വി വിജയൻ മൃദുഹിന്ദുത്വ നിലപാടുകൾ സ്വീകരിച്ചെന്നായിരുന്നു എഴുത്തുകാരൻ സക്കറിയയുടെ പരാമർശം. വേദിയിൽവെച്ചുതന്നെ ഇതിന് തിരുത്തുമായി സഹോദരിയും എഴുത്തുകാരിയുമായ ഒ.വി. ഉഷ രംഗത്തെത്തി. ഒ.വി. ഉഷക്ക് പിന്തുണയുമായി കവി മധുസൂദനൻ നായർ, നിരൂപകൻ ആഷാ മേനോൻ എന്നിവരും സംസാരിച്ചു.
വിജയന്റെ എഴുത്തിലെ ആത്മീയത മൃദുഹിന്ദുത്വ വാദങ്ങളെ തുണയ്ക്കുന്നതോ അതിന് നേരെ കണ്ണടയ്ക്കുന്നതോ ആയി എന്ന് സക്കറിയ വിമര്‍ശിച്ചു. എന്നെ സംബന്ധിച്ച് വിജയന് വീര നായകനല്ല, അടുത്ത സുഹൃത്താണ്. ആശയപരമായും പ്രത്യയശാസ്ത്രപരമായും പാളിച്ചയുണ്ടായപ്പോള്‍ വിമര്‍ശിക്കാതിരിക്കാനായില്ല. അതില്‍ കുറ്റബോധവുമില്ല. ആർ.എസ്.എസ് അനുകൂല സംഘടന നൽകിയ അവാർഡ് വിജയൻ സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും സക്കറിയ പറഞ്ഞു.
സക്കറിയ പ്രസംഗം തുടരുന്നതിനിടെ ഒ.വി. ഉഷ ഇടപെട്ടു. വിജയൻ ഒരിക്കലും വർഗീയവാദിയായിരുന്നില്ലെന്നും ക്രിസ്ത്യൻ യുവതിയെ വിവാഹം ചെയ്യുകയും മകനെ മാമോദീസ മുക്കിയതിനെ സന്തോഷത്തോടെ ഉൾക്കൊള്ളുകയും ചെയ്ത വ്യക്തിയാണ് വിജയൻ. കരുണാകര ഗുരുവിനോട് ആരാധനയുണ്ടായിരുന്നു. അതിൽ വർഗീയത കാണരുതെന്നും അവർ വ്യക്തമാക്കി. എഴുത്തിലും ജീവിതത്തിലും ഏട്ടന് വര്‍ഗീയവാദിയായിരുന്നില്ല. കരുണകരഗുരുവിന്റെ സാമീപ്യത്തില്‍ ഊര്‍ജ്ജം ലഭിക്കുന്നെന്നതിനാലാണ് അദ്ദേഹം ഗുരുവിനടുത്തെത്തിയത്. എന്നിട്ടും ആശ്രമത്തിലെ പ്രധാന പൂജകളിലൊന്നും അദ്ദേഹം പങ്കെടുത്തില്ല. അതേസമയം, ആശ്രമത്തിലെത്തിയ സക്കറിയയും കുടുംബവും ഈ പൂജകളില്‍ പങ്കെടുക്കുകയും ചെയ്തുവെന്നും ഒ.വി.ഉഷ പറഞ്ഞു
വിജയെൻറ ആശയങ്ങളെ അംഗീകരിക്കുന്നതുകൊണ്ടാണ് അവർ അവാർഡ് നൽകിയതെന്നും അതിൽ വർഗീയത കാണേണ്ട ആവശ്യമില്ലെന്നും മധുസൂദനൻ നായർ പറഞ്ഞു. നിരൂപകൻ ആഷാ മേനോനും ഇതിനെ അനുകൂലിച്ചു.
ഒ.വി.വിജയനെക്കുറിച്ച് വര്‍ഗീയവാദി എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വര്‍ഗീയവാദിയാണെന്ന് കരുതുന്നില്ലെന്നും സക്കറിയ മറുപടിയായി പറഞ്ഞു. അദ്ദേഹം ആത്മീയതയില്‍ ഊന്നിത്തുടങ്ങിയപ്പോള് രചനകള്‍ ആത്മീയ പൈങ്കിളിയായി. മധുരംഗായതി തുടങ്ങിയ രചനകളിലെ നിലപാടുകളില്‍ ഈ മാറ്റമുണ്ട്. അതിനെയാണ് വിമര്‍ശിച്ചത്. ഹിന്ദുത്വ നിലപാടുള്ളവരുടെ പുരസ്കാരം സ്വീകരിച്ചത് വിജയനെപ്പോലെ ജനാധിപത്യവാദിയും മതേതരവാദിയുമായ ഒരാള്‍ക്ക് ചേര്‍ന്നതല്ലായിരുന്നു. അദ്ദേഹം ദുര്ബലഹൃദയനായതിനാലാണ് ഇത്തരം കെണിയില്‍ വീണു പോയതെന്നും സക്കറിയ പറഞ്ഞു. വർഗീയവാദികൾ തനിക്ക് ലക്ഷം രൂപയുടെ അവാർഡ് നൽകിയാലും വാങ്ങില്ല. ജനാധിപത്യം, മതനിരപേക്ഷത, സ്വാതന്ത്ര്യം എന്നിവയുടെ പാഠങ്ങൾ തനിക്ക് പകർന്നു തന്നത് വിജയനാണ്. എന്നാൽ, എപ്പോഴോ അദ്ദേഹത്തിന് ഇടർച്ച സംഭവിച്ചു -സക്കറിയ വിശദീകരിച്ചു.
തുടർന്ന് സംസാരിച്ച പ്രഫ. എ വാസുദേവനും വിജു നായരങ്ങാടിയും സക്കറിയയുടെ നിലപാടുകളെ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.