പുനത്തിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു
text_fieldsകോഴിക്കോട്: നിറഞ്ഞാടിയ ജീവിതം കഥകളാക്കി ഭാവുകത്വത്തെ വിസ്മയിപ്പിച്ച ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള കഥ മതിയാക്കി മടങ്ങി. വെള്ളിയാഴ്ച രാവിലെ 7.40ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു 77 കാരനായ അദ്ദേഹത്തിെൻറ അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെതുടർന്ന് കോഴിക്കോട് ആറാം ഗേറ്റിന് സമീപത്തെ ഫ്ലാറ്റിൽ നിന്ന് മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. മകൾ നാസിമയുടെ ചേവരമ്പലത്തെ വീട്ടിലും കോഴിക്കോട്, വടകര ടൗൺഹാളുകളിലും പൊതുദർശനത്തിനുെവച്ചശേഷം ജന്മനാടായ വടകര മടപ്പള്ളി കാരക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ പൂർണ ഒൗദ്യോഗികബഹുമതികളോടെ ഖബറടക്കി.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ച പുനത്തിൽ, മലയാളത്തിലെ ആധുനികതയിലെ വേറിട്ട സഞ്ചാരിയായിരുന്നു. ജനനം മുതൽ മരണം വരെ ജീവിച്ച ഇടങ്ങളെല്ലാം കഥകളിൽ കൊണ്ടുവന്നു. മുഖ്യധാരകളിൽ ഇടം നേടാത്ത ദേശവും ഭാഷയും സ്വത്വവും ആസക്തികളും അന്വേഷണങ്ങളുമെല്ലാം രചനകളിൽ ഉൾപ്പെടുത്തി. അലിഗഡ് മുസ്ലിം സർവകലാശാലയിൽനിന്ന് എം.ബി.ബി.എസ് നേടി വടകര എടോടിയിൽ താമസിച്ച് ശാന്തിനികേതൻ എന്ന ക്ലിനിക് സ്ഥാപിച്ച അദ്ദേഹം പിന്നീട് പുതിയസ്റ്റാൻഡിന് സമീപം അൽമ ആശുപത്രിയും നടത്തി. 2005 മുതൽ ചികിത്സക്കും എഴുത്തിനുമായി വിവിധ ഭാഗങ്ങളിൽ തനിച്ചു കഴിഞ്ഞുവരുകയായിരുന്നു.
അടുപ്പമുള്ളവരുടെ ‘കുഞ്ഞിക്ക’യായി അറിയപ്പെടുന്ന അദ്ദേഹത്തിെൻറ ‘സ്മാരക ശിലകൾ’ എന്ന നോവലിന് 1980ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 1978ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ‘മലമുകളിലെ അബ്ദുള്ള’ എന്ന കൃതിയും 1980 ൽ കേരള സാഹിത്യഅക്കാദമി പുരസ്കാരത്തിനർഹമായി. 99ൽ മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചു. വിശ്വദീപം അവാർഡ്, മാതൃഭൂമി സാഹിത്യപുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി. 2010ൽ കേരള സാഹിത്യഅക്കാദമിയുടെ ഫെലോഷിപ്പിന് അർഹനായി. മരുന്ന്, കന്യാവനങ്ങൾ, കത്തി എന്നിവയാണ് മറ്റു പ്രമുഖ കൃതികൾ. നോവൽ, കഥകൾ, നോവലെറ്റുകൾ, അനുഭവങ്ങൾ, യാത്രാവിവരണം തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിരവധി കൃതികൾ അദ്ദേഹത്തിേൻറതായുണ്ട്.
വിവാദങ്ങൾ കൂടപ്പിറപ്പായ അദ്ദേഹം 2001ൽ ബി.ജെ.പിസ്ഥാനാർഥിയായി േബപ്പൂർ അസംബ്ലി മണ്ഡലത്തിൽ മത്സരിച്ചും മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ചപ്പോൾ താൻ ഹിന്ദുമതത്തിലേക്ക് പോകുന്നുവെന്ന് പ്രസ്താവനയിറക്കിയും വാർത്തകളിലിടം നേടി. ‘കന്യാവനങ്ങൾ’ ടാഗോറിെൻറ രചനയുടെ പകർപ്പാണെന്ന ആരോപണവും വൻ വിവാദമായിരുന്നു. 1940 ഏപ്രിൽ മൂന്നിന് വടകരക്കടുത്ത കാരക്കാട് മമ്മുവിെൻറയും സൈനബയുടെയും രണ്ടാമത്തെ മകനായി ജനനം. ഭാര്യ: ഹലീമ. മക്കൾ: നാസിമ, ആസാദ്, ഡോ. നവാബ്. മരുമക്കൾ: ജലീൽ, ഡോ.ഷാലി, ബിന്ദു. സഹോദരങ്ങൾ: ഹുസൈൻ, ആയിശ മുഹമ്മദ്, പരേതരായ അബ്ദുൽ റസാഖ്, ഹുസൈൻ പുനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.