ഈ രാഷ്ട്രീയ ചുംബനം ഭയപ്പെടുത്തുന്നു; ഓണക്കൂറിനൊപ്പം വേദി പങ്കിടില്ല- സി.എസ്. ചന്ദ്രിക
text_fieldsകോഴിക്കോട്: ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരന് പരസ്യമായി ചുംബനം നൽകിയ എഴുത്തുകാരൻ േജാർജ് ഓണക്കൂറിനൊപ്പം വേദി പങ്കിടില്ലെന്ന് എഴുത്തുകാരി സി.എസ്. ചന്ദ്രിക. ഫേസ്ബുക്കിലൂടെയാണ് ചന്ദ്രിക നിലപാട് വ്യക്തമാക്കിയത്.
കുമ്മനത്തിെൻറ ‘സ്ത്രീ നീതി’ സമരം ഉദ്ഘാടനം ചെയ്ത ശേഷം വേദിയിൽ വച്ച് ഓണക്കൂർ കുമ്മനത്തിന് സ്നേഹ ചുംബനം നൽകിയിരുന്നു. വാളയാറിലെ കുഞ്ഞുങ്ങളുടെ നീതിക്കായി എന്ന് പറഞ്ഞ് കേരളത്തിൽ കഴിയുന്നത്ര രാഷ്ടീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ യഥാർത്ഥ മുഖമറിയാൻ ഒരെഴുത്തുകാരന് ഇത്ര വലിയ പ്രയാസമാണോ എന്ന് ചന്ദ്രിക ചോദിക്കുന്നു.
കഠ്വയിലെ കുഞ്ഞിെൻറയും മറ്റനേകം നിസ്വരായ ദലിത്, മുസ്ലീം അറുംകൊലകളുടെയും ദുർഗന്ധം പേറുന്ന ഹിന്ദുത്വ ഫാസിസത്തിെൻറ മുഖത്ത് ഒരു എഴുത്തുകാരൻ സ്നേഹപൂർവം പരസ്യമായി നൽകിയ രാഷ്ട്രീയ ചുംബനം തന്നെ ഭയപ്പെടുത്തുന്നുവെന്ന് സി.എസ്. ചന്ദ്രിക വ്യക്തമാക്കി.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ കേരളം മലയാള ഭാഷാ സായാഹ്ന പരിപാടിയിലേക്ക് ചന്ദ്രികയെ വിളിച്ചിരുന്നു. ജോർജ് ഓണക്കൂറും ചടങ്ങിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. ഇതറിഞ്ഞതോടെ ചന്ദ്രിക സംഘാടകരോട് തനിക്ക് വരാൻ താത്പര്യമില്ലെന്ന് പറയുകയായിരുന്നു. ഓണക്കൂറിനോട് സ്നേഹവും നല്ല സൗഹൃദവുമുണ്ടെങ്കിലും ഇത് തെൻറ കടുത്ത തീരുമാനമാണെന്നും ചന്ദ്രിക വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
പ്രസ്താവന
ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ കേരളം മലയാള ഭാഷാ സായാഹ്ന പരിപാടിക്ക് എന്നെ വിളിച്ചിട്ടുണ്ട്. ഡോ. ജോർജ് ഓണക്കൂറും ഈ പരിപാടിയിൽ ഉണ്ടെന്ന് നേരത്തേ അയച്ചു കിട്ടിയ ബ്രോഷറിൽ നിന്ന് അറിഞ്ഞിരുന്നു. പരിപാടിയിൽ സന്തോഷത്തോടെ പങ്കെടുക്കാനിരിക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ ഈ പത്രവാർത്ത കണ്ടതോടെ, കുമ്മനത്തിന്റെ 'സ്ത്രീ നീതി' സമരം ഉദ്ഘാടനം ചെയ്യുകയും ഉമ്മ കൊടുക്കുകയും ചെയ്യുന്ന ഒരെഴുത്തുകാരന്റെ കൂടെ വേദി പങ്കിടാൻ ഇന്ന് ഞാൻ തയ്യാറല്ല എന്ന് സംഘാടകരെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഒരെഴുത്തുകാരൻ എന്ന നിലയിൽ ഇത്ര കാലവും ഡോ. ജോർജ് ഓണക്കൂറിനോട് സ്നേഹവും നല്ല സൗഹൃദമുണ്ടായിരുന്നു. പക്ഷേ ഇതെെൻറ കടുത്ത തീരുമാനം.
വാളയാറിലെ കുഞ്ഞുങ്ങളുടെ നീതിക്കായി എന്ന് പറഞ്ഞ് കേരളത്തിൽ കഴിയുന്നത്ര രാഷ്ടീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ബി ജെ പിയുടെ യഥാർത്ഥ മുഖമറിയാൻ ഒരെഴുത്തുകാരന് ഇത്ര വലിയ പ്രയാസമോ? ഗുജറാത്ത് വംശഹത്യയുടെ ഇപ്പോഴും ചോരയുണങ്ങാത്ത അനുഭവങ്ങളെ മറക്കാൻ, പ്രപഞ്ച മാനവ സ്നേഹത്തിനും തുല്യനീതിക്കും വേണ്ടി നിലകൊള്ളേണ്ടുന്ന എഴുത്തുകാർക്ക് കഴിയുന്നതെങ്ങനെ!
ബി.ജെ.പി അധികാരത്തിലുള്ള, പ്രബലമായ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന ലൈംഗികാക്രമണ പരമ്പരകളെക്കുറിച്ച് അല്പമെങ്കിലും ബോധമുണ്ടെങ്കിൽ ഡോ. ജോർജ് ഓണക്കൂർ അവരുടെ ഒപ്പം നില്ക്കുകയില്ല. കത്വവയിലെ കുഞ്ഞിന്റെ , മറ്റനേകം നിസ്വരായ ദലിത്, മുസ്ലീം അറും കൊലകളുടെ ദുർഗന്ധം പേറുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ മുഖത്ത് ഒരു എഴുത്തുകാരൻ സ്നേഹപൂർവം പരസ്യമായി നല്കിയ ഈ രാഷ്ട്രീയ ചുംബനം എന്നെ ഭയപ്പെടുത്തുന്നു, ഞാൻ അതീവ നടുക്കത്തിലും ദു:ഖത്തിലും രോഷത്തിലുമാണ് ഈ വരികൾ കുറിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.