പ്രസിദ്ധീകരണ സ്ഥാപനങ്ങൾ ഭാഷയുടെ സാംസ്കാരിക അടയാളം –പെരുമാൾ മുരുകൻ
text_fieldsകോഴിക്കോട്: പ്രസിദ്ധീകരണ സ്ഥാപനം എന്നാൽ പുസ്തകങ്ങളെ അച്ചടിച്ച് കൂമ്പാരമാക്കി വിൽക്കുന്ന സ്ഥലമല്ലെന്നും ഭാഷയുടെ സാംസ്കാരിക അടയാളമാണെന്നും പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ. പുസ്തക പ്രകാശനം വെളുത്ത കടലാസിനെ കറുപ്പാക്കുന്ന ഏർപ്പാടല്ലെന്നും അറിവിനെ വ്യാപിപ്പിക്കുന്ന അപൂർവ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി ബുക്സ് സംഘടിപ്പിച്ച 19ാമത് ഡി.സി കിഴക്കേമുറി സ്മാരക പ്രഭാഷണത്തിൽ ‘ആധുനിക തമിഴ്സാഹിത്യം: വിമർശനാത്മക വായന’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു പെരുമാൾ മുരുകൻ. തമിഴ്നാട്ടിൽ നവീന സാഹിത്യത്തെ സ്വീകരിക്കുന്നതിൽ മടിയും മെല്ലെപ്പോക്കുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീറിനെ വായിച്ചു രസിക്കുന്ന ഒരൊറ്റ വായനക്കാരനും തമിഴ്നാട്ടിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷനായിരുന്നു. എം.ജി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്തു. പെരുമാൾ മുരുകെൻറ ‘കീഴാളൻ’, ബെന്യാമിെൻറ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’, കെ. വേണുവിെൻറ ‘പ്രകൃതി ജനാധിപത്യം സ്വാതന്ത്ര്യം’, മണമ്പൂർ രാജൻ ബാബു എഡിറ്റ് ചെയ്ത ‘കുറുമൊഴി’ എന്നീ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. കെ. വേണു, യു. കെ. കുമാരൻ, മണമ്പൂർ രാജൻ ബാബു, ബെന്യാമിൻ, എ.കെ. അബ്ദുൽ ഹക്കിം എന്നിവർ പെങ്കടുത്തു.
‘കൂട്ടുകൂടാൻ പുസ്തകച്ചങ്ങാതി’ എന്ന എസ്.എസ്.എയുടെ പദ്ധതിയിലേക്ക് ഡി.സി ബുക്സ് സൗജന്യമായി നൽകുന്ന പുസ്തകങ്ങൾ എം.ജി. നാരായണനിൽനിന്ന് എസ്.എസ്.എ ജില്ല പ്രോജക്ട് ഒാഫിസർ ജയകൃഷ്ണൻ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.