കവയിത്രി സുഗതകുമാരി ശതാഭിഷേക നിറവിൽ
text_fieldsതിരുവനന്തപുരം: മലയാളത്തിെൻറ എഴുത്തമ്മ സുഗതകുമാരിക്ക് 84െൻറ നിറവ്. ദർശനങ്ങളുടെ ഭാരമില്ലാതെ ലളിതമനോഹര പദാവലികളാൽ മലയാള കാവ്യരംഗത്ത് ഗാന്ധിയൻ ഹരിതചിന്തക്ക് വഴിവെട്ടിയത് സുഗതകുമാരിയാണ്. അതോടൊപ്പം കാടിെൻറ കാവലാളുമായി. വരൾച്ചയിലെ ഉറവയായി, തുലാവർഷപ്പച്ചയായി, അമ്പലമണിയുടെ നാദമായി, പാതിരാപ്പൂക്കളുടെ സൗന്ദര്യമായി, സാന്ത്വന സ്പർശമായി, രാത്രിമഴയായി കവിത പെയ്തിറങ്ങി.
ജൈവസമൃദ്ധമായ പ്രകൃതിയായിരുന്നു ആ എഴുത്തിെൻറ ആദർശലോകം. പുഴകളെല്ലാം സംസ്കാരത്തിെൻറ വാഹികളാണെന്നും അതു സംരക്ഷിക്കപ്പെടണമെന്നും അവർ മലയാളിയെ ഓർമിപ്പിച്ചു. അതിനുവേണ്ടിയുള്ള പടപ്പുറപ്പാട് സൈലൻറ് വാലി സംരക്ഷണം മുതൽ തുടങ്ങി. അതു സമൂഹത്തിന് പുതിയൊരു പാരിസ്ഥിതിക വിവേകം നൽകി. രാഷ്ട്രീയക്കാരുടെ ഒരുപാട് കല്ലുകൾ നെഞ്ചിലേറ്റുവാേങ്ങണ്ടിവന്നപ്പോഴും ഗാന്ധിയുടെ ചിത്രം നെഞ്ചോട് ചേർത്തുപിടിച്ചു.
ചിന്തയിൽ അവർ ഗാന്ധിയെയും വിവേകാനന്ദനെയും നവോത്ഥാന പ്രസ്ഥാനങ്ങളെയും പിന്തുടർന്നു. അഹിംസയായിരുന്നു സമരായുധം. തോൽക്കുന്ന യുദ്ധത്തിലും തോൽക്കാത്ത പടയാളിയായി നിന്ന് നയിച്ചു. സമൃദ്ധമായ മഴയും ശുദ്ധജലവും പച്ചവിരിച്ച വയലുകളും വിഷമില്ലാത്ത അന്നവും തുമ്പപ്പൂവും തെച്ചിപ്പൂവും കുന്നും മലയും നദികളും ശുദ്ധമായ മലയാളവുമാണ് തെൻറ സ്വപ്നമെന്ന് ആവർത്തിച്ചു. മാമലനാട് ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്ക് വഴിമാറുന്നതു കണ്ട് ആശങ്കപ്പെട്ടു. നവകാൽപനികതയുടെ നക്ഷത്രശോഭ കവിതകൾക്ക് പുതിയ മാനം നൽകി. കാവ്യപാരമ്പര്യത്തിെൻറ വേരുകൾ ആറന്മുളയപ്പനെക്കുറിച്ചെഴുതിയ ‘തിരുനിഴൽ മാല’യിലായിരുന്നു.
നാടിനെപ്പറ്റി തനിക്കിന്ന് ആശങ്കകള്‍ മാത്രമേയുള്ളൂവെന്നും ഭൂതകാലത്തില്‍ മാത്രമേ നാടിനെക്കുറിച്ച് നന്മകള് പറയാന്‍ സാധിക്കുകയുള്ളൂവെന്നും അവർ തുറന്നടിച്ചു. ദ്രാവിഡ കാവ്യസംസ്കാരത്തിെൻറ എഴുത്തമ്മയായ തമിഴ് ഭക്തകവയിത്രി ഒൗവ്വയാറിന് സമാനമായ ചരിത്രമാണ് സുഗതകുമാരിയും രചിക്കുന്നത്. 84 ലെത്തുമ്പോഴും കവിയുടെ എഴുത്താണി പുതുമുത്തുകളും തീക്കട്ടകളും പൂവുകളും തിരയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.