സിബി മാത്യൂസ് പൊങ്ങച്ചം പറഞ്ഞോട്ടെ, പക്ഷെ സൂര്യനെല്ലി പെൺകുട്ടിയെ അപമാനിക്കുന്നതെന്തിന്?
text_fieldsതിരുവനന്തപുരം: മുൻ ഡി.ജി.പി സിബി മാത്യൂസിന്‍റെ നിർഭയം എന്ന പുസ്തകത്തിലൂടെ അദ്ദേഹം നടത്തുന്ന വെളിപ്പെടുത്തലുകൾ സൂര്യനെല്ലി പെൺകുട്ടിയെ വീണ്ടും അപഹസിക്കാനാണെന്ന് ആക്ഷേപം. കേരളചരിത്രത്തിലെ ഏറ്റവും നീചമായ ഒരു പെൺവേട്ടയിലെ ഇരയെക്കുറിച്ച് സിബി മാത്യൂസ് നടത്തിയ പരമാർശങ്ങൾ ആ പാവത്തിനെ ഒരിക്കൽ കൂടെ ബലാത്സംഗം ചെയ്യുന്നതാണെന്നാണ് ഇടതുപക്ഷ സഹയാത്രികയും അധ്യാപികയുമായ സുജ സൂസൻ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
സൂര്യനെല്ലി കേസ് ഇനിയും തീർന്നിട്ടില്ല. പക്ഷേ, സ്വയം പുകഴ്ത്തലിനും പി.ജെ കുര്യനെ രക്ഷിച്ചെടുക്കാനും വേണ്ടി വലിയ മനുഷ്യാവകാശ ലംഘനമാണ് ഈ മുൻപൊലീസുകാരൻ ചെയ്തിരിക്കുന്നത്. ഒരു ലൈംഗിക പീഡന കേസിലെ ഇരയെ വീണ്ടും അപമാനിക്കരുതെന്ന ഇന്ത്യയിലും ലോകമാകെയും നിലനിൽക്കുന്ന കീഴ്വഴക്കവും നിയമവുമാണ് സിബി മാത്യൂസ് ലംഘിച്ചിരിക്കുന്നത്. സിബി മാത്യൂസിനെതിരെ ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത് എന്നും ഫേസ്ബുക്ക് പോസ്റ്റിൽ അവർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
അടുത്തൂണാകുമ്പോൾ ഉദ്യോഗത്തിലിരുന്നപ്പോഴുള്ള വീരകഥകൾ പറഞ്ഞ് ഞെളിയുക പലരുടെയും ഒരു വിനോദമാണ്. 'ഞാനൊരു വെടിയാലൊരു നരിയെ' എന്ന മട്ടിലായിരിക്കും ഈ വീരസ്യങ്ങളൊക്കെ. അൽപം വിവാദം കൂടെ സംഘടിപ്പിക്കാനായാൽ പത്തു പുസ്തകം കൂടുതല്‍ വിൽക്കാം. കൂടെയുണ്ടായിരുന്നവരെ കുറ്റം പറയാനാണ് പരദൂഷണ സ്വാഭാവമുള്ള ഇത്തരം ആത്മപ്രശംസകൾ കൂടുതലും ശ്രമിക്കുന്നത്.
പക്ഷേ, പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തെ ഈ അടുത്തൂൺ വിനോദം ബാധിക്കുമ്പോൾ അതൊരു ഗൗരവമുള്ള പ്രശ്നമാണ്.
അടുത്തൂണായ പോലീസ് ഓഫീസര്‍ സിബി മാത്യൂസും നിർഭയം എന്നു പേരിട്ട പുസ്തകത്തിൽ ഇതു തന്നെയാണ് ചെയ്യുന്നത്. സൂര്യനെല്ലി പെൺകുട്ടി എന്നു വിളിക്കപ്പെടുന്ന സ്ത്രീയെക്കുറിച്ച്, കേരളചരിത്രത്തിലെ ഏറ്റവും നീചമായ ഒരു പെൺവേട്ടയിലെ ഇരയെക്കുറിച്ച് ഇദ്ദേഹം നടത്തുന്ന ഉദീരണങ്ങൾ ആ പാവത്തിനെ ഒരിക്കൽ കൂടെ ബലാത്സംഗം ചെയ്യുന്നതായി.
അപമാനിതരായി, ഒറ്റപ്പെട്ട്, കള്ളക്കേസിൽ കുടുക്കപ്പെട്ട് ഈ കുടുംബം കഴിഞ്ഞ പത്തൊമ്പത് വർഷം എങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് ഇന്ന് കേരളത്തിനറിയാം. പതിനെട്ടു വർഷത്തിനു ശേഷം കുറേ പ്രതികളെങ്കിലും ശിക്ഷിക്കപ്പെട്ടപ്പോഴാണ് ഈ കുടുംബത്തിന് അൽപമെങ്കിലും നീതി കിട്ടിയത്. കേരളസമൂഹവും ഈ കുട്ടിയോടും കുടുംബത്തോടും കനിവ് കാട്ടിത്തുടങ്ങി.
സിബി മാത്യൂസിൻറെ പൊങ്ങച്ച പ്രഘോഷണങ്ങൾ അതെല്ലാം തകർത്തിരിക്കുന്നു. നിറം പിടിപ്പിച്ചതും ഊഹാപോഹങ്ങൾ നിറഞ്ഞതുമായ ആക്ഷേപിക്കൽ ഈ കുടുംബത്തെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ജോലി സ്ഥലത്തും പൊതു സ്ഥലത്തും അവൾ വീണ്ടും അപഹസിക്കപ്പെടുന്നു.
ഈ കേസ് ഇനിയും തീർന്നിട്ടില്ലെന്ന് നിങ്ങളോർക്കണം. പക്ഷേ, സ്വയം പുകഴ്ത്തലിനും പി ജെ കുര്യനെ രക്ഷിച്ചെടുക്കാനും വേണ്ടി വലിയമനുഷ്യാവകാശ ലംഘനമാണ് ഈ മുൻപോലീസുകാരൻ ചെയ്തിരിക്കുന്നത്. ഒരു ലൈംഗിക പീഡന കേസിലെ ഇരയെ ഇങ്ങനെ വീണ്ടും അപമാനിക്കരുത് എന്ന് ഇന്ത്യയിലും ലോകമാകെയും നിലനില്ക്കുന്ന കീഴ്വഴക്കവും നിയമവുമാണ് സിബി മാത്യൂസ് ലംഘിച്ചിരിക്കുന്നത്.
സിബി മാത്യൂസിനെതിരെ ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്. ഈ പെൺകുട്ടിയെ ചുറ്റും കൂടി വീണ്ടും പരിഹസിക്കുന്ന സഹപ്രവർത്തകർകരോടും ചുറ്റുപാടുമുള്ളവരോടും കൂടെ ഒരു വാക്ക്. നിങ്ങൾ ചെയ്യുന്നത് അക്രമവും ജോലിസ്ഥലത്തെ ലൈംഗിക പീഡനവുമാണ്. ഇത് നിറുത്തിയില്ലെങ്കിൽ നിങ്ങൾക്കെതിരെയും നടപടി എടുക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.