‘ദേവിക്ക് ഇംഗ്ലീഷറിയാം!’
text_fieldsപൊന്നാനി കോട്ടത്തറയിൽ കണ്ടകുറുമ്പകാവ് എന്നൊരു അമ്പലമുണ്ട്. ശബരിമല വിഷയത്തിലെ പുക്കാറത്ത് കണ്ടപ്പോൾ കോട്ടത്തറയിലെ ഒരു പഴയ കഥ ഒാർമവന്നു.
വയലിന് നടുവിൽ നാലേക്കറോളം വരുന്ന ഒരു ഉയർന്ന ചതുരത്തറയിലാണ് അമ്പലം. അവർണർക്ക് അമ്പലത്തറയിൽ പ്രവേശനമില്ലായിരുന്നു. നിയമംമൂലം അയിത്തം ഇല്ലാതായിട്ടും ഇൗ നിരോധനം കീഴ്വഴക്കമായി നിലനിന്നു. അമ്പലമാട്ടത്ത് തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും കയറാറില്ല.
ഒരാണ്ടിലെ താലപ്പൊലി ദിവസം പക്ഷേ, അവരിൽ ചിലർ മാട്ടത്ത് കയറി. കാര്യക്കാർ വിവരം അറിഞ്ഞതോടെ ഗുലുമാലായി. ഇങ്ങനെ വിട്ടാൽ പറ്റില്ലെന്ന് അമ്പലത്തിലെ ജോലിക്കാർ നിശ്ചയിച്ചു.
അടുത്ത വെള്ളിയാഴ്ച ‘കുരുതി’ എന്ന വഴിപാടിെൻറ അവസാനത്തിൽ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി ഇങ്ങനെ കൽപിച്ചു: ‘‘എെൻറ തിരുമുറ്റത്ത് കരിഞ്ചാഴിക്കൂട്ടങ്ങൾ കയറി! അതെനിക്ക് പൊറുക്കാവതല്ല! ഹഹ! മുന്നാഴൂരി വിത്ത് ഞാൻ വിതക്കും! ഹിയ്യേ! ഹഹ!...’’ നെറ്റിയിലേക്കൂർന്ന ചോരകൊണ്ട് സാക്ഷ്യം!
വിത്ത് എന്നാൽ വസൂരികൃഷിയുടെ വിത്താണ്. നാഴിയൂരി തന്നെ ധാരാളം മതി, നാടൊടുങ്ങാൻ. മുന്നാഴൂരിയാണ് ദേവി വിതക്കാൻ പോകുന്നത്! നാട് നടുങ്ങി.
പകൽപൂരം കൊട്ടിക്കയറിയപ്പോൾ കൂടെ തള്ളിക്കയറിപ്പോയതാണ് കുറച്ച് ചെറുപ്പക്കാർ. തങ്ങൾ കാരണം നാട്ടിൽ വൻ ദുരന്തമുണ്ടാകുമെന്ന് വന്നപ്പോൾ അവർ ടി. ഗോപാലക്കുറുപ്പ് എന്ന നേതാവിനെ കണ്ടു. കോൺഗ്രസിെൻറ താലൂക്ക് സെക്രട്ടറിയാണ് കക്ഷി. നാടകനടനും കൂടിയായതിനാൽ ചെറുപ്പക്കാർക്ക് പ്രിയപ്പെട്ടവൻ.
വഴിയുണ്ടാക്കാമെന്ന് ‘കുട്ടപ്പേട്ടൻ’ എന്ന ഗോപാലക്കുറുപ്പ് അവരെ സമാധാനിപ്പിച്ചു. അന്ന് സന്ധ്യക്ക് അമ്പലക്കുളക്കടവിൽ വെളിച്ചപ്പാടിനെ കണ്ടപ്പോൾ മൂപ്പർക്കൊരു കുസൃതി തോന്നി. വെളിച്ചപ്പാടിനോട് ചോദിച്ചു: ‘‘ജയിലിൽ പോവാൻ തയാറായോ?’
‘‘ഞാനോ? എന്തിന്?’’
‘‘അയിത്തക്കാരെ വിലക്കിയതിന് നിങ്ങളെ പൊലീസ് അന്വേഷിക്കണ്ണ്ട്!’’
‘‘അവര് അമ്പലമാട്ടത്ത് കയറരുതല്ലോ.’’
