യാ അയ്യുഹന്നാസ്’ പൂര്‍ത്തിയാക്കും –പുനത്തില്‍
text_fieldsവായനക്കാര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘യാ അയ്യുഹന്നാസ്’ എന്ന നോവല്‍ പൂര്‍ത്തിയാക്കുമെന്ന് പുനത്തില്‍ കുഞ്ഞബ്ദുല്ല. മാധ്യമം ആഴ്ചപ്പതിപ്പിന്‍െറ പുനത്തില്‍ സ്പെഷല്‍ പതിപ്പ് കൈമാറാനത്തെിയ മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ. പാറക്കടവ്, എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹീം എന്നിവരെയാണ് പുനത്തില്‍ ഇക്കാര്യം അറിയിച്ചത്. ‘എഴുതാന്‍ പ്രയാസമുണ്ട്. ഒന്നല്ളെങ്കില്‍ രണ്ടു കൈകൊണ്ട് എഴുതിയാണെങ്കിലും അത് പൂര്‍ത്തിയാക്കും’ -അദ്ദേഹം പറഞ്ഞു.
പുനത്തില്‍ പതിപ്പിന്‍െറ കവറില്‍ ഏറെനേരം നോക്കിയ ശേഷം, ‘എന്നെപ്പോലത്തെന്നെയുണ്ടല്ളോ’ എന്ന് വെളിച്ചമൊഴുകുന്ന ചിരിയോടെ കമന്‍റും പിന്നാലെ വന്നു.സ്വന്തം കൈപ്പടയിലെ എഴുത്തുകളും താന്‍ വരച്ച ചിത്രങ്ങളും ചിരകാല സുഹൃത്തുക്കളായ സേതു, മണര്‍ക്കാട് മാത്യു, ആര്‍.വി.എം. ദിവാകരന്‍, താഹ മാടായി, ഇ.എം. ഹാഷിം തുടങ്ങിയവര്‍ എഴുതിയ കുറിപ്പുകളും കണ്ട് പുനത്തില്‍ അല്‍പനേരം ഈറനണിഞ്ഞു; ‘നന്നായിട്ടുണ്ട്, ഇതു ഞാനാണ്...’
തന്‍െറ രചനാവഴിയിലെ വഴിത്തിരിവായേക്കാവുന്ന പുതിയ സൃഷ്ടിയെക്കുറിച്ച് ഉന്മേഷത്തോടെയാണ് കാരക്കാടിന്‍െറ കഥാകാരന്‍ സംസാരിച്ചത്. മതവും ആത്മീയതയും പ്രമേയമാവുന്ന നോവലിന്‍െറ തയാറെടുപ്പിലാണ് താന്‍ എന്ന് പുനത്തില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ശാരീരിക അവശതമൂലം എഴുത്തും വായനയും മുടങ്ങി.
കോഴിക്കോട് ബീച്ചിന് സമീപം മകള്‍ നസീമയുടെ സ്നേഹപരിചരണത്തിലാണ് പുനത്തില്‍. എഴുന്നേറ്റ് നടക്കാന്‍ പ്രയാസമുണ്ട്. വീല്‍ചെയറിലാണെങ്കിലും തമാശക്കും സംസാരത്തിനും കുറവില്ല. മധുരം ചേര്‍ത്ത ചായതന്നെ കുടിക്കുന്നു. ‘മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളത് കുഞ്ഞിക്കക്കാണ്, ‘യാ അയ്യുഹന്നാസി’നെ അവര്‍ സന്തോഷത്തോടെ ഹൃദയംകൊണ്ട് സ്വീകരിക്കും’ -മാധ്യമം പ്രതിനിധികള്‍ പറഞ്ഞപ്പോള്‍, ‘യാ അയ്യുഹന്നാസ്’ എന്ന് ഉറച്ച ശബ്ദത്തില്‍ അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.