കോഴിക്കോടിെൻറ അബ്ദുള്ള
text_fieldsകോഴിക്കോട്: മറ്റുപലരെയുംപോലെ ഒരു സാഹിത്യകാരനെന്ന നിലക്ക് പുനത്തിലിെന പൂർണതയിലെത്തിച്ചത് കോഴിക്കോട്നഗരമാണ്. വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ, വി.കെ.എൻ, തിക്കോടിയൻ, എൻ.പി. മുഹമ്മദ് തുടങ്ങിയ സാഹിത്യലോകത്തെ പ്രതിഭാധനരുമായുള്ള സൗഹൃദവും സമ്പർക്കവും നട്ടുനനച്ച്, വളർത്തിയെടുത്തത് ഈ നഗരത്തിൽവെച്ചാണ്.
അരിസ്റ്റോട്ടിലിെൻറ കാലത്തെ ഗ്രീസ് പോലെയായിരുന്നു അക്കാലത്ത് കോഴിക്കോടെന്നാണ് പുനത്തിൽ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. വടകര ശാന്തിനികേതൻ നഴ്സിങ് ഹോമിൽ പ്രാക്ടിസ് ചെയ്യുന്ന കാലത്ത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഭാര്യയും മക്കളുമൊത്ത് കോഴിക്കോട്ടേക്ക് തിരിക്കും. ആദ്യം എം.ടിയുടെ വീട്ടിലേക്ക്, അവിടെനിന്ന് ഹോട്ടൽ അളകാപുരി അല്ലെങ്കിൽ ബീച്ച് ഹോട്ടൽ. ഇവിടേക്ക് മറ്റ് എഴുത്തുകാരും എത്തിച്ചേരും. സാഹിത്യം, കല, സിനിമ എന്നുതുടങ്ങി സൂര്യനുകീഴിലുള്ള സകലകാര്യങ്ങളും ഈ സൗഹൃദക്കൂട്ടത്തിെൻറ സംസാരവിഷയമാവും.
13ാം വയസ്സിൽ ബന്ധുവായ പാത്തുച്ചാച്ചക്കൊപ്പം മലാപറമ്പിലെ അമ്മാവൻ പുനത്തിൽ അബൂബക്കറിെൻറ വീട്ടിലേക്കുള്ള യാത്രയിലാണ് പുനത്തിൽ ആദ്യമായി ഈ നഗരത്തെ കാണുന്നത്. നഗരത്തിലെ ആളുകളും കുതിരവണ്ടികളും റിക്ഷാവണ്ടികളും അറക്കൽ അമ്പലത്തിലെ ഉത്സവം പോലെ ‘കുഞ്ഞു’അബ്ദുള്ളയുടെ മനസ്സിൽ നിറഞ്ഞുനിന്നു. മാനാഞ്ചിറമൈതാനവും കുളവും ആദ്യമായി കണ്ട അനുഭവവും നാട്ടിൻപുറത്തുകാരനായ പതിമൂന്നുകാരനെ അദ്ഭുതപരതന്ത്രനാക്കിയിരുന്നു. മടപ്പള്ളി കോളജിൽ പഠിക്കുമ്പോൾ ആദ്യമായി ഹോട്ടലിൽ താമസിച്ച കഥ അദ്ദേഹം എഴുതിയിട്ടുണ്ട്. പാളയത്തെ ഇംപീരിയൽ ഹോട്ടലിലായിരുന്നു അത്. മുറിയിൽ തന്നെയുള്ള കക്കൂസ് കണ്ട് അമ്പരന്നുപോയിട്ടുണ്ട്. പിന്നീട് വലുതായശേഷം സാഹിത്യകാരനായി ഈ നഗരത്തിലെത്തിയ പുനത്തിൽ പിന്നീട് കോഴിക്കോടിെൻറ മകനായി വളരുകയായിരുന്നു.
ഒടുവിൽ 2014െൻറ അവസാനമാസങ്ങളിൽ ജീവിതം കൈവിട്ടുപോവുമെന്ന ഭയത്താൽ മക്കളും മരുമക്കളും ചേർന്ന് അദ്ദേഹത്തെ സ്നേഹത്തണലിലൊളിപ്പിച്ചതും ഈ നഗരത്തിൽ തന്നെ. ആറാംഗേറ്റിനടുത്ത് ക്രസൻറ് മാൻസയെന്ന ഫ്ലാറ്റിൽ അറബിക്കടലിനോട് മുഖംചേർന്ന മുറിയിലാണ് അദ്ദേഹം അവസാനനാളുകൾ ജീവിച്ചത്. മരുമകൻ ജലീലും മുക്കം സ്വദേശിയായ രാജനുമാണ് കൂട്ടിനുണ്ടായിരുന്നത്. ഇടക്ക് നഗരത്തിലെത്തുന്ന സാഹിത്യലോകത്തെ കൂട്ടുകാർ ഒത്തുചേരുമായിരുന്നു.
വടകരക്ക് നഷ്ടമായത് ‘മേല്‍വിലാസം’
വടകര: പുനത്തില്‍ കുഞ്ഞബ്ദുള്ള വിടവാങ്ങിയെന്ന് കേള്‍ക്കുമ്പോള്‍ വടകരക്കാരുടെ മനസ്സില്‍ ആദ്യമുയരുന്ന ചോദ്യം, ഞങ്ങള്‍ക്ക് ആരായിരുന്നു പുനത്തിലെന്നാണ്. എവിടെനിന്നോ ഉത്തരവും ലഭിക്കും- ഈ നാടിെൻറ മേല്‍വിലാസമായിരുന്നുവെന്ന്. ശരിക്കും പുനത്തില്‍ വടകരക്കാരുടെ സ്വകാര്യഅഹങ്കാരമായിരുന്നു. ഇപ്പോള്‍ നഷ്ടപ്പെട്ടത് അവരുടെ മേല്‍വിലാസവും.
