പ്രതിരോധം തീർക്കാൻ വായന വേണം
text_fieldsഗുരുവായൂര്: ഭയപ്പെടേണ്ട രീതിയിൽ മനുഷ്യത്വം ഇല്ലാതാകുന്ന കാലത്ത് പ്രതിരോധം തീർക്കാൻ വായന അത്യന്താപേക്ഷിതമാണെന്ന് സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ. വായിക്കേണ്ടത് നല്ല മനുഷ്യനാകാനാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ സാഹിത്യ സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാമകൃഷ്ണൻ. പാഠപുസ്തകത്തിൽ ഒതുങ്ങിയാൽ പോരെന്നും പഠിക്കുന്ന വിഷയത്തിൽ ഏറ്റവും പുതിയ അറിവുകൾ ആർജിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം. രതി അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ കാക്കശേരി, പ്രിൻസിപ്പൽ കെ.എസ്. ഷൈലജ, പ്രധാനാധ്യാപിക കെ.എസ്. രാധ, ടി. നിരാമയൻ, രാമചന്ദ്രൻ പല്ലത്ത്, വി.പി. അംബിക, വേണു പാഴൂർ എന്നിവർ സംസാരിച്ചു. വിവിധ ക്ലബുകളുടെ ഉദ്ഘാടനവും വിദ്യാർഥികൾ തയ്യാറാക്കിയ കൈയെഴുത്തുമാസിക പ്രകാശനവും നടന്നു. വിദ്യാർഥികൾ ജന്മദിന പുസ്തകം സമ്മാനിക്കുന്നതിനും തുടക്കമായി. വായന പക്ഷാചരണ ഭാഗമായി നടത്തിയ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി.
പരിഭവം പറഞ്ഞ് ജയദേവൻ എം.പി
പ്രീഡിഗ്രി പഠിച്ച വിദ്യാലയത്തിലേക്ക് ക്ഷണിക്കാൻ വൈകിയതിൽ പരിഭവം പറഞ്ഞ് സി.എൻ. ജയദേവൻ എം.പി. ശ്രീകൃഷ്ണ സ്കൂളിലെ സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് എം.പി പരിഭവം തുറന്നുപറഞ്ഞത്. ജയദേവൻ ശ്രീകൃഷ്ണ കോളജിലാണ് പ്രീഡിഗ്രി പഠിച്ചിരുന്നത്. സ്കൂൾ പഠനം കഴിഞ്ഞ് കോളജ് വിദ്യാർഥിയായതിെൻറ ഗൃഹാതുര സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ഇടമാണ് ശ്രീകൃഷ്ണ സ്കൂളെന്ന് എം.പി പറഞ്ഞു. അന്ന് ഇപ്പോഴത്തെ സ്കൂൾ വളപ്പിലായിരുന്നു കോളജ്. കോളജ് വളപ്പിൽ ദേവസ്വത്തിെൻറ ആനകളെ കെട്ടിയിരുന്നു. ഗുരുവായൂർ കേശവനെയും പെരുച്ചാഴി എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന രവീന്ദ്രനെന്ന കൊമ്പനെയും പ്രകോപിപ്പിക്കാൻ നടത്തിയ വികൃതികളും എം.പി അനുസ്മരിച്ചു. എം.പിയായി നാല് വർഷത്തിനിടെ പല സ്കൂളിലും പോയെങ്കിലും ഒരിക്കൽപോലും പഴയ പ്രീഡിഗ്രി കാമ്പസിലെ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്ന വിഷമം ഉണ്ടായിരുന്നു. പലപ്പോഴും സ്കൂളിലെ പ്രധാനാധ്യാപികയോട് ഇക്കാര്യം പറഞ്ഞിരുന്നു.
ഒടുവിൽ വായന ദിനവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാനായതിലെ സന്തോഷവും തുറന്നുപറഞ്ഞു. സന്തോഷം വാക്കിലൊതുക്കാതെ സ്കൂളിലെ കമ്പ്യൂട്ടർ ലാബിന് തെൻറ ഫണ്ടിൽ നിന്ന് സഹായവും വാഗ്ദാനം ചെയ്താണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.