‘‘അതൊക്കെ പണ്ട്. പുതിയ നിയമം വന്നതൊന്നും അറിയില്ല, അല്ലേ? അവർക്ക് എവടേം വരാം.’’
മകരമഞ്ഞത്തും വെളിച്ചപ്പാട് വിയർത്തു: ‘‘ഇനി എന്താ ചെയ്യാ?’’
‘‘ഒരു വഴിയേ ഉള്ളൂ: ആ കൽപന കാൻസൽ ചെയ്തുവെന്ന് ഇനിയത്തെ വെള്ളിയാഴ്ച കൽപിച്ചേക്കൂ.’’
‘‘അത് ഇപ്പോ...!’’ വെളിച്ചപ്പാട് പരുങ്ങി.
‘‘എങ്കിൽ’’, കുട്ടപ്പേട്ടൻ തിരിഞ്ഞുനടന്നു, ‘‘ശേഷം കാലം ജയിലിലാവാം!’’
അടുത്ത കുരുതിനാൾ വെളിച്ചപ്പാട് സ്ഫുടമായി കൽപിച്ചു: ‘‘എെൻറ കരിഞ്ചാഴിക്കൂട്ടങ്ങൾക്ക് എെൻറ മാട്ടത്തല്ല നെഞ്ചത്തുവരെ കയറാം. കഴിഞ്ഞ കൽപന കാൻസൽ ചെയ്യുന്നു!’’ വീണ്ടും രക്തസാക്ഷ്യം!
കാണികൾക്കിടയിൽ നിന്ന കുറുപ്പിനെ വെളിച്ചപ്പാട് ‘പോരെ?’ എന്ന ഭാവത്തിൽ നോക്കി. ‘മതി’യെന്ന് കുറുപ്പ് മെല്ലെ തലയാട്ടിയപ്പോഴേ വെളിച്ചപ്പാടിന് ശ്വാസം നേരെ വീണുള്ളൂ.
ഇവിടംകൊണ്ടും അവസാനിച്ചില്ല. ദേവി ഇംഗ്ലീഷ് പറയില്ലെന്നും കാര്യത്തിെൻറ കിടപ്പ് അറിയാൻ ദേവപ്രശ്നം വേണമെന്നും ശാഠ്യമായി.
അതിന് തീയതി നിശ്ചയിച്ചു. പൊൽപാക്കരയിൽനിന്നാണ് പ്രധാനി വന്നത്. വരുന്നവഴി കുറുപ്പിനെ കാണാൻ കയറി. പഴയ പരിചയക്കാരാണ്.
കുറുപ്പ് അദ്ദേഹത്തോട് പറഞ്ഞു: ‘‘തിരുമലശ്ശേരിക്കോട്ടയിലെ തമ്പുരാനാണ് അമ്പലത്തിെൻറ ഉൗരാളൻ. തമ്പുരാട്ടിക്കുട്ടി ഉൗട്ടിയിൽ ഇംഗ്ലീഷാണ് പഠിക്കണത്. കാവിലെ ദേവിക്ക് ഇംഗ്ലീഷറിയില്ല എന്നുവന്നാൽ ദക്ഷിണ കഷ്ടിയാവും. അല്ല, പ്രശ്നമാവുേമ്പാൾ എവ്വിധവും വരാലോ! നല്ലതു വരെട്ട?’’
ഇംഗ്ലീഷെന്നല്ല പക്ഷിമൃഗാദികളുടേതുൾപ്പെടെ ലോകത്തെ എല്ലാ ഭാഷകളും ദേവിക്ക് വശമാണെന്ന് പ്രശ്നത്തിൽ സംശയാതീതമായി തെളിഞ്ഞു!
വാൽക്കഷണം
നാട്ടിൽ പ്രചാരമുള്ള ഇൗ കഥ നേരാണോ എന്ന് ഞാൻ കുട്ടേപ്പട്ടനോടു നേരിട്ടുതന്നെ ചോദിച്ചു (പിൽക്കാലത്ത് അദ്ദേഹം എെൻറ ഭാര്യാപിതാവായി). ‘‘നൂറുകണക്കിന് ഇല്ലായ്മകളും വല്ലായ്മകളും ശേഷിക്കെ മനുഷ്യൻ അന്ധവിശ്വാസങ്ങളിൽ കുടുങ്ങി വശംകെട്ടു കിടക്കരുതല്ലോ!’’ എന്നായിരുന്നു ഭരതവാക്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.