പുനത്തില്‍ കുഞ്ഞബ്ദുള്ളയിലെ എഴുത്തുകാരനെയും ഡോക്ടറെയും വടകരക്കാരെപ്പോലെ അടുത്തറിഞ്ഞവര്‍ വേറെയുണ്ടാവില്ല. അതുകൊണ്ടുതന്നെ വിവാദങ്ങളുടെ പെരുമഴക്കാലത്തിലൂടെ സഞ്ചരിക്കുമ്പോഴും പുനത്തിലിനൊപ്പം വടകരക്കാരും ചിരിച്ചു. കാരണം, അവര്‍ക്കറിയാമായിരുന്നു ഇരതേടുന്ന വേട്ടക്കാരനെപ്പോലെ അനുഭവങ്ങളുടെയും കഥകളുടെയും പിന്നാലെ സഞ്ചരിക്കുകയാണ് പുനത്തിലെന്ന്. എഴുത്ത് ഒഴിച്ച് മറ്റൊന്നിലും പുനത്തില്‍ ഗൗരവം കാണിച്ചിരുന്നില്ല. വടകരയിലെ മനുഷ്യരും മണ്ണും മരവുമെല്ലാം പുനത്തിലിന് തെൻറ പ്രിയകഥാപാത്രങ്ങളാണ്. പൂക്കോയതങ്ങള്‍, കുഞ്ഞീബി, മാച്ചിനാരിക്കുന്ന്, കാരക്കാട് റെയില്‍വേ സ്റ്റേഷന് (ഇന്നത്തെ നാദാപുരം റോഡ്), കാരക്കാട് സ്കൂള്‍ അങ്ങനെ പുനത്തില്‍ തെൻറ ജന്മനാട്ടില് നിന്ന് മലയാളിക്ക് സമ്മാനിച്ചത് എണ്ണമറ്റ അനുഭവങ്ങളാണ്.
വടകര എടോടിയിലെ ക്ലിനിക്കുമായും പുതിയബസ്സ്റ്റാൻഡ് പരിസരത്തെ അല്‍മ ഹോസ്പിറ്റലുമായും ബന്ധപ്പെട്ട് നൂറുനൂറുകഥകളാണ് നാട്ടുകാര്‍ക്കിടയില്‍ പ്രചാരത്തിലുള്ളത്. പ്രായംചെന്നവരുടെ സംശയരോഗങ്ങള്ക്ക് പുനത്തില്‍ കവിതകള്‍ മരുന്നായി നല്കിയതാണിതില് പ്രധാനം. ടാഗോറിെൻറ നാലുവരികളെഴുതിയ കുറിപ്പ് കൈയില്‍ക്കൊടുത്ത്, രാവിലെയും വൈകീട്ടും രാത്രിയും ഓരോ ആവൃത്തി വായിക്കാന്‍ പറഞ്ഞതും നെഞ്ചുവേദനയുമായി വന്നവരോട് പോയി വിറകുകീറാന്‍ പറഞ്ഞതുമുള്‍പ്പെടെ കഥകള്‍ ഇവയില്‍ ചിലതാണ്. ആെരയും അദ്ദേഹം വെറുപ്പിച്ചിരുന്നില്ല. ക്ലബിെൻറ പരിപാടിക്ക് ക്ഷണിക്കാനെത്തിയവരെ തെൻറ പേഷ്യൻറിെൻറ സ്റ്റൂളിലിരുത്തി. തലയില്‍ കൈവെച്ച് പുനത്തില്‍ പറഞ്ഞു - ‘അയ്യോ അന്നേദിവസം ഞാന്‍ നാട്ടിലുണ്ടാവില്ല’. ഓര്‍ത്ത് ചിരിക്കാനിത്തരം വിഭവങ്ങള്‍ ഏറെയാണ് അദ്ദേഹം സമ്മാനിച്ചത്.
നാട്ടിലെ ഏത് എഴുത്തുകാരനും അവതാരികയെഴുതിക്കൊടുക്കാന് പുനത്തില്‍ മടിച്ചിരുന്നില്ല. പക്ഷെ, എഴുതാന്‍ സമയമെടുക്കുന്ന പുനത്തിലിനെ അറിയാവുന്ന ചിലര്‍ ചെറുകുറിപ്പ് പുനത്തിലിന് എഴുതി നല്‍കും. പുനത്തില്‍ സന്തോഷത്തോടെ അടിയില്‍ ഒപ്പിട്ട് കൊടുക്കും. ഇതുതന്നെയാണ് ഞാന്‍ എഴുതാനിരുന്നതെന്ന് മറുപടിയും നല്‍കും. വായിച്ചറിഞ്ഞവര്‍ക്കും അല്ലാത്തവര്‍ക്കും എല്ലാം പ്രിയ എഴുത്തുകാരനായിരുന്നു പുനത്തില്‍. തന്നെത്തേടിവരുന്ന ആരാധകരോട് കൗതുകം നിറഞ്ഞ നുണകള്‍ പറയുന്നതിലും മിടുക്കനായിരുന്നു...
ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത നാടിെൻറ പ്രിയ എഴുത്തുകാരനെയാണിപ്പോള് നഷ്ടമായത്. ലോകത്തിെൻറ പലകോണുകളിലേക്കും സഞ്ചരിച്ച പുനത്തില്‍ തെൻറ പ്രിയപ്പെട്ട കാരക്കാടിെൻറ മണ്ണില്‍ ഉറങ്ങുകയാണിപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.