ജെ.സി.ബി പുരസ്കാരം തർജമയിൽ തുടരാനുള്ള പ്രചോദനമെന്ന് ഷെഹനാസ് ഹബീബ്
text_fieldsന്യൂഡൽഹി: ആദ്യമായി നടത്തിയ സാഹിത്യ പരിഭാഷക്കുതന്നെ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് ഷെഹനാസ് ഹബീബ്. ബെന്യാമിെൻറ നോവൽ -‘മുല്ലപ്പൂ നിറമുള്ള പകലുകൾ’, ‘ജാസ്മിൻ ഡെയ്സ്’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഷെഹനാസ് ഹബീബ് ആണ്. 25 ലക്ഷത്തിെൻറ ജെ.സി.ബി സാഹിത്യ പുരസ്കാരം ലഭിച്ചത് ഇൗ നോവലിനാണ്. ഇതോടൊപ്പമുള്ള ‘അൽ അറേബ്യൻ നോവൽ ഫാക്ടറി’ എന്ന പുസ്തകവും അവർ മൊഴിമാറ്റിയിട്ടുണ്ട്. അഞ്ചുലക്ഷമാണ് മൊഴിമാറ്റം നടത്തിയ ആൾക്കുള്ള സമ്മാനത്തുക.
എഴുത്തുകാരികൂടിയായ ഷെഹനാസ് ഒാൺലൈൻ മാധ്യമമായ ‘സ്ക്രോളു’മായി സംസാരിച്ചതിലെ പ്രസക്തഭാഗങ്ങൾ:
പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. ബെന്യാമിന്അർഹിക്കുന്ന അംഗീകാരമാണിത്. തർജമ രംഗത്ത് തുടരാനുള്ള ആത്മവിശ്വാസവും ഇത് നൽകുന്നുണ്ട്. ഇൗ നോവലിലെ കേന്ദ്ര കഥാപാത്രം ഏറെ അദ്ഭുതപ്പെടുത്തിയ വ്യക്തിയാണ്. പശ്ചിമേഷ്യയിലെ ഒരു പേരില്ലാ നഗരത്തിലാണ് കഥ വികസിക്കുന്നത്. മിക്ക മലയാളികളെയും പോലെ എനിക്കും ഗൾഫിൽ ബന്ധുക്കളുണ്ട്. അവരുടെ ജീവിതം എങ്ങനെയാണെന്നറിയാൻ താൽപര്യപ്പെട്ടിരുന്നു.
വിവിധ പ്രവാസി സമൂഹങ്ങൾ എങ്ങനെയാണ് ഇടപഴകിയതെന്ന് അറിയാൻ ആഗ്രഹിച്ചിരുന്നു. അമേരിക്കയിലെ പ്രവാസത്തെക്കുറിച്ച് ധാരാളം കൃതികളുണ്ടായിട്ടുണ്ട്. എന്നാൽ, മറ്റു പ്രവാസങ്ങളെക്കുറിച്ച് അധികമൊന്നും ആരും എഴുതിയിട്ടില്ല. മലയാളത്തിൽ പല ആശയങ്ങൾ ദീർഘമായ ഒരു വാചകത്തിൽ ഉൾപ്പെടുത്താം. എന്നാൽ, ഇംഗ്ലീഷിൽ ഇത് സുഖകരമാകില്ല. പക്ഷേ, കൂടുതൽ വാക്കുകൾ ഉൾപ്പെടുത്താനുള്ള സാധ്യത ഇംഗ്ലീഷ് തരുന്നുണ്ട്. ഇപ്പോൾ സ്വന്തമായി ഒരു നോവൽ എഴുതുകയാണ്. അഗത ക്രിസ്റ്റിയുെട ‘മർഡർ ഇൻ മെസപ്പൊേട്ടമിയ’ എന്ന കൃതിയിൽ ഒരു ഇന്ത്യക്കാരനുണ്ട്. അയാളെ ചുറ്റിപ്പറ്റിയാണ് ഇൗ നോവൽ.
യു.എന്നിൽ കൺസൾട്ടൻറും ബെ പാത്ത് സർവകലാശാല, ദ ന്യൂ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയുമായ ഷെഹനാസ് ഹബീബ് യു.എസിലാണ് താമസം. മഹാത്മ ഗാന്ധി സർവകലാശാല, ഡൽഹി സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എഴുത്തുകാരിയും പ്രമുഖ പത്രങ്ങളിൽ കോളമിസ്റ്റുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.