താരങ്ങളും അവരുടെ സംഘടനയും കരിക്കട്ടകൾ
text_fieldsതൃശൂർ: നിലവിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ താരങ്ങളും അവരുടെ സംഘടനയും കരിക്കട്ടകളായി മാറിയെന്ന് സാറാ ജോസഫ്. സ്ത്രീവിരുദ്ധമായ പ്രവൃത്തിയിലൂടെയും ഭഷയിലൂടെയും പുരുഷാധിപത്യ മൂല്യങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച കലയാണ് സിനിമ. ഈ അവസ്ഥ തിരുത്താൻ കാണികൾ സ്വയം വിമർശനത്തിന് വിധേയരാകണമെന്ന് സാറാ ജോസഫ് അഭിപ്രായപ്പെട്ടു. പ്രതീക്ഷിക്കാൻ പറ്റാത്ത തരത്തിൽ ഒരു സംഘടനയുടെ പുരുഷാധിപത്യ മൂല്യങ്ങളോട് കലഹിച്ച് ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് പറഞ്ഞ് ധൈര്യത്തോടെ പുറത്ത് വന്ന നാല് നടിമാെര സാറാ ജോസഫ് അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം കേരള സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ചഫിലിം സൊസൈറ്റീസ് ഫെഡറേഷൻ സംഘടിപ്പിച്ച 'അവൾക്കൊപ്പം' എന്ന ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ചില അവസരങ്ങളിൽ പ്രതിഷേധങ്ങൾ അനിവാര്യമാണ് എന്ന് ഐക്യദാർഢ്യ സദസ്സിൽ സംസാരിച്ച രമ്യാ നമ്പീശൻ പറഞ്ഞു. സംഘടനയിൽ നിന്നും രാജിവെച്ചതിൽ അഭിമാനം തോന്നുന്നു. അമ്മ എന്ന സംഘടനയിൽ നിൽക്കാൻ ഭയം തോന്നിയെന്നും സംഘടന നിലക്കുള്ള ഉത്തരവാദിത്തം കാണിച്ചില്ലെന്നും രമ്യ നമ്പീശൻ കുറ്റപ്പെടുത്തി. ആക്രമണത്തെ അതിജീവിച്ച പെൺകുട്ടി തന്‍റെ സുഹൃത്തായതുകൊണ്ടോ സ്ത്രീയായതുകൊണ്ടോ മാത്രമല്ല, മനുഷ്യൻ എന്ന രീതിയിൽ അവൾക്ക് നീതി ലഭിക്കണമെന്ന് രമ്യ ആവശ്യപ്പെട്ടു.
ഭീഷ്മരുടെ അവസ്ഥയിലായിരുന്ന താൻ ഈ പരിപാടിയിലൂടെ പുറന്തോട് പൊട്ടിച്ച് പുറത്തുവരികയാണെന്ന് പറഞ്ഞുകൊണ്ടാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സംസാരിച്ചുതുടങ്ങിയത്. ഇനിയും നിശബ്ദമായിരിക്കുന്നത് അശ്ളീലമാണ് എന്ന് കരുതുന്നു. ജന്മി-കുടിയാൻ വ്യവസ്ഥ നിലനിൽക്കുന്ന താരസംഘടനയിലെ അമ്മ നടിമാരക്കമുള്ള ഭൂരിപക്ഷം സ്ത്രീകളും സംഘടനക്കൊപ്പം നിൽക്കുന്നതെന്തുകൊണ്ടെന്ന് ചിന്തിക്കണം. പുരുഷ വിധേയത്വത്തിന് വഴങ്ങിക്കൊടുക്കുന്ന സ്ത്രീ സമൂഹം മാറേണ്ടതുണ്ട്. സിനിമയുടെ സെറ്റുകൾ സിനിമാബാഹ്യമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഇടമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും ഈ അവസ്ഥ മാറേണ്ടതുണ്ടെന്നും കമൽ പറഞ്ഞു.
ചെലവൂർ വേണു അധ്യക്ഷത വഹിച്ചു. വി.െക ജോസഫ് സ്വാഗതം ആശംസിച്ചു. സിസ്റ്റർ ജെസ്മി, പ്രിയനന്ദനൻ, പി.ടി കുഞ്ഞുമുഹമ്മദ്, അശോകൻ ചരുവിൽ, അനു പാപ്പച്ചൻ, കെ.കെ ഷാഹിന തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.