കുരീപ്പുഴക്കെതിരെ ആക്രമണം: ഏഴ് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
text_fieldsകടയ്ക്കൽ: കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച കേസിൽ ആറ് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. ഇട്ടിവ ഗ്രാമപഞ്ചായത്തംഗം കോട്ടുക്കൽ ശ്യാമള മന്ദിരത്തിൽ വി.എസ്. ദീപു (30), ബി.ജെ.പി ചടയമംഗലം മണ്ഡലം സെക്രട്ടറി കോട്ടുക്കൽ കൊട്ടാരഴികം വീട്ടിൽ മനു ദീപം (30), ബി.ജെ.പി പ്രവർത്തകരായ ഫിൽ ഗിരി സരിത വിലാസത്തിൽ ശ്യാം (29), യു.പി.എസിന് സമീപം കടമ്പാട്ടുവീട്ടിൽ ലൈജു (32), കോട്ടുക്കൽ സുചിത്ര ഭവനിൽ സുജിത്ത് (31), കാവതിയോട് തടത്തരികത്ത് വീട്ടിൽ കിരൺ (31) എന്നിവരാണ് അറസ്റ്റിലായത്.
അഞ്ചൽ പുത്തയത്തുനിന്ന് കടയ്ക്കൽ സി.ഐ സാനിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോട്ടുക്കൽ കൈരളി ഗ്രന്ഥശാലയുടെ വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒമ്പതിനായിരുന്നു കുരീപ്പുഴക്കുനേരെ ആക്രമണം നടന്നത്. വടയമ്പാടി സമരത്തെ അനുകൂലിച്ചും ആർ.എസ്.എസിനെ എതിർത്തും പ്രസംഗിച്ചത് സ്ഥലത്തെ ആർ.എസ്.എസ് പ്രവർത്തകരെ പ്രകോപിപ്പിക്കുകയും കാറിൽ കയറുന്നതിനിടെ കുരീപ്പുഴക്കെതിരെ ആക്രമണം നടത്തുകയുമായിരുന്നു.
വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. കുരീപ്പുഴക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലയിലുടനീളം വിവിധസംഘടനകളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. സംഭവത്തിൽ 25 ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.