സിബി മാത്യൂസിനെതിരെ സൂര്യനെല്ലി പെൺകുട്ടി പരാതി നൽകി
text_fieldsതിരുവനന്തപുരം: മുന്‍ ഡി.ജി.പി. സിബി മാത്യൂസിന്‍റെ പേരില്‍ സൂര്യനെല്ലി പെണ്‍കുട്ടി മുഖ്യമന്ത്രിക്കും വനിതാകമ്മിഷനും പരാതി നല്‍കി. 'നിര്‍ഭയം' എന്ന പേരില്‍ പുറത്തിറങ്ങിയ സിബി മാത്യൂസിന്‍റെ പുസ്തകത്തിൽ തന്നെക്കുറിച്ച് അപകീർത്തികരമായ പരാമര്‍ശം നടത്തി എന്നാണ് പെൺകുട്ടിയുടെ പരാതി. പരാതി ലഭിച്ചുവെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ മേല്‍നടപടികള്‍ തുടങ്ങിയെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ ഡയറക്ടര്‍ കെ.യു. കുര്യാക്കോസ് അറിയിച്ചു.
21 വര്‍ഷം മുമ്പുനടന്ന സംഭവത്തില്‍ ഇരയായ തന്നെയും കുടുംബത്തെയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് പുസ്തകത്തിലൂടെ പൊതുസമൂഹത്തിന് മുന്നില്‍ അവഹേളിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിലാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇതുമൂലം ജോലിചെയ്യുന്ന സ്ഥാപനത്തിലും അപമാനിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും പരാതിയില്‍പറയുന്നു.
അനുഭവക്കുറിപ്പിലെ 'സൂര്യനെല്ലിക്കേസ്' എന്ന് പേരിട്ടിരിക്കുന്ന അധ്യായത്തിലെ പരമാർശങ്ങളാണ് പരാതിക്ക് അടിസ്ഥാനം. പെൺകുട്ടിയുടെ മൊഴി പലപ്പോഴും വാസ്തവിരുദ്ധമായി തനിക്ക് തോന്നിയിരുന്നു എന്ന് അതിൽ സിബി മാത്യൂസ് എഴുതുന്നുണ്ട്. പലപ്പോഴും കഥകളുണ്ടാക്കി വഴിമാറിപ്പോകാൻ പെണ്‍കുട്ടി ശ്രമിച്ചിരുന്നു. അരുൺ എന്ന ഇല്ലാത്ത ഒരാളെക്കുറിച്ച് പെൺകുട്ടി പറയാൻ ശ്രമിച്ചു. അതെന്തിനെന്ന് തനിക്കിപ്പോഴും മനസ്സിലായിട്ടില്ല എന്നും പറയുന്നു സിബി മാത്യൂസ്.
കോൺഗ്രസ് നേതാവ് പി.ജെ. കുര്യനെ ഈ കേസിൽ മനപൂർവം ഉൾപ്പെടുത്തിയാണോ എന്ന് സംശയിക്കാവുന്ന ചില പരാമർശങ്ങൾ സിബി മാത്യൂസ് നടത്തിയിട്ടുണ്ട്. ആദ്യം കുര്യന്‍റെ പേര് പറയാതിരുന്ന പെണ്‍കുട്ടി രാഷ്ട്രീയ സമ്മർദ്ദം കൊണ്ടാണ് കുര്യന്‍റെ പേരു പറഞ്ഞതെന്ന രീതിയിലാണ് വ്യാഖ്യാനം. കുര്യനോട് സാമ്യമുള്ള മറ്റൊരാളെ കുര്യനാണെന്ന് തെറ്റിദ്ധരിച്ചതാകാനുള്ള സാധ്യതയുണ്ടെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ഇതെല്ലാമാണ് പരാതിക്ക് അടിസ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.