പ്രളയം: കവിതയെഴുതിയ തമിഴ് എഴുത്തുകാരൻ മനുഷ്യപുത്രനെതിരെ സംഘ്പരിവാർ
text_fieldsചെന്നൈ: തമിഴ് എഴുത്തുകാരനും ഡി.എം.കെ അനുഭാവിയുമായ മനുഷ്യപുത്രനെതിരെ സംഘ്പരിവാർ കേന്ദ്രങ്ങൾ ഭീഷണിയുമായി രംഗത്ത്. കേരളത്തിലെ പ്രളയത്തിെൻറ പശ്ചാത്തലത്തിലാണ് ‘ഉൗളിയിൻ നടനം’ പേരിലുള്ള കവിത മനുഷ്യപുത്രൻ തെൻറ ഫേസ്ബുക് പേജിൽ ഇട്ടത്. ‘ദേവി’ എന്ന കഥാപാത്രമാണ് ഇതിലെ കേന്ദ്രബിന്ദു. പ്രകൃതിക്ഷോഭം, ശബരിമല പ്രവേശനം തുടങ്ങിയ വിഷയങ്ങൾ പരാമർശിക്കുന്ന കവിത ഹൈന്ദവ സംസ്കാരത്തെയും സ്ത്രീകളെയും അവഹേളിക്കുന്നതായി ആരോപിച്ചാണ് പ്രതിഷേധമുയർന്നത്.
സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിൽ മനുഷ്യപുത്രനെതിരെ പരാതികൾ നൽകണമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ അണികളോട് ആഹ്വാനംചെയ്തു. മുസ്ലിമായ മനുഷ്യപുത്രൻ ഹിന്ദുമതത്തെ അവഹേളിക്കുകയാണ്. മനുഷ്യപുത്രനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രാജ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. മനുഷ്യപുത്രെൻറ ടെലിഫോൺ നമ്പറുകളും രാജ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ മനുഷ്യപുത്രനെ ഫോണിൽവിളിച്ച് നിരവധി പേർ വധഭീഷണി മുഴക്കി. കവിത പിൻവലിച്ച് മാപ്പു പറയണമെന്നും ആവശ്യമുയർന്നു.
തുടർന്ന് മനുഷ്യപുത്രൻ ചെന്നൈ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. അക്രമത്തിന് ആഹ്വാനംചെയ്ത എച്ച്.രാജക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകാനുള്ള നീക്കമാണ് പ്രകൃതിക്ഷോഭത്തിന് കാരണമായതെന്ന സംഘ്പരിവാർ കേന്ദ്രങ്ങളുടെ പ്രചാരണത്തെ ചോദ്യംചെയ്യുന്നതാണ് തെൻറ കവിതയിലെ ഇതിവൃത്തമെന്ന് മനുഷ്യപുത്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.