‘തോട്ടിയുടെ മകന്’ 70 വയസ്സ്
text_fieldsആലപ്പുഴ: പുരോഗമനസാഹിത്യത്തിെൻറ ശക്തിസൗന്ദര്യം ‘തോട്ടിയുടെ മകനി’ലൂടെ മലയാളം അനുഭവിക്കാൻ തുടങ്ങിയിട്ട് ഏഴു പതിറ്റാണ്ട്. തകഴി ശിവശങ്കരപ്പിള്ള തെൻറ യഥാർഥ ആഖ്യാനശൈലിയിലൂടെ വായനക്കാരെൻറ മനസ്സുകളിലേക്ക് കടത്തിവിട്ട കീഴാളെൻറ ദൈന്യതയാർന്ന മുഖം ഇന്നും നടുക്കുന്ന ചിന്തതന്നെ. 1940കളിലെ ആലപ്പുഴയിലെ നരകതുല്യമായ തോട്ടികളുടെ ജീവിതം തകഴി നോവലാക്കിയത് 1947ലാണ്. 70 വർഷം കഴിഞ്ഞിട്ടും ജീവസ്സുറ്റ കഥാപാത്രങ്ങളും അവരിലൂടെ തകഴി നൽകിയ സന്ദേശവും ഇന്നും തിളക്കംമങ്ങാതെ നിൽക്കുന്നു.
രാജ്യം സ്വാതന്ത്ര്യത്തിെൻറ കാഹളമുയർത്തിയ കാലം. കമ്യൂണിസ്റ്റ് പ്രസ്ഥാനം ആലപ്പുഴയിൽ വളർച്ചയുടെ വഴികൾ തേടുന്ന നാളുകൾ. ഇൗ സമയത്താണ് ആലപ്പുഴ നഗരം മനുഷ്യവിസർജ്യം ചുമക്കുന്ന മനുഷ്യരുടെ നാടായത്. അതാണ് കഥാകാരനെ ഞെട്ടിക്കുകയും മൂന്നു തലമുറകളിലൂടെ അവർ അനുഭവിക്കുന്ന ദുരന്തം ആഖ്യാനം ചെയ്യപ്പെടാൻ ഇടയാക്കിയതും.
തകഴിക്കുമുമ്പ് തോട്ടി എന്നപേരിൽ നാഗവള്ളി ആർ.എസ്. കുറുപ്പ് ഇൗ പ്രമേയം നോവലാക്കിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. നഗരത്തിലെ മനുഷ്യവിസർജ്യം വാരി വൃത്തിയാക്കുന്ന ഇശുക്കുമുത്തു, മകൻ ചുടലമുത്തു, ചുടലമുത്തുവിെൻറ മകൻ മോഹനൻ എന്നിവരിലൂടെ വികാസസമാപ്തി കുറിക്കുന്ന നോവൽ ഇന്നത്തെ തലമുറക്ക് അവിശ്വസനീയമായ പ്രമേയമായി തോന്നാം. സമൂഹം അറപ്പോടെയും വെറുപ്പോടെയും കണ്ട ജനതയുടെ അവകാശനിഷേധത്തിെൻറ കഥപറയുേമ്പാൾ തകഴി ആലപ്പുഴയുടെ പരിസരപ്രദേശങ്ങളും അവിടത്തെ ജന്മിത്വത്തിെൻറ അടിവേരുകളുമാണ് ചികഞ്ഞെടുത്തത്.
തോട്ടിപ്പണി ചെയ്യാൻ ആവേശം കാട്ടിയ ഇശക്കുമുത്തുവും നല്ലരീതിയിൽ ജീവിക്കണമെന്ന് ആഗ്രഹിക്കുേമ്പാഴും പണിയിൽ പതിരുകാണാത്ത മകൻ ചുടലമുത്തുവും തോട്ടിപ്പണി കാലത്തിെൻറ പഴയമുഖമായി നിൽക്കുന്നു. എന്നാൽ, മകൻ മോഹനനെ തോട്ടിപ്പണിക്കാരനാക്കരുതെന്ന് ചുടലമുത്തു ആഗ്രഹിച്ചെങ്കിലും സമൂഹം അവനെ അതിലേക്കുതന്നെ എത്തിച്ചു. പിതാവിനെ പോലെ ബക്കറ്റും മമ്മട്ടിയുമായി അവൻ കക്കൂസുകൾ കയറിയിറങ്ങി. എന്നാൽ, മനസ്സിൽ വിപ്ലവാഗ്നി ജ്വലിക്കുന്ന പുതിയ തലമുറയുടെ പ്രതിനിധിയായി മോഹനൻ മാറുകയാണ്.
‘തോട്ടിയുടെ മകൻ’ പുറത്തിറങ്ങിയതോടെ തോട്ടിപ്പണിക്ക് എതിരായ വികാരവും സമൂഹത്തിൽ ഉയർന്നുവന്നു. പിന്നീട് പ്രാകൃതമായ ആ ജോലി നിരോധിക്കാൻ സർക്കാർ തയാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.